ന്യൂഡൽഹി:രാഷ്ട്രീയത്തിന്റെ അതിപ്രസരം കാരണം കേരളത്തിന്റെ ദേശീയപാത വികസനത്തിൽ വന്ന വിഘ്‌നം മാറുന്നു. ദേശീയപാത വികസനത്തിൽ കേരളത്തെ ഒന്നാം മുൻഗണനാപട്ടികയിൽ നിന്ന് ഒഴിവാക്കിയും കാസർകോട് ഒഴികെയുള്ള ജില്ലകളിലെ സ്ഥലമെടുപ്പ് നിറുത്താൻ ആവശ്യപ്പെട്ടും ദേശീയപാത അതോറിട്ടി ഇറക്കിയ ഉത്തരവ് കേന്ദ്രസർക്കാർ റദ്ദാക്കി.
കേരളം രൂക്ഷമായി പ്രതികരിക്കുകയും മുഖ്യമന്ത്രി ബി.ജെ.പിയെ പ്രതിക്കൂട്ടിൽ നിറുത്തുകയും ചെയ്തതോടെയാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഇടപെട്ട് തീരുമാനം തിരുത്തിയത്. ഗഡ്കരിയുമായി മുഖ്യമന്ത്രി ഫോണിൽ സംസാരിക്കുകയും മന്ത്രി ജി. സുധാകരൻ കത്തയയ്ക്കുകയും ചെയ്തിരുന്നു.
കേരളത്തെ മുൻഗണനാപട്ടികയിൽ തന്നെ നിലനിറുത്തുമെന്നും പുതിയ ഉത്തരവ് ഉടനിറങ്ങുമെന്നും ഗഡ്കരി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം നിവേദനം നൽകിയതിനാലാണ് താൻ ഇടപെട്ടതെന്നും കേരളത്തോട് വിവേചനമില്ലെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് കേരളത്തെ മുൻഗണനാപട്ടികയിൽ നിന്ന് ഒഴിവാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും ആരോപിച്ചതോടെ സംസ്ഥാന ബി.ജെ.പി പ്രതിരോധത്തിലായതും തീരുമാനം തിരുത്താൻ ഇടയാക്കി.
വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന ദേശീയപാത - 66 വികസനം 2021നകം പൂർത്തിയാക്കാൻ ഭൂമിയേറ്റെടുക്കലുമായി സർക്കാർ മുന്നോട്ടുപോകുമ്പോഴാണ് കേരളത്തെ മുൻഗണനാപട്ടികയിൽ നിന്ന് മാറ്റിയത്. ഇതോടെ രണ്ട് വർഷത്തേക്ക് നടപടികൾ നിലയ്ക്കുമെന്ന ആശങ്ക ശക്തമായിരുന്നു.
എന്താണ് പദ്ധതി
കേരളത്തിലെ ദേശീയപാത 66 നാലുവരിയാക്കുക.
പഴയ എൻ.എച്ച് 17, എൻ.എച്ച് 47ന്റെ ഇടപ്പള്ളി മുതൽ തെക്കോട്ടുള്ള
ഭാഗം എന്നിവ ചേർന്നതാണ് എൻ.എച്ച് 66
സ്ഥലമെടുപ്പ്
വടക്കൻ ജില്ലകളിൽ 80 ശതമാനവും തെക്കൻ ജില്ലകളിൽ
60 ശതമാനവും പൂർത്തിയായി.
ആകെ 1111 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്.
യഥാർത്ഥ തടസം
കേന്ദ്രസർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ്
യഥാർത്ഥ വില്ലൻ. ഇതുകാരണമാണ് കേരളം ഉൾപ്പെടെയുള്ള
പല സംസ്ഥാനങ്ങളിലെയും ദേശീയപാത വികസനം നിറുത്തിവയ്പിച്ചത് എന്നറിയുന്നു. സ്ഥലമെടുപ്പ് പൂർത്തിയായാൽ 25,000 കോടി രൂപ വരെ കേന്ദ്രം കേരളത്തിന് നൽകേണ്ടി വരും
മുടങ്ങില്ല:കണ്ണന്താനം
ദേശീയപാത വികസനം മുടങ്ങില്ലെന്നും നിശ്ചയിച്ചതു പോലെ നടക്കുമെന്നും കേരളത്തിന് ബുദ്ധിമുട്ടുണ്ടാകില്ലെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകിയതായി കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം വാർത്താസമ്മേളനത്തിൽ പറഞ്ഞു. അദ്ദേഹവുമായി ഇന്നലെ രാവിലെ കൂടിക്കാഴ്ച നടത്തി.
കേരളം ആരോപിക്കുന്നതുപോലെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനമായതുകൊണ്ടല്ല മുൻഗണനാപട്ടികയിൽ നിന്ന് മാറ്റിയത്. ഫണ്ട് പരിമിതമായതുകൊണ്ടാണ് വീണ്ടും മുൻഗണനാപട്ടിക തയ്യാറാക്കേണ്ടിവന്നത്. ബി.ജെ.പി അദ്ധ്യക്ഷൻ ശ്രീധരൻപിള്ളയുടെ കത്തുമായി ഇതിന് യാതൊരു ബന്ധവുമില്ല.