ന്യൂഡൽഹി: ബ്രിട്ടീഷ് പൗരത്വം നേടിയെന്ന പരാതിയിൽ തീർപ്പുണ്ടാകും വരെ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിലക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. ഏതെങ്കിലും ഒരു കമ്പനി രാഹുൽ ബ്രിട്ടീഷ് പൗരനെന്ന് എഴുതിയാൽ അങ്ങനെയാകുമോയെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ഡൽഹി സ്വദേശികളായ ജയ് ഭഗവാൻ ഗോയൽ, ചന്ദർ പ്രകാശ് എന്നിവരാണ് ഹർജിക്കാർ. രാഹുൽ ഡയറക്ടറായ ബാക്കോപ്സ് ലിമിറ്റഡ് കമ്പനി ഇംഗ്ലണ്ടിലെ കമ്പനി രജിസ്ട്രാർക്ക് നൽകിയ രേഖകളിൽ രാഹുൽ ബ്രിട്ടീഷ് പൗരത്വം നേടിയെന്നത് വ്യക്തമാണെന്നാണ് ആരോപണം. ബ്രിട്ടീഷ് പൗരത്വം നേടിയതിനാൽ രാഹുലിന്റെ ഇന്ത്യൻ പൗരത്വം റദ്ദാകും. അതിനാൽ ലോക്‌സഭയിലേക്ക് മത്സരിക്കുന്നത് വിലക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. വിദേശപൗരത്വം സംബന്ധിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ പരാതിയിൽ ആഭ്യന്തരമന്ത്രാലയം രാഹുൽ ഗാന്ധിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
രാഹുലിന്റെ പൗരത്വം സംബന്ധിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകൻ എം.എൽ. ശർമ്മ നൽകിയ ഹർജി 2015ൽ സുപ്രീംകോടതി തള്ളിയിരുന്നു.