ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച ആരോപണത്തെ തുടർന്ന് തടഞ്ഞുവച്ച 2017ലെ എസ്.എസ്.സി കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷാഫലം പ്രസിദ്ധീകരിക്കാൻ സുപ്രീംകോടതിയുടെ അനുമതി. ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, എൻ.വി രമണ എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി. വ്യാപകമായി ചോദ്യപേപ്പറുകൾ ചോർത്തിയെന്ന ആരോപണമുയർന്നതോടെ സുപ്രീംകോടതി ഫലം പ്രസിദ്ധീകരിക്കുന്നത് സ്റ്റേ ചെയ്യുകയായിരുന്നു. പരീക്ഷാ ക്രമക്കേടുകളിൽ 2018 മാർച്ചിലാണ് സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തത്.
വിവിധ തസ്തികൾക്കുള്ള പ്രവേശന പരീക്ഷകൾ കുറ്റമറ്റതാക്കാൻ കോടതി ഏഴംഗ ഉന്നതാധികാര സമിതിയും രൂപീകരിച്ചിട്ടുണ്ട്. സുപ്രീംകോടതി മുൻ ജഡ്ജ് ജി.എസ്. സിംഗ്‌വിയാണ് അദ്ധ്യക്ഷൻ. ഇൻഫോസിസ് മുൻ ചെയർമാൻ നന്ദൻ നിലേകനി, ശാസ്ത്രജ്ഞൻ വിജയ് ഭട്കർ തുടങ്ങിയവരാണ് കമ്മിറ്റി അംഗങ്ങൾ.