rafale

ന്യൂഡൽഹി: റാഫേൽ കേസിൽ അനുകൂല വിധി നേടാനായി കേന്ദ്രസർക്കാർ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് പുനഃപരിശോധന ഹർജി നൽകിയ മുൻ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിൻഹ, അരുൺ ഷൂരി, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ എന്നിവർ സുപ്രീംകോടതിയിൽ സത്യവാങ്മൂലത്തിൽ പറഞ്ഞു. കേസിൽ മുഴുവൻ രേഖകളും കോടതിക്ക് മുന്നിൽ കേന്ദ്രം നൽകിയില്ല. പല പ്രധാന വിവരങ്ങളും മറച്ചുവച്ചു. മുദ്രവച്ച കവറിൽ കേന്ദ്രസർക്കാർ നൽകിയ രേഖകളിലൂടെ ബോധപൂർവം കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് വ്യക്തമാണെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞു.

അതേസമയം, കോടതിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും വ്യാജരേഖ സമർപ്പിച്ചിട്ടില്ലെന്നും വ്യക്തമാക്കി കേന്ദ്രസർക്കാരും സത്യവാങ്മൂലം നൽകി. റാഫേൽ പുനഃപരിശോധനാ ഹർജികളും രാഹുൽ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ ഹർജിയും ഇന്ന് ഉച്ചയ്ക്ക് ശേഷം ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. റാഫേലിൽ സ്വതന്ത്ര അന്വേഷണം തള്ളിയ ഡിസംബർ 14ലെ വിധിയിൽ ഗുരുതര പിഴവുകളുണ്ടെന്നും കോടതിയെ തെറ്റിദ്ധരിപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിവേണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയും പരിഗണനയിലുണ്ട്