ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയയ്‌ക്കുന്നതിനെതിരെ സ്ഫോടനത്തിലെ ഇരകളുടെ കുടുംബങ്ങൾ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. എല്ലാവിഷയങ്ങളും ഭരണഘടനാബെഞ്ച് നേരത്തെ പരിശോധിച്ചതാണെന്ന് വ്യക്തമാക്കിയാണ് ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ വിധി. ഇതോടെ രാജീവ് വധക്കേസിൽ ജീവപര്യന്തം അനുഭവിക്കുന്ന ഏഴ് പ്രതികളുടെ മോചനത്തിന് വഴിയൊരുങ്ങി. തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിതാണ് ഇക്കാര്യം തീരുമാനിക്കേണ്ടത്. പ്രതികളായ പേരറിവാളൻ, ശാന്തൻ, മുരുകൻ, നളിനി, ജയകുമാർ, റോബർട്ട് പയസ്, രവിചന്ദ്രൻ എന്നിവരാണ് ജയിലിൽ കഴിയുന്നത്.
കഴിഞ്ഞവർഷം പേരറിവാളന്റെ ദയാഹർജി ഗവർണർ പരിഗണിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. ഇരകളുടെ കേസ് സുപ്രീംകോടതിയിൽ നിൽക്കുന്നതിനാൽ തീരുമാനം വൈകുകയായിരുന്നു. പ്രധാനമന്ത്രിയെ പോലൊരാളെ വധിച്ചവരെ വെറുതെ വിടാനാകില്ലെന്ന കേന്ദ്രസർക്കാർ നിലപാടും കോടതി തള്ളിയിരുന്നു.
തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ 1991മേയ് 21ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൽ.ടി.ടി.ഇയുടെ ചാവേർ സ്ഫോടനത്തിലാണ് രാജീവ് കൊല്ലപ്പെട്ടത്. മറ്റ് 16പേർക്കും ജീവൻ നഷ്ടമായി. 41 പ്രതികളുണ്ടായിരുന്ന കേസിൽ 26 പേർക്കും ടാഡ കോടതി 1998ൽ വധശിക്ഷ വിധിച്ചു. 1999ൽ മുരുഗൻ, ശാന്തൻ, പേരറിവാളൻ, നളിനി എന്നിവരുടെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു. റോബർട്ട് പയസ്,ജയകുമാർ, രവിചന്ദ്രൻ എന്നിവരുടേത് ജീവപര്യന്തമായി കുറച്ചു. മറ്റ് 19 പേരെയും വെറുതെവിട്ടു.
2000ത്തിൽ സോണിയാ ഗാന്ധിയുടെ അപേക്ഷ പ്രകാരം നളിനിയുടെ വധശിക്ഷ ജീവപര്യന്തമാക്കി. മുരുഗൻ, ശാന്തൻ, പേരറിവാളൻ എന്നിവരുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകിയതോടെ സുപ്രീംകോടതി അവരുടെ ശിക്ഷയും ജീവപര്യന്തമാക്കി. 2014ൽ തമിഴ്‌നാട് സർക്കാർ എല്ലാ പ്രതികളെയും വിട്ടയയ്‌ക്കാൻ തീരുമാനിച്ചു. തുടർന്നാണ് ഇരകളുടെ കുടുംബം ശിക്ഷയിളവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. കഴിഞ്ഞവർഷം പ്രതികളെ മോചിപ്പിക്കാൻ തമിഴ്നാട് സർക്കാർ ഗവർണർക്ക് ശുപാർശ നൽകിയിരുന്നു.