bjp-candidate

രാജ്യം ആവേശത്തോടെയും ആദരവോടെയും ഓർമ്മിക്കുന്ന പേരാണ് നേതാജി സുബാഷ് ചന്ദ്രബോസ്. ബംഗാളികൾക്കാകട്ടെ, അതൊരു വികാരമാണ്. നേതാജിയുടെ സഹോദര പൗത്രൻ ചന്ദ്രകുമാർ ബോസിനെ തൃ‌ണമൂൽ നേതാവും മുഖ്യമന്ത്രിയുമായ മമതാ ബാനർജിയുടെ മുൻ തട്ടകമായ ദക്ഷിൺ കൊൽക്കത്താ മണ്ഡലം പിടിക്കാൻ ബി.ജെ.പി നിയോഗിച്ചതിനു കാരണം മറ്റൊന്നല്ല.

കൊൽക്കത്താ ഗരിയാഹാത്ത് റോഡിലെ 46-ാം ഫ്ളാറ്റിൽ ഒരുവട്ടം പ്രചാരണം കഴിഞ്ഞ് ബോസ് തിരിച്ചെത്തിയ നേരത്താണ് കാണാൻ ചെന്നത്. അർദ്ധസൈനിക വിഭാഗത്തിന്റെ സുരക്ഷാ പരിശോധനയ്‌ക്കു ശേഷം രണ്ടാംനിലയിലെത്തി. വാതിൽക്കൽ എതിരേറ്റത് മകൻ വിശാൽ. കേരളമെന്നു കേട്ടപ്പോൾ വിശാലിന്റെ മുഖത്ത് സന്തോഷം. പിന്നാലെ, ബോസിന്റെ ഭാര്യയും മലയാളിയുമായ ഉഷാ മേനോൻ നിറചിരിയോടെ പ്രത്യക്ഷയായി.

കൊൽക്കത്തയിൽ ജനിച്ചുവളർന്ന ഉഷാ മേനോൻ മാർക്കറ്റിംഗ് മേഖലയിലെ ജോലിക്കിടെയാണ് ചന്ദ്രകുമാർ ബോസുമായി പരിചയപ്പെട്ടതും ഒന്നിച്ചതും. ജീവിതംകൊണ്ട് ബംഗാളിയായെങ്കിലും മനസുകൊണ്ട് മലയാളിയാണെന്ന് ഉഷാ മേനോൻ പറഞ്ഞു. വിഷുവും ഓണവുമൊക്കെ കുടുംബമായി ആഘോഷിക്കും. അച്ഛന്റെ നാടായ ഇരിങ്ങാലക്കുടയിലും കൊടുങ്ങല്ലൂരിൽ, അമ്മയുടെ വീട്ടിലും പോകാറുണ്ട്. ഉഷയ്‌ക്കും മാദ്ധ്യമപ്രവർത്തകനായ വിശാലിനുമാണ് ബോസിന്റെ പ്രചാരണ പരിപാടികളുടെ ചുമതല.

അടുത്ത പ്രചാരണ പരിപാടിക്കിറങ്ങും മുമ്പ് സംസാരിക്കാനെത്തിയ ബോസ് ബംഗാളിലെ ബി.ജെ.പിയുടെ സാദ്ധ്യതകളും നരേന്ദ്രമോദിയെ പിന്തുണയ്‌ക്കാനുള്ള കാരണവും വിശദീകരിച്ചു. നരേന്ദ്രമോദിക്ക് സ്വാമി വിവേകാനന്ദന്റെയും നേതാജിയുടെയും പ്രവർത്തന രീതികളുമായി സാമ്യമുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. നേതാജിയുടെ സംഭാവനകൾ അംഗീകരിക്കാൻ തയ്യാറായ ആദ്യ പ്രധാനമന്ത്രിയാണ് അദ്ദേഹമെന്നും ചന്ദ്രകുമാർ കൃതജ്ഞതയോടെയും ബഹുമാനത്തോടെയും ഓർക്കുന്നു.

തൃ‌ണമൂലിന്റെ കോട്ടയായ കൊൽക്കത്താ ദക്ഷിണിൽ ബോസ് ഒഴികെ മൂന്നു സ്ഥാനാർത്ഥികളും വനിതകൾ. മാലാ റോയ് (തൃ‌ണമൂൽ), ഡോ. നന്ദിനി മുഖർജി (സി.പി.എം), മിതാ ചക്രബർത്തി (കോൺഗ്രസ്). പതിവായി തൃണ‌മൂൽ കോൺഗ്രസിനെ വിജയിപ്പിക്കുന്ന മണ്ഡലത്തിന്റെ അവസ്ഥ പരിതാപകരമാണെന്ന് ബോസ് പറഞ്ഞു. തൃ‌ണമൂലുകാരുടെ അക്രമരാഷ്‌ട്രീയം കാരണം ജനങ്ങൾക്ക് സ്വൈര്യമില്ല. ഈ ദുരവസ്ഥയ്‌ക്ക് മോചനവും മണ്ഡലത്തിന്റെ വികസനവും ആഗ്രഹിക്കുന്ന വോട്ടർമാർ തന്നെ ജയിപ്പിക്കുമെന്നും ബോസ് പറയുന്നു.

ബംഗാളി വോട്ടർമാർ നിർണായകമായ മെട്രോ നഗരഹൃദയത്തിലെ മണ്ഡലത്തിൽ, നഗരത്തിലെ ആദ്യ വനിതാ മേയർ ആയ മാലാ റോയിക്ക് മുൻതൂക്കമുണ്ട്. തൃ‌ണമൂൽ വിട്ട് കോൺഗ്രസിൽ ചേർന്ന മാല കഴിഞ്ഞ തവണ.മത്സരിച്ച് പരാജയപ്പെട്ടിരുന്നു. തിരിച്ചുവന്നപ്പോൾ മമത സ്ഥാനാർത്ഥിയാക്കി. ത‌ൃണമൂൽ വിരുദ്ധ തരംഗം മുതലെടുക്കാൻ തിരുവനന്തപുരം എംപി ശശി തരൂരിന്റെ ശുപാർശയിലാണ് ലണ്ടനിൽ നിന്നുള്ള കംപ്യൂട്ടർ എൻജിനീയർ ആയ മിതാ ചക്രബർത്തിയെ കോൺഗ്രസ് ഇറക്കിയത്. ഇവർക്ക് ശക്തയായ എതിരാളിയായി സി.പി.എമ്മിന്റെ നന്ദിനി മുഖർജിയും.

നേതാജിയുടെ മൂത്ത സഹോദരൻ ശരത്ചന്ദ്ര ബോസിന്റെ പൗത്രനായ ബോസ് 2016-ലാണ് ബി.ജെ.പിയിൽ ചേർന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ബബാനിപൂരിൽ മമതാ ബാനർജിക്കെതിരെ മത്സരിച്ചായിരുന്നു തുടക്കം. പിതാവ് അമിയ നാഥ് ബോസ് ഫോർവേഡ് ബ്ളോക്ക് സ്ഥാനാർത്ഥിയായി ആരംബാഗിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പിതാവിന്റെ പാർട്ടിയായ ഫോർവേഡ് ബ്ളോക്ക് നേതാജിയുടെ പ്രത്യയശാസ്‌ത്രത്തിൽ നിന്ന് വ്യതിചലിച്ച് സി.പി.എമ്മിന്റെ ബി ടീമായി മാറിയെന്ന് ബോസ് കുറ്റപ്പെടുത്തി.