ayodhya

ന്യൂഡൽഹി: രാമജന്മഭൂമി - ബാബ്റി മസ്ജിദ് ഭൂമി തർക്കം മദ്ധ്യസ്ഥതയിലൂടെ പരിഹരിക്കാൻ സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ സമിതിയുടെ കാലാവധി സുപ്രീംകോടതി ആഗസ്റ്റ് 15 വരെ നീട്ടി. മുൻ ജസ്റ്റിസ് ഫക്കീർ മുഹമ്മദ് ഇബ്രാഹിം ഖലീഫുള്ള ചെയർമാനായ സമിതിയുടെ മദ്ധ്യസ്ഥ ചർച്ചകളുടെ പുരോഗതി വിശദമാക്കുന്ന ഇടക്കാല റിപ്പോർട്ട് മേയ് ഏഴിന് ലഭിച്ചെന്ന് ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ച് അറിയിച്ചു. സമിതിക്ക് ശുഭാപ്തി വിശ്വാസമുണ്ട്. ചെയർമാൻ കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. അത് അനുവദിക്കുകയാണെന്നും ബെഞ്ച് വ്യക്തമാക്കി. മുദ്രവച്ച കവറിലെ റിപ്പോർട്ട് രഹസ്യമായി തന്നെ സൂക്ഷിക്കും. സമിതിയുടെ ആവശ്യത്തെ സുന്നി വഖഫ് ബോർഡ് അനുകൂലിച്ചപ്പോൾ മറ്റൊരു പ്രധാന കക്ഷിയായ രാംലല്ല എതിർത്തു. ജൂൺ അവസാനം വരെ മാത്രമേ കാലാവധി നീട്ടാവൂ എന്ന് രാംലല്ല നിർദ്ദേശിച്ചെങ്കിലും കോടതി അനുവദിച്ചില്ല.

മാർച്ച് ഏഴിനാണ് റിട്ട. ജസ്റ്റിസ് ഖലീഫുള്ള ചെയർമാനും ആത്മീയാചാര്യനും ആർട്ട് ഒഫ് ലിവിംഗ് സ്ഥാപകനുമായ ശ്രീ ശ്രീ രവിശങ്കർ, മുതിർന്ന അഭിഭാഷകനും പ്രശസ്ത മദ്ധ്യസ്ഥനുമായ ശ്രീറാം പഞ്ചു എന്നിവർ അംഗങ്ങളുമായ സമിതിയെ സുപ്രീംകോടതി നിയോഗിച്ചത്. അയോദ്ധ്യ അടങ്ങുന്ന ഫൈസാബാദിലായിരുന്നു സിറ്റിംഗ്. എട്ടാഴ്ചയാണ് കോടതി അന്ന് അനുവദിച്ചത്. രാംലല്ലയുൾപ്പെടെ പ്രധാന ഹിന്ദുകക്ഷികളും ഉത്തർപ്രദേശ് സർക്കാരും മദ്ധ്യസ്ഥതയെ എതിർത്തെങ്കിലും സുന്നി വഖഫ് ബോർഡ് അനുകൂലിച്ചിരുന്നു.
തർക്കമുള്ള 2.77 എക്കർ ഭൂമി സുന്നി വഖഫ് ബോർഡിനും നിർമോഹി അഖാഡയ്ക്കും രാംലല്ലയ്ക്കുമായി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതിയുടെ 2010ലെ വിധിക്കെതിരെയുള്ള 14 ഹർജികളാണ് സുപ്രീംകോടതിയിലുള്ളത്.