doctor

ന്യൂഡൽഹി: കേരളത്തിലെ സ്വകാര്യ അൺഎയ്ഡഡ് മെഡിക്കൽ കോളേജുകളിലെ എം.ബി.ബി.എസ് പ്രവേശനത്തിന് കേരളത്തിന് പുറത്ത് താമസിക്കുന്ന വിദ്യാർത്ഥികളുടെയും അപേക്ഷ സ്വീകരിക്കാൻ സുപ്രീംകോടതി എൻട്രൻസ് പരീക്ഷാ കമ്മിഷണർക്ക് നിർദ്ദേശം നൽകി. ഇതിനായി ഓൺലൈനിൽ അപേക്ഷിക്കാനുള്ള തീയതി മേയ് 20 വരെ നീട്ടാനും ജസ്റ്റിസ്‌മാരായ എസ്.എ. ബോബ്ഡെ, എസ്. അബ്ദുൾ നസീർ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള തീയതി മാർച്ച് 31ന് അവസാനിച്ചിരുന്നു.
കേരള സർക്കാരിന്റെ പ്രോസ്പെക്ടസിലെ 6.1 വ്യവസ്ഥ ( നേറ്റിവിറ്റി ) പ്രകാരം സംസ്ഥാനത്ത് സ്ഥിരതാമസമുള്ള വിദ്യാർത്ഥികൾക്ക് മാത്രമേ സ്വകാര്യ മെഡിക്കൽ കോളേജുകളിൽ അഡ്മിഷന് അപേക്ഷിക്കാനാവൂ. ഇത് ചോദ്യം ചെയ്ത് കേരള പ്രൈവറ്റ് മെഡിക്കൽ കോളേജ് മാനേജ്മെന്റ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. ഫലത്തിൽ പ്രൊസ്‌പെക്‌ടസിലെ ഈ വ്യവസ്ഥ കോടതി സ്റ്റേ ചെയ്‌തു. കേരളത്തിലെ വിദ്യാർത്ഥകളുടെ അവസരം നഷ്‌ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടി മാനേജ്മെന്റുകളുടെ ആവശ്യത്തെ സംസ്ഥാനം എതിർത്തു. കേസിൽ വിശദമായ വാദം ആഗസ്റ്റ് 20ന് കേൾക്കും.
നേറ്റിവിറ്റി ഉപാധി കാരണം കേരളത്തിന് പുറത്ത് താമസിക്കുന്ന കുട്ടികൾക്ക് അപേക്ഷിക്കാൻ കഴിയാത്തത് ഭരണഘടനാവിരുദ്ധമാണ്. രാജ്യത്തെ എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എല്ലാ പഠനശാഖകളിലും ഈ കേരള മോഡൽ നടപ്പാക്കിയാൽ ഉപരിപഠനം സ്വന്തം സംസ്ഥാനത്ത് മാത്രമായി ഒതുങ്ങുന്ന രീതിയിൽ ഇന്ത്യയിലെ വിദ്യാഭ്യാസ രംഗം പരസ്‌പര ശത്രുതയുള്ള ചെറു രാജ്യങ്ങൾ പോലെയാകുമെന്ന് മാനേജ്മെന്റുകളുടെ അഭിഭാഷകർ വാദിച്ചു.

സംസ്ഥാനത്ത് 18 സ്വകാര്യ മെഡിക്കൽ കോളേജുകളിലായി 2150 എം.ബി.ബി.എസ് സീറ്റുകളാണുള്ളത്. 5 ലക്ഷം മുതൽ 6 ലക്ഷം വരെയാണ് ഫീസ് റെഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ചിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇത് വളരെ കുറവാണ്. നേറ്റിവിറ്റി ഉപാധി ഇല്ലാതായാൽ രാജ്യത്തെ വിവിധയിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ കേരളത്തിലേക്ക് എത്തുമെന്നാണ് മാനേജ്മെന്റുകളുടെ പ്രതീക്ഷ. ആവശ്യമെങ്കിൽ കൂടുതൽ ഉത്തരവിനായി മാനേജ്മെന്റുകൾക്ക് അവധിക്കാല ബെഞ്ചിനെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

കൗൺസലിംഗ് തുടങ്ങും മുൻപ് ഇതര സംസ്ഥാനക്കാരായ കൂടുതൽ വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്‌താൽ അവർക്ക് അഡ്മിഷൻ നൽകണമെന്ന് ആവശ്യപ്പെട്ട് വെക്കേഷൻ ബെഞ്ചിനെ സമീപിക്കുമെന്ന് മാനേജ്മെന്റുകൾ അറിയിച്ചു. മെഡിക്കൽ കൗൺസിൽ തയ്യാറാക്കിയ ഷെഡ്യൂൾ പ്രകാരം ആദ്യ വട്ട കൗൺസലിംഗ് ജൂൺ 25 മുതൽ ജൂലായ് 5 വരെയാണ്.

കേരളത്തിൽ

18 സ്വകാര്യ മെഡി. കോളേജുകൾ

2150 എം.ബി.ബി.എസ് സീറ്റുകൾ

5 - 6 ലക്ഷം വരെ ഫീസ്