ന്യൂഡൽഹി: ചീഫ്ജസ്റ്റിസിനെതിരായ ലൈംഗിക പരാതി അന്വേഷിച്ച ആഭ്യന്തര സമിതിയിൽ റിട്ടയേർഡ് ജഡ്‌ജിമാരെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് താൻ സുപ്രീംകോടതി ജഡ്‌ജിമാർക്ക് കത്തെഴുതിയതായി അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ സമ്മതിച്ചു. അതേസമയം ഇക്കാര്യത്തിൽ കേന്ദ്രസർക്കാരുമായി ഭിന്നതയുണ്ടെന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചു.
ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയിക്കെതിരായ ലൈംഗിക ആരോപണ വിഷയത്തിൽ മോദി സർക്കാരുമായുള്ള ഭിന്നതയെ തുടർന്ന് വേണുഗോപാൽ അറ്റോർണി ജനറൽ പദവി രാജിവയ്‌ക്കാൻ ഒരുങ്ങുന്നതായി ദി വയർ എന്ന ഓൺലൈൻ മാദ്ധ്യമം റിപ്പോർട്ട് ചെയ്‌ത പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ വിശദീകരണം.
ചീഫ്ജസ്റ്റിസിനെതിരായ പരാതി പരിശോധിക്കുന്ന സമിതിയിൽ പുറത്തുനിന്നുള്ള ഒരംഗത്തെ, സാദ്ധ്യമെങ്കിൽ വിരമിച്ച വനിതാ ജഡ്‌ജിയെ ഉൾപ്പെടുത്തണമെന്ന് വേണുഗോപാൽ ആവശ്യപ്പെട്ടെന്നാണ് വയർ റിപ്പോർട്ട് ചെയ്‌തത്. തങ്ങളുടെ ഏറ്റവും ഉന്നതനായ നിയമോപദേഷ്‌ടാവായ അറ്റോർണി ജനറലിന്റെ നിർദ്ദേശത്തോട് കേന്ദ്രസർക്കാർ യോജിച്ചില്ല. മാത്രമല്ല, നിർദ്ദേശം കേന്ദ്രസർക്കാരിന്റേതല്ലെന്നും വ്യക്തിപരമാണെന്നും വ്യക്തമാക്കി മറ്റൊരു കത്തെഴുതാൻ സർക്കാർ നിർദ്ദേശിച്ചു. തുടർന്ന് അഭിപ്രായം വ്യക്തിപരമാണെന്ന് അറിയിച്ച് വീണ്ടും കത്തെഴുതിയെന്നും തുടർന്നാണ് അദ്ദേഹം രാജിക്ക് ഒരുങ്ങുന്നതെന്നുമാണ് വയർ റിപ്പോർട്ട്.
ഈ വാർത്ത അടിസ്ഥാനരഹിതമാണെന്ന് വേണുഗോപാലിനെ ഉദ്ധരിച്ച്
'ദ ഹിന്ദു' പത്രം റിപ്പോർട്ട് ചെയ്‌തു. ചീഫ്ജസ്റ്റിസിനെതിരായ പരാതി അന്വേഷിക്കാൻ റിട്ടയേർഡ് ജഡ്‌ജിമാർ ഉൾപ്പെടുന്ന സമിതി രൂപീകരിക്കണമെന്ന് ഏപ്രിൽ 22ന് എഴുതിയ കത്തിൽ താൻ നിർദ്ദേശിച്ചെന്നും അത് വ്യക്തിപരമായ അഭിപ്രായമാണെന്ന് കാട്ടി അടുത്ത ദിവസം മറ്റൊരു കത്തെഴുതിയെന്നും അദ്ദേഹം 'ഹിന്ദു'വിനോട് പറഞ്ഞു.
ജസ്റ്റിസ് എസ്.എ ബോബ്ഡെ അദ്ധ്യക്ഷനായും വനിതാ ജഡ്‌ജിമാരായ ഇന്ദുമൽഹോത്ര, ഇന്ദിരാബാനർജി എന്നിവർ അംഗങ്ങളായുമുള്ള സമിതിയാണ് സുപ്രീംകോടതി രൂപീകരിച്ചത്. പരാതിക്കാരി പിൻമാറിയെങ്കിലും അന്വേഷണവുമായി സമിതി മുന്നോട്ടുപോയി. പരാതിയിൽ കഴമ്പില്ലെന്ന് വ്യക്തമാക്കി ചീഫ് ജസ്റ്റിസിന് ക്ലീൻ ചിറ്റ് നൽകി സമിതി റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ടിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് അറ്റോർണി ജനറലിന്റെ വിയോജിപ്പ് പുറത്തുവന്നത്.
തൊഴിൽ സ്ഥലങ്ങളിലെ സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമ പരാതി അന്വേഷിക്കുന്ന സമിതിയിൽ പുറത്തുനിന്നുള്ള അംഗം (മൂന്നാം കക്ഷി )വേണമെന്ന സുപ്രീംകോടതിയുടെ തന്നെ മാർഗനിർദ്ദേശം ചീഫ്ജസ്റ്റിസിനെതിരായ പരാതിയുടെ കാര്യത്തിൽ അട്ടിമറിക്കപ്പെട്ടെന്ന് ആക്ഷേപമുയർന്നിരുന്നു. സമിതിയിൽ വിരമിച്ച വനിതാ ജഡ്‌ജിയെ ഉൾപ്പെടുത്തണമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് കത്ത് നൽകിയതായും റിപ്പോർട്ടുണ്ടായിരുന്നു.