rafale

ന്യൂഡൽഹി: റാഫേൽ ഇടപാടിൽ സ്വതന്ത്രാന്വേഷണമെന്ന ആവശ്യം തള്ളിയ ഡിസംബർ 14ലെ വിധിക്കെതിരായ റിവ്യൂ ഹർജിയിലും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ ഹർജിയിലും വാദം പൂർത്തിയാക്കി സുപ്രീംകോടതി വിധിപറയാൻ മാറ്റി.

റാഫേൽ വിഷയത്തിൽ കോടതിയോട് കള്ളം പറയുകയോ എന്തെങ്കിലും വിവരം മറച്ചുവയ്ക്കുകയോ ചെയ്തിട്ടില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. സർക്കാർ ചില വിവരങ്ങൾ മറച്ചുവച്ചെന്നത് മാദ്ധ്യമവാർത്തകളുടെ അടിസ്ഥാനത്തിലുള്ള ആരോപണമാണ്. റാഫേൽ യുദ്ധവിമാനങ്ങൾ നമ്മുടെയല്ലാവരുടെയും സുരക്ഷയ്ക്കാണെന്നും ലോകത്തൊരിടത്തും ഇത്തരം വിഷയങ്ങൾ കോടതിയിലെത്താറില്ലെന്നും അറ്റോർണി ജനറൽ പറഞ്ഞു.

റാഫേൽ കരാർ റദ്ദാക്കണമെന്നല്ല തങ്ങളുടെ ആവശ്യമെന്ന് ഹർജിക്കാരനായ പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാർ സമർപ്പിച്ച വസ്തുതാവിരുദ്ധമായ കാര്യങ്ങളെ ആശ്രയിച്ചാണ് വിധി പറഞ്ഞത്. വിധിയിൽ ഗുരുതര പിഴവുകളുണ്ട്. കേസിൽ മുഴുവൻ രേഖകളും കോടതിക്ക് മുന്നിൽ കേന്ദ്രം നൽകിയില്ല. പല പ്രധാന വിവരങ്ങളും മറച്ചുവച്ചു.പ്രതിരോധ ഇടപാടിലെ അഴിമതി ആരോപണങ്ങൾ നിയമപരമായ പരിശോധനയ്ക്ക് വിധേയമാണെന്നും വ്യക്തമാക്കി. മുൻകേന്ദ്രമന്ത്രിമാരായ യശ്വന്ത് സിൻഹ, അരുൺഷൂരി, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ എന്നിവരാണ് റിവ്യൂ ഹർജി നൽകിയത്.