നീരാളിക്കൈകൾ പോലെ ബംഗാൾ ഉൾക്കടലിലേക്ക് ചിതറിക്കിടക്കുകയാണ് ബംഗാളിലെ 24 നോർത്ത് പർഗനാസ് ജില്ല. ചെമ്മീൻ പാടങ്ങൾക്കിയിലെ പാത കടന്ന് ബസിർഹട്ട് ലോക്‌സഭാ മണ്ഡലത്തിലെത്തിയപ്പോൾ കൊൽക്കത്തയിൽ നിന്ന് നൂറു കിലോമീറ്ററോളം പിന്നിട്ടിരുന്നു. മണ്ഡലത്തിനു കിഴക്ക് ഇച്ചാമതി നദിക്കപ്പുറം ബംഗ്ളാദേശും, തെക്ക് റോയൽ ബംഗാൾ കടുവകൾക്ക് ആവാസമൊരുക്കുന്ന പ്രശസ്‌തമായ സുന്ദർബൻ കണ്ടൽക്കാടുകളുടെ സുന്ദര ദൃശ്യവും.
2009-ൽ അയ്‌ല ചുഴലിക്കാറ്റ് ദുരിതം വിതച്ച റുപ്‌മാരിയിലെ സൈക്ളോൺ ഷെൽട്ടറിനു മുന്നിലുള്ള ചെറിയ മൈതാനത്ത് തൃണമൂലിന്റെ പൊതുയോഗം നടക്കുന്നു. വെള്ളിത്തിരയിലെ പ്രിയ നായിക സ്ഥാനാർത്ഥിയായി പ്രസംഗിക്കാൻ എത്തുന്നതിന്റെ ത്രില്ലിൽ സ്‌ത്രീകൾ ഉൾപ്പെടെ ആയിരത്തോളം വരുന്ന ജനക്കൂട്ടം. പലരും സെൽഫി എടുക്കാൻ തയ്യാറായി നിൽപ്പാണ്.
2009 വരെ ഇന്ദ്രജിത് ഗുപ്‌ത അടക്കമുള്ള നേതാക്കളെ ജയിപ്പിച്ച പഴയ സി.പി.എം കോട്ടയിൽ ഹാട്രിക് ജയത്തിനായി തൃണമൂൽ മത്സരിപ്പിക്കുന്നത് ബംഗാളി സിനിമയിലെ ഗ്ളാമർ താരം നുസ്രത് ജഹാനെ. മലയാള ചിത്രം 'വടക്കൻ സെൽഫി'യുടെ ബംഗാളി റീമേക്കായ 'ബോലോ ദുഗ്ഗ മൈക്കി' അടക്കം നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നായികയെ ഇക്കഴിഞ്ഞ മാർച്ചിലാണ് തൃണമൂൽ നേതാവ് മമതാ ബാനർജി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.
രാഷ്‌ട്രീയത്തിൽ അരങ്ങേറ്റം കുറിച്ച നായികയ്‌ക്ക് റാലികളിൽ ലഘു പ്രസംഗങ്ങൾ മാത്രം. ദീദിക്ക് ഡൽഹിയിൽ നിർണായക റോൾ ലഭിക്കാൻ 42 സീറ്റിലും തൃണമൂലിനെ ജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കും. ദീദിയെ അനുകരിച്ച് പ്രസംഗത്തിനിടെ വേദിയിൽ ഉലാത്തലുമുണ്ട്. നടിയെ വേദിയിലിരുത്തി പ്രാദേശിക നേതാക്കൾ ബാക്കി പൊലിപ്പിക്കും. കാര്യപരിപാടി, വോട്ടർമാർക്കൊപ്പം സെൽഫിയെടുപ്പാണ്. ബസിർഹട്ടിനു പുറമെ ഗ്ളാമർ താരത്തെ മറ്റു സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനും തൃണമൂൽ ഉപയോഗിക്കുന്നു. ഝാർഗ്രാം സ്ഥാനാർത്ഥി ബിർബാഹാ സെന്നിന്റെ പ്രചാരണ പരിപാടിക്കിടെ സെൽഫിയെടുക്കാൻ വന്നവർ തിക്കിത്തിരക്കി വേദി തകർന്നെങ്കിലും താരമടക്കം എല്ലാവരും രക്ഷപ്പെട്ടു.
രാഷ്‌ട്രീയപ്രവേശം ആഗ്രഹിച്ചതല്ലെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചതുകൊണ്ടു മാത്രം വന്നതാണെന്നും ബസീർഹട്ട് ചൗമാതയിലെ പൊതുയോഗത്തിനു ശേഷം കൗൺസിലറുടെ വീട്ടിലെ വിശ്രമനേരത്ത് നുസ്രത് കേരളകൗമുദിയോടു പറഞ്ഞു. ജനസേവനത്തിനുള്ള അവസരമായി കാണുന്നു. നടിയോട് ജനങ്ങൾക്കുള്ള ഇഷ്‌ടം മത്സരത്തിൽ സഹായമാകും. എം.പി ആയാലും സിനിമയിൽ തുടരും. മലയാള സിനിമകൾ കണ്ടിട്ടില്ലെങ്കിലും ബംഗാളി റീമേക്ക് സിനിമകളിലൂടെ അടുത്തറിയാമെന്നും നുസ്രത് പറഞ്ഞു. മുൻ മിസ് കൽക്കത്തയായ നുസ്രത് മോഡലിംഗിലൂടെയാണ് സിനിമയിലെത്തിയത്.
പാതി മലയാളിയായ മുൻ ഫുട്ബാൾ താരവും സൗത്ത് ബസിർഹട്ട് എം.എൽ.എയുമായ ദീപേന്ദു ബിശ്വാസും സ്ഥാനാർത്ഥിക്കൊപ്പമുണ്ട്. ബോസിന്റെ അമ്മ തലശ്ശേരിക്കാരിയാണ്. കേരളത്തിൽ നിന്ന് എത്തിയതാണെന്ന് പറഞ്ഞപ്പോൾ ഫുട്ബാൾ വിശേഷങ്ങളും അമ്മയുടെ നാട്ടിലെ കാര്യങ്ങളും ചോദിച്ചറിയാൻ ദീപേന്ദവും വന്നു. ബോസിന്റെ കേരള ബന്ധം അറിഞ്ഞ് നുസ്രത്തിന് അദ്‌ഭുതം.
നൂറുൾ ഇസ്ളാമിനും(2009), ഐദ്രിസ് അലിക്കും(2014) ശേഷം വീണ്ടും തൃണമൂൽ മുസ്‌ളീം സ്ഥാനാർത്ഥിയെ തന്നെ മത്സരിപ്പിക്കുമ്പോൾ ഹിന്ദു ഭൂരിപക്ഷമേഖലയിൽ ബി.ജെ.പി സ്ഥാനാർത്ഥിയായ സംസ്ഥാന ജനറൽ സെക്രട്ടറി സായന്തൻ ബസുവാണ് പ്രധാന എതിരാളി. സി.പി.ഐ നേതാവ് പല്ലബ് സെൻ ഗുപ്‌ത, കോൺഗ്രസിന്റെ ക്വാസി അബ്‌ദുൾ റഹീം എന്നിവരും മത്സരരംഗത്തുണ്ട്. ഭരണവിരുദ്ധ തരംഗവും ഹിന്ദു ഭൂരിപക്ഷ മണ്ഡലത്തിൽ ബി.ജെ.പിക്കുള്ള സ്വാധീനവും നുസ്രത്തിന്റെ ഗ്ളാമറിൽ മറികടക്കാമെന്ന് മമതാ കണക്കാക്കുന്നു. നടിക്കെതിരെ ബി.ജെ.പി സമൂഹമാദ്ധ്യമങ്ങൾ വഴി നടത്തിയ പ്രചാരണം വിവാദമായിരുന്നു. ഇടത്തരം മുസ്ളീം കുടുംബത്തിൽ നിന്നാണ് നുസ്രത് സിനിമയിൽ എത്തിയത്.