rahul

ന്യൂഡൽഹി:ചട്ടലംഘനപരാതികളിൽ ഏകപക്ഷീയമായും വിവേചനപരമായും പെരുമാറരുതെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു.

നരേന്ദ്രമോദി സർക്കാർ ആദിവാസികളെ വെടിവയ്ക്കുന്ന നിയമം കൊണ്ടുവന്നുവെന്ന തന്റെ പരാമർശത്തിന് കമ്മിഷൻ നൽകിയ നോട്ടീസിനുള്ള മറുപടിയിലാണ് രാഹുൽ നിലപാട് വ്യക്തമാക്കിയത്.

നീതിപൂർവകവും വിവേചനരഹിതവും സന്തുലിതവുമായ സാഹചര്യമാണ് കമ്മിഷൻ ഒരുക്കേണ്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായും നടത്തിയ അധിക്ഷേപകരമായ പരാമർശങ്ങളിൽ കമ്മിഷൻ നടപടിയെടുത്തില്ല. നാൽപ്പത് ദിവസത്തോളം വൈകി യുക്തരഹിതമായ ഉത്തരവാണ് ഇറക്കിയതെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

മദ്ധ്യപ്രദേശിലെ പ്രചാരണ പ്രസംഗത്തിലാണ് ആദിവാസികളെ വെടിവയ്ക്കുന്ന നിയമമാണ് മോദി സർക്കാരിന്റേതെന്ന് രാഹുൽ വിമർശിച്ചത്. ഇത് ചട്ടലംഘനമാണെന്ന് ആരോപിച്ച് ബി.ജെ.പി പരാതി നൽകുകയായിരുന്നു.

ഇന്ത്യൻ വനനിയമത്തിൽ നിർദ്ദേശിക്കപ്പെട്ട ഭേദഗതിയെക്കുറിച്ച് ലളിതമായ ഭാഷയിൽ പറയുകയായിരുന്നു തനെന്ന് രാഹുൽ മറുപടിയിൽ പറഞ്ഞു. ബി.ജെ.പിയുടെ ആദിവാസി വിരുദ്ധ നയങ്ങൾക്കെതിരായ രാഷ്ട്രീയ പ്രസംഗത്തിന്റെ ഭാഗമായുള്ള വിമർശനമായിരുന്നു അത്. മോദി സർക്കാരിന്റെ നയങ്ങളിലെ കോട്ടങ്ങൾ തുറന്നുകാട്ടാതെ തിരഞ്ഞെടുപ്പിന്റെ ലക്ഷ്യം നേടാനാകില്ല. തെറ്റിദ്ധരിപ്പിക്കാനോ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറയാനോ ഉദ്ദേശിച്ചില്ല. അതിനാൽ ചട്ടലംഘനമില്ല. കോൺഗ്രസ് അദ്ധ്യക്ഷനും പ്രധാന പ്രചാരകനുമെന്ന നിലയിൽ പ്രചാരണത്തിൽ നിന്ന് തന്റെ ശ്രദ്ധതിരിച്ചുവിടാനാണ് ബി.ജെ.പി പരാതി നൽകിയത്. സ്വതന്ത്രമായ രാഷ്ട്രീയ അഭിപ്രായ പ്രകടനം വിലക്കരുത്. ബി.ജെ.പിയുടെ പരാതി തള്ളണമെന്നും രാഹുൽ ആവശ്യപ്പെട്ടു.