election-2019

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിൽ ഇന്ന് ഏഴു സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങൾ പോളിംഗ് ബൂത്തിലെത്തും. ഈ ഘട്ടത്തിലെ മണ്ഡലങ്ങളിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 44 സീറ്റ് നേടിയത് ബി.ജെ.പിയാണ്. കോൺഗ്രസിന് രണ്ടു മാത്രം.

ബീഹാർ, മദ്ധ്യപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ എട്ടു വീതം മണ്ഡലങ്ങളിലും, ജാർഖണ്ഡിലെ നാല്, ഉത്തർപ്രദേശിലെ 14, ഹരിയാനയിലെ 10, ഡൽഹിയിലെ ഏഴ് സീറ്റുകളിലുമാണ് വോട്ടെടുപ്പ്. അടുത്തതും അവസാനത്തേതുമായ ഘട്ടം മെയ് 19 ന്.

ഡൽഹി

ഡൽഹിയിൽ ആകെയുള്ള ഏഴു മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്. 164 സ്ഥാനാർത്ഥികൾ. ബി.ജെ.പിയും കോൺഗ്രസും ആംആദ്മിയും തമ്മിൽ ത്രികോണ മത്സരം. കഴിഞ്ഞ തവണ മുഴുവൻ സീറ്റും നേടിയത് ബി.ജെ.പി. കേന്ദ്രമന്ത്രി ഹർഷവർദ്ധൻ, മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിത്, മുൻ ക്രിക്കറ്റ് താരം ഗൗതംഗംഭീർ, ബോക്‌സർ വിജേന്ദർ സിംഗ് തുടങ്ങിയ പ്രമുഖർ രംഗത്ത്.

ഉത്തർപ്രദേശ്

2014- ൽ 13 സീറ്റിൽ ബി.ജെ.പി ജയിച്ചു. ഒരു സീറ്റ് എസ്.പിക്ക്. സുൽത്താൻപൂരിൽ കേന്ദ്രമന്ത്രി മേനക ഗാന്ധി, അസംഗഢിൽ എസ്.പി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവർ ജനവിധി തേടുന്നു.

ഹരിയാന

കേന്ദ്ര മന്ത്രിമാരായ കൃഷൻപാൽ ഗുർജർ, റാവു ഇന്ദർജിത്ത് സിംഗ്, മുൻ മുഖ്യമന്ത്രി ഭുപീന്ദർ സിംഗ് ഹൂഡ എന്നീ പ്രമുഖർ രംഗത്ത്. ബി.ജെ.പി, കോൺഗ്രസ്, ഐ.എൻ.എൽ.ഡി, ജെ.ജെ.പി പ്രധാന കക്ഷികൾ. കഴിഞ്ഞതവണ ബി.ജെ.പി എട്ടും കോൺഗ്രസ് ഒന്നും ഐ.എൻ.എൽ.ഡി രണ്ടും സീറ്റ് നേടി.

പശ്ചിമബംഗാൾ

ഇന്ന് പോളിംഗ് നടക്കുന്ന എട്ട് സീറ്റിലും കഴിഞ്ഞ തവണ തൃണമൂൽ ജയം. ബി.ജെ.പി ഇത്തവണ ബംഗാളിൽ ശക്തമായ പ്രചരണം നടത്തി.

ജാർഖണ്ഡ്

ജെ.എം.എം- കോൺഗ്രസ് സഖ്യം. കഴിഞ്ഞ തവണ നാലു സീറ്റും ബി.ജെ.പിക്ക്. ആകെ 66,85,401 വോട്ടർമാർ. സ്ഥാനാർത്ഥികൾ.67.

ബീഹാർ

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ എട്ടു സീറ്റും നേടി. ഇക്കുറി കോൺഗ്രസ്- ആർ.ജെ.ഡി മഹാസഖ്യം ജെ.ഡി.യുവും ബി.ജെ.പിയും അടങ്ങുന്ന എൻ.ഡി.എ സഖ്യത്തെ നേരിടുന്നു. കേന്ദ്രമന്ത്രി രാധാമോഹൻ സിംഗ് പുർവി ചമ്പാരനിൽ വീണ്ടും ജനവിധി തേടുന്നു.

മദ്ധ്യപ്രദേശ്

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിംഗും മലേഗാവ് സ്‌ഫോടന കേസ് പ്രതിയും ബി.ജെ.പി നേതാവുമായ പ്രജ്ഞാസിംഗും തമ്മിൽ ഏറ്റുമുട്ടുന്ന ഭോപ്പാൽ ശ്രദ്ധേയ മണ്ഡലം. ഗുണയിൽ കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ജനവിധി തേടുന്നു. 2014-ൽ ഗുണ ഒഴികെ ഏഴു സീറ്റും ബി.ജെ.പി നേടി. കേന്ദ്രമന്ത്രി നരേന്ദ്രസിംഗ് തോമർ മൊറേനയിൽ മത്സരിക്കുന്നു.