kejriwal

ന്യൂഡൽഹി: ഡൽഹി പോളിംഗ് ബൂത്തിലേക്ക് പോകാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ പേയ്മെന്റ് സീറ്റ് ആരോപണവുമായി ആംആദ്മി പാർട്ടി വെസ്റ്റ് ഡൽഹി സ്ഥാനാർഥി ബൽബീർ സിംഗ് ജക്കറിന്റെ മകൻ രംഗത്തെത്തി. ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാൻ അരവിന്ദ് കേജ്‌രിവാളിനും ആപ്പ് ഡൽഹി കൺവീനർ ഗോപാൽ റായിക്കും ആറുകോടി രൂപ പിതാവ് നൽകിയെന്ന് മകൻ ഉദയ് ജക്കർ ആരോപിച്ചു. കൃത്യമായ തെളിവ് കൈയിലുണ്ട്. ആറ് കോടി നൽകിയാൽ സീറ്റ് ലഭിക്കുമെന്ന് പിതാവ് തന്നോട് പറഞ്ഞിരുന്നു. പണം കേജ്‌രിവാളിന് നൽകിയശേഷമാണ് സീറ്റ് ലഭിച്ചത്. സിഖ് വിരുദ്ധ കലാപകേസിൽ ജയിലിലായ കോൺഗ്രസ് നേതാവ് സജ്ജൻകുമാറിന്റെ ജാമ്യത്തിനായി പണം നൽകാൻ പിതാവ് തയാറായിരുന്നതായും ഉദയ് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. അതേസമയം മകന്റെ ആരോപണങ്ങൾ ബൽബീർ സിംഗ് ജക്കർ നിഷേധിച്ചു.

വിവാഹ മോചനത്തിന് ശേഷം മകൻ അമ്മയുടെ സംരക്ഷണയിലാണ്. മകനുമായി അപൂർവമായേ സംസാരിക്കാറുള്ളൂ. തിരഞ്ഞെടുപ്പ് കാര്യങ്ങൾ പങ്കുവച്ചിട്ടില്ലെന്നും ബൽബീർ സിംഗ് പറഞ്ഞു.

ഡൽഹിയിലെ ആറ് മണ്ഡലങ്ങളിലും മാർച്ച് രണ്ടിന് ആപ്പ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നെങ്കിലും വെസ്റ്റ് ഡൽഹി ഒഴിച്ചിടുകയായിരുന്നു. മാർച്ച് 17നാണ് ബൽബീർ സിംഗിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.

 ''മൂന്നുമാസം മുമ്പാണു പിതാവ് എ.എ.പിയിൽ ചേർന്നത്. അണ്ണാ ഹസാരെയുടെ സമരത്തിൽ പങ്കാളിയല്ലാതിരുന്നിട്ടും എങ്ങനെയാണു തിരഞ്ഞെടുപ്പിൽ സീറ്റ് നൽകിയത്? വിദ്യാഭ്യാസ ആവശ്യത്തിനു പണം ചോദിച്ചപ്പോൾ പിതാവ് തന്നില്ല. കാരണം അന്വേഷിച്ചപ്പോഴാണ് പണം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചെന്നു മനസിലായത്"- ഉദയ് ജക്കർ പറഞ്ഞു