ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുപ്പിനെ നേരിട്ടത് വെറുപ്പ് കൊണ്ടാണെന്നും തന്റെയും കോൺഗ്രസിന്റെയും വഴി സ്നേഹമായിരുന്നെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. അതിനാൽ സ്നേഹത്തിനായിരിക്കും അന്തിമ വിജയമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തിയശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനം തന്നെയാണ് 'ബോസ്". ജനം എന്തു വിധിച്ചാലും അത് അംഗീകരിക്കും.
കടുത്ത മത്സരമാണ് ഉണ്ടായത്. ഈ തിരഞ്ഞെടുപ്പിൽ നാലു വിഷയങ്ങളാണ് ഉന്നയിക്കപ്പെടുന്നത്. തൊഴിലില്ലായ്മ, കർഷകരുടെ ദുരവസ്ഥ, നോട്ട് നിരോധനം, ജി.എസ്.ടി. ഇവ കൂടാതെ അഴിമതിയും റാഫേൽ ഇടപാടും പ്രധാന വിഷയങ്ങളാണെന്നും രാഹുൽ പറഞ്ഞു.
തുഗ്ലക്ക് ലെയ്നിലെ വസതിയിൽ നിന്ന് സുരക്ഷാ വാഹനങ്ങളൊഴിവാക്കി, കാൽ നടയായാണ് തൊട്ടടുത്ത ഔറംഗസേബ് ലെയ്നിലെ എൻ.പി സീനിയർ സെക്കൻഡറി സ്കൂളിലെ പോളിംഗ് ബൂത്തിൽ രാഹുൽ എത്തിയത്. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധിയും ഭർത്താവ് റോബർട്ട് വാദ്രയും ലോധി എസ്റ്റേറ്റിലെ സർദാർപട്ടേൽ വിദ്യാലയത്തിൽ വോട്ട് ചെയ്തു. ബി.ജെ.പി പുറത്തേക്കുള്ള വഴിയിലാണെന്ന് വോട്ടുചെയ്ത് മടങ്ങവെ പ്രിയങ്കാ പറഞ്ഞു.
വോട്ട് ചെയ്ത പ്രമുഖർ
രാഷ്ട്രപതി രാംനാഥ് കോവിന്ദും ഭാര്യ സവിതാ കോവിന്ദും രാഷ്ട്രപതി ഭവനിലെ പോളിംഗ് ബൂത്ത് 10ൽ വോട്ട് രേഖപ്പെടുത്തി. യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധി നിർമ്മാൺ ഭവനിലും, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ സിവിൽ ലെയ്നിലും, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കിഴക്കൻ ഡൽഹിയിലെ പാണ്ഡവ് നഗറിലും, കോൺഗ്രസ് വടക്ക് കിഴക്കൻ ഡൽഹി സ്ഥാനാർത്ഥി ഷീല ദീക്ഷിത് നിസാമുദ്ദീൻ ഈസ്റ്റിലും, ബി.ജെ.പിയുടെ കിഴക്കൻ ഡൽഹി സ്ഥാനാർത്ഥി ഗൗതം ഗംഭീർ ഓൾഡ് രജീന്ദർ നഗറിലും വോട്ട് രേഖപ്പെടുത്തി.