ന്യൂഡൽഹി: മേഘങ്ങളും കനത്ത മഴയും പാകിസ്ഥാൻ റെഡാറുകളുടെ കണ്ണ് വെട്ടിക്കാൻ സഹായിക്കുമെന്ന് ചൂണ്ടിക്കാട്ടി മോശം കാലാവസ്ഥയിലും ബാലാക്കോട്ട് വ്യോമാക്രമണത്തിന് പച്ചക്കൊടി കാട്ടിയത് താനാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശം കടുത്ത പരിഹാസത്തിനും വിമർശനങ്ങൾക്കും ഇടയാക്കി.
ശനിയാഴ്ച ന്യൂസ് നേഷൻസ് ടി.വി ചാനലിന് നൽകിയ അഭിമുഖത്തിലാണ് മോദിയുടെ പരാമർശം.
'' അന്ന് രാത്രി കാലാവസ്ഥ പെട്ടെന്ന് മോശമായി. നിറയെ കാർമേഘങ്ങൾ. പ്രതികൂല കാലാവസ്ഥയിൽ ആക്രമണം മാറ്റിവച്ചാലോയെന്ന അഭിപ്രായമായിരുന്നു ഭൂരിഭാഗം വിദഗ്ധർക്കും. ശാസ്ത്രത്തെക്കുറിച്ച് അറിയുന്നയാളല്ല ഞാൻ. മഴയും മേഘങ്ങളും നമുക്ക് നേട്ടമാകുമെന്ന് ഞാൻ പറഞ്ഞു. റഡാറിൽ നിന്നും ഇന്ത്യൻ വിമാനങ്ങളെ മറയ്ക്കാൻ മേഘങ്ങൾക്ക് സാധിക്കും. റെഡാറിൽ നിന്ന് രക്ഷപ്പെടാൻ കഴിയും. എല്ലാവരും ആശയക്കുഴപ്പത്തിലായി. ഒടുവിൽ ഞാൻ പറഞ്ഞു, മുന്നോട്ട് പോകൂ'' മോദി പറഞ്ഞു.അഭിമുഖത്തിലെ ഈ ഭാഗം ബി.ജെ.പി ട്വീറ്റ് ചെയ്തു. ഇതോടെ മോദിയെ കളിയാക്കി സമൂഹമാദ്ധ്യമങ്ങളിൽ ട്രോളുകൾ നിറഞ്ഞു. വിമർശനവുമായി പ്രതിപക്ഷ നേതാക്കളും രംഗത്തെത്തിയതോടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ നിന്ന് ബി.ജെ.പി വീഡിയോ നീക്കി.
മോദിയുടെ വാക്കുകൾ ലജ്ജാകരമാണ്. രാജ്യവിരുദ്ധമാണ്.യഥാർത്ഥത്തിൽ ഇന്ത്യൻ വ്യോമസേനയെ അപമാനിക്കുകയാണ് ചെയ്യുന്നത് '
-സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി
മോദിയുടെ തന്ത്രപരമായ അറിവ് ഭാവിയിൽ വ്യോമാക്രമണ പദ്ധതികൾക്ക് നിർണായകമാകും
-ജമ്മുകാശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള
മേഘങ്ങളുണ്ടെങ്കിലും ഇല്ലെങ്കിലും വിമാനങ്ങളെ കണ്ടെത്താൻ സാധിക്കുന്ന റഡാർ സംവിധാനം ദശാബ്ദങ്ങൾക്ക് മുമ്പേയുണ്ട്. അതില്ലായിരുന്നെങ്കിൽ മറ്റ് രാജ്യങ്ങളുടെ വിമാനങ്ങൾ നമ്മുടെ ആകാശങ്ങളെ എപ്പോഴെ കീഴടക്കുമായിരുന്നു.
-കോൺഗ്രസ് നേതാവ് ദിവ്യ സ്പന്ദന
റഡാറുകൾക്ക് മേഘങ്ങൾ തടസമല്ലെന്ന് വ്യോമസേനാ മേധാവിക്ക് അറിയാം. പാക് റെഡാറുകൾ ഇന്ത്യൻ വിമാനങ്ങളെ കണ്ടെത്തുകയും ചെയ്തു.
-മുൻ നയതന്ത്രജ്ഞൻ കെ.സി സിംഗ്