ന്യൂഡൽഹി: പശ്ചിമബംഗാളിൽ ബി.ജെ.പി നേട്ടമുണ്ടാക്കുമെന്ന പരാമർശം സി.പി.എം പി.ബി അംഗവും മുൻ ജനറൽ സെക്രട്ടറിയുമായ പ്രകാശ് കാരാട്ട് നിഷേധിച്ചു. തന്റെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്തതാണെന്നും ബി.ജെ.പി നേട്ടമുണ്ടാക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും കാണിച്ച് കാരാട്ട് വിശദീകരണം നൽകിയതായി സി.പി.എം വൃത്തങ്ങൾ പറഞ്ഞു. ഒഡിഷയിലും ബംഗാളിലും ബി.ജെ.പിക്ക് സീറ്റ് കൂടുമോയെന്ന ചോദ്യത്തിൽ താൻ അങ്ങനെ കരുതുന്നില്ലെന്നാണ് മറുപടി പറഞ്ഞത്. അഭിമുഖം പൂർണമായും സംപ്രേഷണം ചെയ്തില്ലെന്നും കാരാട്ട് വിശദീകരിച്ചു.
ഒരു ദൃശ്യമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബി.ജെ.പി അനുകൂലമായ പ്രസ്താവന നടത്തിയെന്ന് കുറ്റപ്പെടുത്തി പ്രകാശ് കാരാട്ടിനെതിരെ ബംഗാൾ സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്രയാണ് പരാതി നൽകിയത്. ഉത്തർപ്രദേശിൽ നിന്നുമാറി ഒഡിഷ, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ സീറ്റുനേടാനുള്ള പരിശ്രമത്തിലാണ് ബി.ജെ.പി. ഒഡിഷയിൽ പരമാവധി അഞ്ചുസീറ്റ് ബി.ജെ.പി.ക്ക് ലഭിക്കും. ബംഗാളിലും അവർ നേട്ടമുണ്ടാക്കാനാണ് സാദ്ധ്യത. ഇപ്പോഴുള്ളതിനെക്കാൾ സീറ്റ് കൂടുതൽ ലഭിക്കുമെന്നും എന്നാൽ അത് അത്ര എളുപ്പമാവില്ലമെന്നും കാരാട്ട് പറഞ്ഞെന്നാണ് ആക്ഷേപം ഉയർന്നത്. ബംഗാളിൽ തൃണമൂലിനെതിരെ ഇടതുപക്ഷം ശക്തമായി രംഗത്തുള്ള പശ്ചാത്തലത്തിൽ മുൻജനറൽ സെക്രട്ടറിയുടെ പ്രസ്താവന ബി.ജെ.പി.ക്ക് ഗുണകരമാവുന്ന തരത്തിലാണെന്ന് ബംഗാൾ ഘടകം വിമർശിച്ചിരുന്നു.