ന്യൂഡൽഹി: ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലായി നടന്ന ആറാംഘട്ട വോട്ടെടുപ്പിൽ 63.3 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഒരാൾ കൊല്ലപ്പെടുകയും വ്യാപക അക്രമ സംഭവങ്ങൾ അരങ്ങേറുകയും ചെയ്ത പശ്ചിമബംഗാളിലാണ് ഈ ഘട്ടത്തിൽ ഏറ്റവും കൂടുതൽ പോളിംഗ്. 80.16 ശതമാനം. അവസാന കണക്കുകൾ കൂടി വരുമ്പോൾ പോളിംഗ് ശതമാനം ഉയരും.
ഡൽഹിയിൽ വോട്ടിംഗ് മെഷീൻ തകരാറായതായി ആരോപണമുയർന്നു. 2014നേക്കാൾ കുറഞ്ഞപോളിംഗാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞതവണ 65ശതമാനമായിരുന്നു. ആംആദ്മി സൗത്ത് ഡൽഹി സ്ഥാനാർത്ഥി രാഘവ് ചദ്ധ കള്ളവോട്ട ആരോപണം ഉന്നയിച്ചിട്ടുണ്ട്. മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിംഗും മലേഗാവ് സ്‌ഫോടന കേസ് പ്രതിയും ബി.ജെ.പി നേതാവുമായ പ്രജ്ഞാസിംഗും തമ്മിൽ ഏറ്റുമുട്ടിയ ഭോപ്പാൽ മണ്ഡലത്തിൽ 60.95 ശതമാനമാണ് പോളിംഗ്.
ബീഹാർ, മദ്ധ്യപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ എട്ടു വീതം മണ്ഡലങ്ങളിലും, ജാർഖണ്ഡിലെ നാല്, ഉത്തർപ്രദേശിലെ 14, ഹരിയാനയിലെ 10, ഡൽഹിയിലെ ഏഴ് സീറ്റുകളിലുമാണ് ആറാംഘട്ടം പൂർത്തിയായത്. അടുത്തതും അവസാനത്തേതുമായ ഘട്ടം മേയ് 19 നാണ്.
പശ്ചിമബംഗാൾ - 80.16
ജാർഖണ്ഡ് - 64.50
ഹരിയാന - 63.99
മദ്ധ്യപ്രദേശ് - 61.46
ബീഹാർ - 59.29
ഡൽഹി - 59.1
യു.പി - 54.10
ബംഗാളിൽ സംഘർഷം; 2 മൃതദേഹങ്ങൾ കണ്ടെടുത്തു
കൊൽക്കത്ത: ആറാംഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ പശ്ചിമ ബംഗാളിൽ വ്യാപക അക്രമം. കേശ്പൂരിൽ അക്രമികളെ തുരത്താൻ കേന്ദ്ര സേന വെടിവച്ചതിൽ ഒരു തൃണമൂൽ പ്രവർത്തകന് പരിക്കേറ്റു. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ബി.ജെ.പി -തൃണമൂൽ പ്രവർത്തകർ തമ്മിൽ കുറച്ചുദിവസങ്ങളായി സംഘർഷം നടക്കുകയാണ്. മിഡ്നാപൂരിൽ ഒരു തൃണമൂൽ കോൺഗ്രസ് പ്രവർത്തകന്റെയും ജാർഗ്രാം ജില്ലയിൽ ഒരു ബി.ജെ.പി പ്രവർത്തകന്റെയും മൃതദേഹം കണ്ടെടുത്തു.
ഘാട്ടിലിൽ ബി.ജെ.പി സ്ഥാനാർത്ഥിയും മുൻ ഐ.പി.എസ് ഉദ്യോഗസ്ഥയുമായ ഭാരതി ഘോഷിനെ തൃണമൂൽ പ്രവർത്തകർ ആക്രമിച്ചു. ഭാരതി ഘോഷിന് നിസാര പരിക്കേറ്റു.പോളിംഗ് ഏജന്റുമൊത്ത് ബൂത്തിൽ പ്രവേശിക്കാൻ ശ്രമിച്ച ഘോഷിനെ തൃണമൂലിന്റെ വനിതാ പ്രവർത്തകർ പുറത്താക്കി. കരഞ്ഞു കൊണ്ടാണ് ഭാരതി ഘോഷ് ബൂത്ത് വിട്ടത്. തടിച്ചുകൂടിയ നൂറുകണക്കിനു തൃണമൂൽ പ്രവർത്തകർ ഭാരതിയുടെ കാറിനു നേരെ കല്ലെറിഞ്ഞു. തൃണമൂലിന്റെ എതിർ സ്ഥാനാർത്ഥിയും സിനിമാ നടനുമായ ദീപക് ദേവ്, ഭാരതി ഘോഷിനെ ആൾക്കൂട്ടത്തിൽ നിന്ന് മാറ്റി അടുത്തുള്ള അമ്പലത്തിൽ അഭയം നൽകി. അക്രമികൾ അമ്പലത്തിനടുത്തേക്ക് എത്തിയതോടെ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലേക്കു രക്ഷപ്പെടുകയായിരുന്നു. ബി.ജെ.പിക്കാരെ വോട്ടുചെയ്യുന്നതിൽനിന്നു തടഞ്ഞാൽ തൃണമൂൽ പ്രവർത്തകരെ പട്ടിയെപ്പോലെ തല്ലുമെന്ന് നേരത്തേ ഘോഷ് പറഞ്ഞിരുന്നു.