ന്യൂഡൽഹി: ബാലാക്കോട്ട് വ്യോമാക്രമണം സംബന്ധിച്ച ടി.വി അഭിമുഖത്തിലെ പരാമർശത്തിൽ പെരുമാറ്റ ചട്ട ലംഘനം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറയ്ക്ക് കത്തയച്ചു. ആറാം ഘട്ട തിരഞ്ഞെടുപ്പിന് മുമ്പായി നിശബ്ദ പ്രചാരണ ഘട്ടത്തിലാണ് വോട്ടർമാരെ സ്വാധീനിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതികൂല കാലാവസ്ഥയിലും ബാലാക്കോട്ട് ആക്രമണത്തിന് നിർദ്ദേശം നൽകിയെന്ന മോദിയുടെ പരാമർശം. സായുധസേനയുടെ നേട്ടത്തെ രാഷ്ട്രീയലാഭത്തിനായി ഉപയോഗിക്കരുതെന്ന് കമ്മിഷൻ വ്യക്തമാക്കിയതാണ്. അതുകൊണ്ടു തന്നെ മോദിയുടെ പരാമർശങ്ങളിൽ നടപടി വേണം. വോട്ടെടുപ്പ് നടക്കുമ്പോൾ മോദി എന്തിനാണ് തീവ്രവാദികളെ കൊല്ലുന്നതെന്ന് ചിലർ ആശങ്കപ്പെടുകയാണ്. തീവ്രവാദി ആക്രമിക്കുമ്പോൾ എന്റെ ജവാന്മാർ അയാളെ കൊല്ലാൻ തിരഞ്ഞെടുപ്പ്കമ്മിഷന്റെ അനുമതി തേടണമെന്നാണോയെന്ന് ഇന്നലെ കുശിനഗറിലെ റാലിയിൽ മോദി നടത്തിയ പ്രസംഗവും ചൂണ്ടിക്കാട്ടി. എല്ലാ ചട്ടങ്ങളും ലംഘിച്ച് കമ്മിഷനെ പരിഹസിക്കുകയാണ് മോദിയെന്നും യെച്ചൂരി കത്തിൽ പറഞ്ഞു.