chanda-kochar

ന്യൂഡൽഹി: വീഡിയോകോണിന് വഴിവിട്ട രീതിയിൽ 3250 കോടി രൂപ വായ്പ അനുവദിച്ച കേസിൽ ഐ.സി.ഐ.സി.ഐ ബാങ്ക് മുൻ എം.ഡിയും സി.ഇ.ഒയുമായിരുന്ന ചന്ദകൊച്ചാറിനെയും ഭർത്താവ് ദീപക് കൊച്ചാറിനെയും എൻഫോഴ്സ്‌മെൻറ് ചോദ്യം ചെയ്തു.

ഇന്നലെ രാവിലെ 11 ഓടെയാണ് ഇരുവരും ഡൽഹിയിലെ ഇ.ഡി ആസ്ഥാനത്ത് എത്തിയത്.ചന്ദകൊച്ചാറിന്റെ ഭർത്താവിന്റെ സഹോദരൻ രാജീവ് കൊച്ചാറിനെ നേരത്തെ മുംബയിലും ഡൽഹിയിലും വച്ച് ഇ.ഡി ചോദ്യം ചെയ്തിരുന്നു.
2012ൽ ബാങ്കുകളുടെ കൺസോർഷ്യം വൻതുക വീഡിയോകോണിന് വായ്പ നൽകിയിരുന്നു. ഇതിൽ 3250 കോടി ഐ.സി.ഐ.സി. ഐ ബാങ്കിൽ നിന്നായിരുന്നു.ഇത് കിട്ടാക്കടമായി മാറി. സ്വന്തം സാമ്പത്തിക നേട്ടത്തിനായി പരിധിയിൽ കവിഞ്ഞ തുക വഴിവിട്ട് അനുവദിച്ചുവെന്നാണ് ചന്ദ കൊച്ചാറിനെതിരായ ആരാേപണം. വിവാദമായതോടെ എം.ഡി സ്ഥാനത്ത് നിന്ന് ചന്ദകൊച്ചാർ രാജിവച്ചു.

ചന്ദകൊച്ചാർ, ഭർത്താവ് ദീപക് കൊച്ചാർ, വീഡിയോകോൺ മേധാവി വേണുഗോപാൽ ധൂത് തുടങ്ങിയവർക്കെതിരെ വഞ്ചന, ഗൂഢാലോചനാ കുറ്റങ്ങൾ ചുമത്തി സി.ബി.ഐ കേസെടുത്തിരുന്നു.

വീഡിയോകോൺ ഓഫീസുകളിലും ദീപക് കൊച്ചാറിന്റെ ന്യൂ പവർ റിന്യൂവബിൾസ് കമ്പനി ഓഫീസിലും മുംബയ് നരിമാൻ പോയിന്റിലുള്ള സുപ്രീം പവർ എനർജി പോയിന്റിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ചോദ്യം ചെയ്യൽ.
അതേസമയം കൊച്ചാറിനെതിരെ കേസെടുത്ത ബാങ്ക് സെക്യൂരിറ്റീസ് ആൻഡ് ഫ്രോഡ് സെൽ ഡൽഹി യൂണിറ്റ് എസ്.പി സുധാൻ ഷുധർ മിശ്രയെ റാഞ്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന യൂണിറ്റിലേക്ക് സ്ഥലം മാറ്റിയത് വിവാദമായിരുന്നു.
കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി, സി.ബി.ഐ കാട്ടിയത് അന്വേഷണാത്മക സാഹസമാണെന്ന് വിമർശിച്ചതിന് പിന്നാലെയായിരുന്നു നടപടി.