രാജ്യത്ത് മത്സ്യ വിപണനത്തിൽ രണ്ടാം സ്ഥാനമുള്ള പശ്ചിമ ബംഗാളിൽ മത്സ്യക്കൃഷിക്ക് പേരുകേട്ട സ്ഥലമാണ് നോർത്ത് 24 പർഗനാസ് ജില്ല. കരഭാഗം കടലിലേക്ക് ഇറങ്ങിക്കിടക്കുന്നതിനാൽ കേരളത്തിലെ കുട്ടനാട് പോലെ വെള്ളക്കെട്ടുകളാണ് എവിടെയും.
കൊൽക്കത്തയിൽ നിന്ന് ബസീർഹത്ത് മണ്ഡലത്തിലേക്കുള്ള യാത്രയ്‌ക്കിടെ റോഡിന് ഇരുവശവും ചതുരാകൃതിയിൽ പാടങ്ങളായി തിരിച്ച വെള്ളക്കെട്ടുകൾ കണ്ടു. വിദേശത്തും നാട്ടിലും പ്രിയങ്കരമായ വെട്‌ക്കി, റോഹു, കട്ല, പർദ്ദ, തിലോപ്പിയ മത്സ്യങ്ങളുടെയും വിവിധയിനം ഞണ്ടുകളുടെയും ചെമ്മീനുകളുടെയും പ്രജനന കേന്ദ്രങ്ങൾ...
ഹിന്ദു ഭൂരിപക്ഷ മേഖലയാണെങ്കിലും തൃണമൂൽ കോൺഗ്രസിന് ആധിപത്യമുള്ള ബസിർഹത്തിലെ മത്സ്യക്കൃഷി മേഖലയിൽ തിരഞ്ഞെടുപ്പ് കോലാഹലമൊന്നും വലുതായി ഏശിയ മട്ടില്ല. ചെറിയ മാർക്കറ്റുകളിൽ തൃണമൂൽ, സി.പി.എം, ബി.ജെ.പി കൊടികൾ അങ്ങിങ്ങു മാത്രം. നാട്ടിലെപ്പോലെ തെങ്ങും കവുങ്ങും വാഴയും പച്ചപ്പു നിറയ്‌ക്കുന്ന കരകളിൽ മിക്കവരുടെയും തൊഴിൽ മത്സ്യക്കൃഷി തന്നെ. വീട്ടുമുറ്റങ്ങളിൽ മീൻപിടിത്ത വലകൾ വിരിച്ചിട്ടിരിക്കുന്നു.
റോഡരികിൽ കണ്ട ചെറിയ കടയ്‌ക്കു മുന്നിൽ ഡ്രൈവർ വണ്ടി നിറുത്തിയപ്പോൾ തിരഞ്ഞെടുപ്പു വിശേഷം ചോദിക്കാമെന്നു കരുതി ഇറങ്ങി. മേശപ്പുറത്ത് നിരത്തിവച്ച പ്ളാസ്‌റ്റിക്ക് ബോട്ടിലുകളിൽ നിറച്ച നിറമുള്ള ദ്രാവകം ചൂണ്ടി, കൂൾഡ്രിങ്ക്‌സ് ഉണ്ടോ എന്നു ചോദിച്ചു. ഹിന്ദി അറിയാത്ത കടക്കാരന്റെ ബംഗാളിയിലുള്ള മറുപടി: "കോനാ സിതാലാ പാനീയ, പെട്രാലാ ദിത്തെ ഹാബെ"
കാര്യം പിടികിട്ടാൻ ബംഗാളിയായ ഡ്രൈവർ ശാന്തനുവിന്റെ പരിഭാഷ വേണ്ടി വന്നു: കൂൾ ഡ്രിങ്ക്‌സ് ഇല്ല, വേണമെങ്കിൽ പെട്രോൾ തരാം!
സർബത്ത് എന്നു കരുതിയ അൽപം നിറവ്യത്യാസമുള്ള ദ്രാവകം ഡീസലാണ്. ഇവിടെയൊക്കെ ആളുകൾ ഇതാണോ കുടിക്കുന്നത് എന്ന് സംശയിക്കാതിരുന്നില്ല. ഇവിടേക്കു വന്ന വഴിയും ശന്തനുവിന്റെ വിശദീകരണവും കാര്യങ്ങൾ വ്യക്തമാക്കി. ആ ഭാഗത്തൊന്നും പെട്രോൾ ബങ്കുകളില്ല. അതുകൊണ്ട് ചെറിയ കടകളിലെല്ലാം കന്നാസിലും കുപ്പികളിലും സാധനം കിട്ടും. വണ്ടിയിൽ ഇന്ധനം കുറവാണെന്ന തിരിച്ചറിവിൽ ശാന്തനു ആവശ്യപ്പെട്ടപ്പോൾ അഞ്ചു ലിറ്ററിന്റെ കന്നാസിൽ കടക്കാരൻ ഡീസൽ കൊണ്ടുവന്ന് ഒഴിച്ചു കൊടുത്തു: ലിറ്ററിന് 75 രൂപ. പെട്രോൾ വില ലിറ്ററിന് 110 രൂപ!
കുപ്പികളിൽ അടച്ച ഇന്ധനങ്ങളുടെ പ്രധാന ഉപഭോക്താക്കൾ മത്സ്യക്കൃഷിക്കാരാണ്. വെള്ളത്തിൽ കൃത്രിമ ഓക്‌സിജൻ നിറയ്‌ക്കുന്ന യന്ത്രവും, പാടങ്ങളിൽ വെള്ളം വറ്റിക്കാനുള്ള പമ്പുകളും പ്രവർത്തിപ്പിക്കാൻ പെട്രോളും ഡീസലും വേണം. 40 കിലോമീറ്റർ ദൂരെ ബസിർഹത്ത് ടൗണിലെ പമ്പു വരെ പോകാൻ കഴിയാത്തവർക്ക് കടകളാണ് ആശ്രയം. കുപ്പി ഡീസലും മീൻപിടിത്ത വലകളുമാണ് സ്ഥലത്തെ പ്രധാന കച്ചവടം.
മത്സ്യക്കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന ദളിത്- പിന്നാക്ക വിഭാഗങ്ങളിൽ തൃണമൂൽ കോൺഗ്രസിന് നല്ല സ്വാധീനമുണ്ട്. ഭരിക്കുന്നവർക്കൊപ്പം നിൽക്കുകയാണ് നല്ലതെന്ന ചിന്ത ചിലർ പങ്കുവച്ചു. എന്നാൽ 2014-നു ശേഷം ബി.ജെ.പിയുണ്ടാക്കിയ സ്വാധീനം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് 26 വർഷമായി ഇവിടെ മത്സ്യക്കൃഷി നടത്തുന്ന സുനിൽ ദാസ് പറയുന്നു. തങ്ങൾ ഉത്പാദിപ്പിക്കുന്ന മത്സ്യങ്ങൾക്ക് കയറ്റുമതിക്കും, ആഭ്യന്തര വിപണിയിൽ പഞ്ചനക്ഷത്ര ഹോട്ടലുകളിലടക്കം നല്ല ഡിമാൻഡ് ഉണ്ടെങ്കിലും ജീവിതനിലവാരം ഒട്ടും മെച്ചപ്പെട്ടിട്ടില്ലെന്നും ദാസ് ചൂണ്ടിക്കാട്ടുന്നു.