mamata-banerjee

ബംഗാളിൽ തന്റെ ഭരണത്തിനെതിരായ വികാരം മറികടക്കാൻ തൃണമൂൽ നേതാവും മുഖ്യമന്ത്രിയുമായ മമതാ ബാനർജി കണ്ടെത്തിയ വഴി ടോളിഗഞ്ചിൽ നിന്നാണ്. ടോളിഗഞ്ച് എന്നു പറഞ്ഞാൽ ബംഗാളി സിനിമാരംഗം. അവിടെ നിന്ന് അഞ്ച് ഗ്ളാമർ താരങ്ങളെയാണ് മമത ഇക്കുറി മത്സരക്കളത്തിലിറക്കിയത്. പഴയകാല നടിമാരായ ശതാബ്‌ദി റോയിയും മുൺമൂൺ സെന്നും സൂപ്പർസ്റ്റാർ ദേവും സിറ്റിംഗ് എം.പിമാരാണ്. ഇവർക്കു പുറമേ, ഇത്തവണ നുസ്രത്ത് ജഹാനെയും മിമി ചക്രബർത്തിയെയും കൂടി ഇറക്കി. സംഭവം ഗ്ളാമർ മയം. പ്രസംഗവേദിയിലെ താരസാന്നിദ്ധ്യം ആൾക്കൂട്ടത്തെ ആകർഷിക്കുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പിൽ അത് ഹിറ്റാകുമോ എന്നറിയാൻ ഒരാഴ്‌ച കൂടി കാത്തിരിക്കണം.

നുസ്രത്തും മിമിയുമാണ് മമതയുടെ സൂപ്പർ ഗ്ളാമർ താരങ്ങൾ. കഴിഞ്ഞ തവണ വിജയിച്ച സന്ധ്യാ റോയിക്കും തപസ് പാലിനും പകരമാണ് നുസ്രത് ജഹാനും മിമി ചക്രബർത്തിക്കും മമത ഇത്തവണ ടിക്കറ്റ് നൽകിയത്.

ശക്തമായ ഭരണവിരുദ്ധ തരംഗം പ്രതിരോധിക്കുക മാത്രമല്ല, ബി.ജെ.പിയുടെ തള്ളിക്കയറ്റത്തിന് തടയിടുക എന്ന ലക്ഷ്യം കൂടിയുണ്ട് മമതയുടെ ഈ ഗ്ളാമർ തന്ത്രത്തിനു പിന്നിൽ. താരങ്ങൾ സ്വന്തം മണ്ഡലത്തിൽ മാത്രമല്ല, അടുത്തുള്ള മണ്ഡലങ്ങളിലെ തൃ‌ണമൂൽ സ്ഥാനാർത്ഥികൾക്കു വേണ്ടിക്കൂടി വോട്ടു പിടിക്കാൻ പോകും.

കഷ്‌ടിച്ച് രണ്ടു മാസമേ ആയുള്ളൂ, നുസ്രത്ത് ജഹാൻ മമതയുടെ അഭ്യർത്ഥന സ്വീകരിച്ച് തൃണമൂൽ കോൺഗ്രസിൽ ചേർന്നിട്ട്. ബാസിർഹത്ത് മണ്ഡലത്തിൽ നിന്നാണ് പോരാട്ടം. വയസ്സ് ഇരുപത്തിയൊമ്പത്. കൊൽക്കത്തിയിലെ ഭവാനിപൂർ കോളേജിൽ നിന്ന് ബി.കോം പാസായ ശേഷം മോഡലിംഗിലൂടെയായിരുന്നു നുസ്രത്തിന്റെ അരങ്ങേറ്റം. 2010-ൽ ഫെയർ വൺ മിസ് കൊൽക്കത്ത ആയി തിരഞ്ഞെടുക്കപ്പെട്ടു. തമിഴിൽ സൂര്യയും അനുഷ്‌കാ ഷെട്ടിയും അഭിനയിച്ച് സൂപ്പർഹിറ്റായ സിങ്കത്തിന്റെ ബംഗാളി റീമേക്ക് ആയ ശത്രുവിലൂടെ (ഷോത്രു) സിനിമയിലേക്ക്. ഐറ്റം ഡാൻസറായും ചില സിനിമകളിൽ തിളങ്ങിയ നുസ്രത്തിന്റെ ആറു സിനിമകളാണ് 2016-ൽ മാത്രം തിയേറ്ററുകളിലെത്തിയത്. ഈ വർഷത്തെ ചിത്രത്തിന്റെ പേര് സെവൻ.

ജാദവ്പൂർ മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന മിമി ചക്രബർത്തിയുടെ രംഗപ്രവേശവും മോഡലിംഗിലൂടെയായിരുന്നു. ടെലിവിഷൻ പരിപാടികളിലൂടെ ശ്രദ്ധേയയായ ശേഷമായിരുന്നു സിനിമയിലേക്കുള്ള വരവ്. ഈ വർഷം ഖേലാ ജോഖോം, സിന്ദൂർ ഖേലാ എന്നീ ചിത്രങ്ങൾ പുറത്തിറങ്ങാനുണ്ട്.

2009- ൽ പഴയകാല നായകൻ തപസ് പോളിനെ കൃഷ്‌ണരാജനഗറിലും മുൻ നായിക ശതാബ്‌ദി റോയിയെ ബിർബൂമിലും ജയിപ്പിച്ചാണ് വെള്ളിത്തിരയിൽ നിന്ന് രാഷ്‌ട്രീയത്തിലേക്ക് താരങ്ങളെ ഇറക്കിയുള്ള മമതാ ബാനർജിയുടെ പരീക്ഷണം തുടങ്ങിയത്. 2014-ൽ രണ്ടുപേരും സീറ്റുകൾ നിലനിറുത്തി. ആ ധൈര്യത്തിൽ കഴിഞ്ഞ തവണ ഗട്ടലിൽ നിർമ്മാതാവും സൂപ്പർതാരവുമായ ദീപക് അധികാരി (ദേബ്), മുൺമൂൺ സെൻ, സന്ധ്യാ റോയി എന്നിവർക്ക് ടിക്കറ്റ് നൽകി. ആ പരീക്ഷണവും സൂപ്പർഹിറ്റ്. വർഷങ്ങളോളം സി.പി.എം കൈവശം വച്ചിരുന്ന സീറ്റുകളാണ് മമതയ്‌ക്കു വേണ്ടി ഇവർ പിടിച്ചെടുത്തത്. ഇത്തവണ നുസ്രത്തും മിമിയും മമതയുടെ വിശ്വാസം തെറ്റിക്കാൻ ഒരു സാദ്ധ്യതയും കാണാനില്ല.

ദീപക് അധികാരി എന്ന ദേവ് ബംഗാളി സിനിയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സൂപ്പർ നായക താരം. നടൻ മാത്രമല്ല, നിർമ്മാതാവും തിരക്കഥാകൃത്തും ഗായകനും കൂടിയാണ് ദേവ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സി.പി.ഐയിലെ സന്തോഷ് റാണയെയും കോൺഗ്രസ് നേതാവ് മനസ് ഭുനിയയെയും ദേവ് മറികടന്നത് താരപ്രഭ ഒന്നുകൊണ്ടു മാത്രം. രണ്ടര ലക്ഷത്തിലധികമായിരുന്നു ഭൂരിപക്ഷം.

ബംഗാളിയിൽ മാത്രമല്ല, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, മറാത്തി, കന്നഡ സിനിമയ്‌ക്കും പരിചിതയായ മുൺമൂൺ 2014-ലെ ആദ്യ മത്സരത്തിൽ ബാങ്കുറയിൽ സി.പി.എമ്മിന്റെ ഉരുക്കുമനുഷ്യനായ ബസുദേവ് ആചാര്യയെ തറപറ്റിച്ചാണ് ലോക്‌സഭയിലെത്തിയത്. ഒൻപതു തവണ എം.പി ആയിരുന്ന ബസുദേവിന് അന്ന് മുൺമൂൺ സെന്നിന്റെ താരപരിവേഷത്തിനു മുന്നിൽ അടിയറവു പറയേണ്ടിവന്നു.

2009-ലും 2014-ലും ബിർഭുമിൽ നിന്നുള്ള തൃണമൂൽ എം.പിയാണ് ശതാബ്‌ദി റോയി. തൃണമൂൽ അംഗവും നടനുമായ തപസ് പോളുമൊത്തുള്ള സിനിമകളാണ് ശതാബ്‌ദിയുടെ താരപദവി ഉറപ്പിച്ചത് എന്നൊരു കൗതുകം കൂടിയുണ്ട്. 1980-കളിൽ ഇരുവരും നായികാനായകന്മാരായി അഭിനയിച്ച അമർ ബന്ധൻ, ഗുരുദക്ഷിണ, അന്തരംഗ, അപൻ അമർ അപൻ തുടങ്ങിയ ചിത്രങ്ങൾ സൂപ്പർഹിറ്റുകളായിരുന്നു.