നാമനിർദ്ദേശ പത്രിക തള്ളിയെന്നു കരുതി തേജ് ബഹാദൂർ യാദവിനെ ചുമ്മാ വീട്ടിലിരുത്താമെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ വിചാരിക്കരുത്. വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മഹാസഖ്യത്തിന്റെ പ്രചാരണ പരിപാടികളിൽ ബഹാദൂർ ഉഷാർ.
കഴിഞ്ഞ ദിവസം വാരണാസിയിലെ സമാജ്‌വാദി സ്ഥാനാർത്ഥി ശാലിനി യാദവിനു വേണ്ടിയുള്ള പ്രചാരണത്തിരക്കിലായിരുന്നു, സൈന്യത്തിൽ നിന്ന് പുറത്താക്കപ്പെട്ട തേജ് ബഹാദൂർ. വാരണാസിയിലെ ഹോട്ടൽ മുറിയിൽ വച്ചാണ് ബഹാദൂറിനെ കണ്ടത്. നിറഞ്ഞ ചിരിയോടെ, രാജ്യത്തെ ഏറ്റവും ശക്തനായ നേതാവിനെതിരെ പോരാടുന്ന അതേ വീര്യത്തോടെ ബഹാദൂർ സംസാരിച്ചു.''അഴിമതി നടത്തിയതിനല്ല എന്നെ സൈന്യത്തിൽ നിന്ന് പിരിച്ചുവിട്ടത്; അഴിമതി പുറംലോകത്തെ അറിയിച്ചതിനാണ്. സൈന്യത്തിലാകെ അഴിമതിയാണ്. മോദിയുടെ ഭരണകാലത്ത് അത് ഇരട്ടിയായി. മോദിക്കെതിരെ വാരണാസിയിൽ മത്സരിക്കാൻ കഴിഞ്ഞില്ലെങ്കിലും പോരാട്ടം തുടരും; തിരഞ്ഞെടുപ്പ് കഴിഞ്ഞാലും."
പത്രിക തള്ളിയത് ഗൂഢാലോചന
പുൽവാമ ഭീകരാക്രമണത്തെ രാഷ്ട്രീയവത്കരിച്ചതിലൂടെ രാജ്യത്തെയും സൈന്യത്തെയും അപമാനിക്കുകയാണ് മോദി ചെയ്‌തത്. ഏതെങ്കിലും രീതിയിൽ പ്രതികരിക്കണമെന്നു തോന്നി. അങ്ങനെയാണ് മോദി മത്സരിക്കുന്ന വാരണാസിയിൽ അദ്ദേഹത്തെ എതിരിടാൻ തീരുമാനിച്ചത്. സൈന്യത്തിൽ നിന്ന് പുറത്താക്കിയിട്ടും മോദിയെ വിമർശിക്കുന്നത് തുടരുന്നതുകൊണ്ട് നിരന്തരം ഭീഷണിയുണ്ട്.
മത്സരിക്കാൻ തീരുമാനിച്ചപ്പോൾ പിന്തുണ തേടി രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടി നേതാക്കൾക്കെല്ലാം കത്തയച്ചു. ആം ആദ്മി പാർട്ടിയാണ് ആദ്യം പ്രതികരിച്ചത്. ആപ്പ് എം.പി സഞ്ജയ് സിംഗ് എന്നെ വന്നുകണ്ടു. അവരുടെ സ്ഥാനാർത്ഥിയായി മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു. പെട്ടെന്നൊരു തീരുമാനം പറഞ്ഞില്ല. പിന്നീട് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ലക്‌നൗവിലേക്ക് വിളിപ്പിച്ച് പിന്തുണയറിയിച്ചു. മഹാസഖ്യത്തിന്റെ സ്ഥാനാർത്ഥിയാകണമെന്ന് പറഞ്ഞു. ആം ആദ്മി ടിക്കറ്റിൽ മത്സരിച്ചാലും പിന്തുണയ്‌ക്കാമെന്നും വേണമെങ്കിൽ തങ്ങളുടെ സ്ഥാനാർത്ഥിയെ പിൻവലിക്കാമെന്നും അദ്ദേഹം പറഞ്ഞു. തുടർന്നാണ് എസ്.പി സ്ഥാനാർത്ഥിയായി നാമനിർദ്ദേശപത്രിക നൽകിയത്.
മോദിക്കു വേണ്ടി അമിത്ഷായും യോഗി ആദിത്യനാഥും നടത്തിയ ഗൂഢാലോചനയാണ് എന്റെ പത്രിക തള്ളലിനു പിന്നിൽ. ആവശ്യമായ എല്ലാ രേഖകളും നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം നൽകിയിരുന്നു. പത്രിക സമർപ്പിച്ചതിനു പിന്നാലെ അമിത് ഷായും യോഗിയും ബനാറസ് ഹിന്ദുസർവകലാശാലയ്‌ക്കടുത്ത് യോഗം ചേർന്നു. പുലർച്ചെ രണ്ടുമണി വരെ നീണ്ടു, ആ യോഗം.
അർദ്ധരാത്രിയായപ്പോൾ എന്റെ അഭിഭാഷകൻ രാജേഷ് ഗുപ്‌തയ്‌ക്ക് ഒരു ഉദ്യോഗസ്ഥന്റെ ഫോൺകാൾ വന്നു. പത്രിക തള്ളാനിടയുണ്ടെന്നും ജാഗ്രത വേണമെന്നുമുള്ള മുന്നറിയിപ്പായിരുന്നു അത്. അതുപോലെ തന്നെ സംഭവിച്ചു. അഴിമതി നടത്തിയതിനല്ല, അച്ചടക്ക ലംഘനം ചൂണ്ടിക്കാണിച്ചാണ് എന്നെ സേനയിൽ നിന്ന് പുറത്താക്കിയത്. പിരിച്ചുവിടൽ ഉത്തരവിൽ അതുണ്ട്.
ഇനി സമാജ്‌വാദി പാർട്ടിക്കൊപ്പം
ഹരിയാനയിലെ റിവാഡി സ്വദേശിയാണ് തേജ് ബഹാദൂർ യാദവ്. സൈനികർക്കു നൽകുന്ന ഭക്ഷണം മോശമാണെന്നു ചൂണ്ടിക്കാട്ടി ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്‌തതിനാണ് 2017-ൽ തേജ് ബഹാദൂറിനെ ബി.എസ്.എഫിൽ നിന്ന് പുറത്താക്കിയത്. സൈനികരെക്കുറിച്ച് എപ്പോഴും വികാരപരമായി സംസാരിക്കുന്ന മോദി സർക്കാരിന് തേജ് ബഹാദൂറിന്റെ ആരോപണം തിരിച്ചടിയായിരുന്നു.
"കർഷക കുടുംബമാണ് എന്റേത്. പിരിച്ചുവിട്ടതോടെ വരുമാനമില്ലാതായി. കൃഷി ചെയ്യുന്നുണ്ട്. ഭാര്യയാണ് എപ്പോഴും കൂടെയുള്ളത്. ഒരു മകനുണ്ടായിരുന്നത് മരിച്ചുപോയി. തിരഞ്ഞെടുപ്പു കഴിഞ്ഞാലും ബി.ജെ.പിക്കും മോദിക്കുമെതിരെ പോരാട്ടം തുടരും. സൈന്യത്തിൽ ഈ സർക്കാരിന്റെ കാലത്താണ് ഏറ്റവും കൂടുതൽ അഴിമതി നടന്നിട്ടുള്ളത്. പശു, സൈനികർ, രാജ്യസ്നേഹം.... മോദിക്ക് എല്ലാത്തിനും പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ട്. കാവൽക്കാരന്റെ കുപ്പായമിട്ട കൊള്ളക്കാരാണ് ഇക്കൂട്ടർ. ഇനി സമാജ്‌വാദി പാർട്ടിയോടൊപ്പമാണ് രാഷ്ട്രീയ ജീവിതം." മുന്നോട്ടുതന്നെയെന്ന് വ്യക്തമാക്കി തേജ് ബഹാദൂർ യാദവ് പറഞ്ഞു.