congress

ന്യൂഡൽഹി: മോദി- അമിത് ഷാ സഖ്യത്തെ ഇത്തവണ തടഞ്ഞില്ലെങ്കിൽ സ്വന്തം ഉയിർത്തെഴുന്നേൽപ്പു തന്നെ പ്രയാസമാകുമെന്ന വിലയിരുത്തലിലാണ് വിട്ടുവീഴ്‌ചയ്‌ക്ക് കോൺഗ്രസ് ഒരുങ്ങുന്നത്. തിരഞ്ഞെടുപ്പിൽ ഒന്നിച്ചു നിൽക്കാതിരുന്നത് ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാനിടയാക്കിയ സാഹചര്യത്തിൽ പ്രത്യേകിച്ചും.

പ്രതിപക്ഷ ഭിന്നിപ്പു കാരണം യു.പി.എയ്‌ക്ക് അധികാരത്തിലെത്താനുള്ള ഭൂരിപക്ഷം ലഭിക്കില്ലെന്ന വിലയിരുത്തലുണ്ട്. തിരഞ്ഞെടുപ്പിനു ശേഷമെങ്കിലും ഒന്നിച്ചു നിന്നില്ലെങ്കിൽ മോദിയുടെ തിരിച്ചുവരവ് തടയാൻ കഴിഞ്ഞില്ലെന്നു വരും. ഈ സാഹചര്യത്തിൽ,​ മുഖ്യമന്ത്രിപദം സഖ്യകക്ഷിക്കു നൽകിയ കർണാടക മോഡലിൽ കേന്ദ്രത്തിൽ പ്രധാനമന്ത്രി സ്ഥാനം വിട്ടുനൽകി പ്രതിപക്ഷ ഐക്യ സർക്കാരുണ്ടാക്കുന്നതിൽ മദ്ധ്യവർത്തിയാകാനാണ് കോൺഗ്രസ് നീക്കം.

സോണിയ രണ്ടാഴ്‌ചയായി എല്ലാ പ്രതിപക്ഷ നേതാക്കളുമായും ഫോണിൽ ബന്ധപ്പെട്ടുകൊണ്ടിരുന്നു. അതിന്റെ തുടർച്ചയായാണ് കത്തയച്ചത്.കമൽനാഥിനെക്കൊണ്ട് ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിനെയും ‌‌ടി.ആർ.എസ് നേതാവ് ചന്ദ്രശേഖർ റാവുവിനെയും ഫോണിൽ വിളിപ്പിച്ചു. കമൽ നാഥും നവീനും ഡൂൺ സ്‌കൂളിൽ സഹപാഠികളായിരുന്നു. കെ.ചന്ദ്രശേഖർ റാവു, ആന്ധ്രയിലെ വൈ.എസ്.ആർ അദ്ധ്യക്ഷൻ ജഗ്‌മോഹൻ റെഡ്ഡി എന്നിവരെ ഒപ്പം നിരുത്താൻ സ്റ്റാലിൻ വഴിയും ശ്രമിക്കുന്നുണ്ട്. മമതാ ബാനർജി, മായാവതി എന്നിവരുമായി അടുത്ത ബന്ധമുള്ള സോണിയയ്‌ക്ക് അവരെ അനുനയിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

കർണാടക മോഡലിന് കോൺഗ്രസ്

കേവലഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ പ്രതിപക്ഷ കക്ഷികളെ സ്വാധീനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ടാക്കുകയെന്ന ബി.ജെ.പി തന്ത്രം പൊളിക്കുകയാണ് കോൺഗ്രസ് ലക്ഷ്യം. മാറിനിൽക്കുന്ന വൈ.എസ്.ആർ, ബി.ജെ.ഡി, ടി.ആർ.എസ് എന്നിവരുടെ നിലപാടുകൾ നിർണായകമാവും. ഈ പാർട്ടികൾക്കാകെ നാൽപ്പതോളം സീറ്റ് ലഭിക്കുമെന്നാണ് കോൺഗ്രസ് കണക്ക് കൂട്ടൽ.
ഗോവയിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ചെറുകക്ഷികളെ കൂട്ടുപിടിച്ച് ബി.ജെ.പി അധികാരത്തിലെത്തിയിരുന്നു. എന്നാൽ കർണാടകയിൽ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ജെ.ഡി.എസിന് മുഖ്യമന്ത്രി പദം നൽകി അവരെ അധികാരത്തിൽ നിന്നകറ്റാൻ കോൺഗ്രസിനായി.