ന്യൂഡൽഹി: പശ്ചിമബംഗാളിൽ തിരഞ്ഞെടുപ്പ് സംഘർഷങ്ങളെത്തുടർന്ന് പ്രചാരണം വെട്ടിക്കുറച്ച തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയെ വിമർശിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. പ്രചാരണ നിരോധനം രാത്രി 10 മുതൽ ഏർപ്പെടുത്തിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടു റാലികൾ മുടങ്ങാതിരിക്കാനാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
കോൺഗ്രസ്, ബി.എസ്.പി, എസ്.പി, ടി.ഡി.പി, ആംആദ്മി പാർട്ടികളാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് പിന്തുണ പ്രഖ്യാപിച്ചത്. ജനാധിപത്യത്തിന്റെ ചരിത്രത്തിലെ കറുത്ത ദിനമാണിത്. കമ്മിഷൻ നടപടി ഭരണഘടനയോടുള്ള വഞ്ചനയാണ്. പ്രധാനമന്ത്രിയുടെ റാലിക്ക് അനുമതി നൽകിയ മമത മറ്റെല്ലാം നിഷേധിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം എന്നത്, മോദി കോഡ് ഒഫ് മിസ്‌കണ്ടക്‌ട് ആയെന്ന് കോൺഗ്രസ് വക്താവ് സുർജേവാല പരിഹസിച്ചു.
പ്രധാനമന്ത്രിയുടെ രണ്ട് റാലികൾ നടക്കാനുള്ളതു കാരണമാണ് പ്രചാരണ വിലക്ക് രാത്രി പത്തു മുതൽ നിശ്ചയിച്ചത്. എന്തുകൊണ്ട് ഇന്നലെ രാവിലെ മുതൽ നിരോധനം ഏർപ്പെടുത്തയില്ല? ഇത് അധാർമ്മികമാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ കടുത്ത സമ്മർദ്ദത്തിലാണെന്നും ബി.എസ്.പി അദ്ധ്യക്ഷ മായാവതി വിമർശിച്ചു. തൃണമൂലിന്റെ പരാതി സൗകര്യപൂർവം അവഗണിച്ചാണ് അമിത് ഷായുടെയും മോദിയുടെയും പരാതിയിലുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആരോപിച്ചു. എസ്.പി അദ്ധ്യക്ഷൻ അഖിലേഷ് യാദവും മമതയെ പിന്തുണയ്‌ക്കുന്നതായി അറിയിച്ചു.
സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയെ വിമർശിച്ചു. നേരത്തേ, ശാരദചിട്ടി ഫണ്ട് കേസിൽ സി.ബി.ഐ നടപടിയെ ചൊല്ലിയുണ്ടായ മമത ബാനർജി- കേന്ദ്രസർക്കാർ പോരിലും പ്രതിപക്ഷ നേതാക്കൾ മമതയ്‌ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.