rajeev-kumar

മമതാ ബാനർജിക്ക് തിരിച്ചടി  ജാമ്യാപേക്ഷയ്ക്കായി ഏഴുദിവസം അനുവദിച്ചു

ന്യൂഡൽഹി: ശാരദ ചിട്ടിതട്ടിപ്പ് കേസിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ വിശ്വസ്തനായ മുൻ കൊൽക്കത്ത പൊലീസ് കമ്മിഷണർ രാജീവ്കുമാറിന്റെ അറസ്റ്റ് വിലക്കിയ ഇടക്കാല ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. കേസിൽ സി.ബി.ഐക്ക് നിയമപരമായി നീങ്ങാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സഞ്ജയ് ഖന്ന എന്നിവരുടെ ബെഞ്ചിന്റെ വിധിയിൽ വ്യക്തമാക്കി.

തൃണമൂൽ നേതാക്കൾ ഉൾപ്പെട്ട ചിട്ടി തട്ടിപ്പ് കേസിൽ കേന്ദ്രസർക്കാരുമായി ഏറ്റുമുട്ടുന്ന മമതാ ബാനർജിക്ക് ഉത്തരവ് തിരിച്ചടിയാണ്.

ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാൻ രാജീവ്കുമാറിന് ഏഴുദിവസം അനുവദിച്ചിട്ടുണ്ട്. അതുവരെ മുൻ ഉത്തരവ് നിലനിൽക്കും. അതേസമയം,​ കഴിഞ്ഞദിവസം ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ റാലിക്കിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് സി.ഐ.ഡി എ.ഡി.ജി.പിയായ രാജീവ്കുമാറിനെ തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യാഴാഴ്ച ഡൽഹിയിലേക്ക് സ്ഥലം മാറ്റിയിരുന്നു.

2000 കോടിയുടെ ചിട്ടി തട്ടിപ്പ് കേസിൽ തൃണമൂൽ നേതാക്കൾക്കെതിരെയുള്ള തെളിവുകൾ മുൻ അന്വേഷണ ഉദ്യോഗസ്ഥനായ രാജീവ്കുമാർ നശിപ്പിച്ചെന്നും ചിലതിൽ കൃത്രിമം നടന്നെന്നും സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു. ഫെബ്രുവരി 3ന് രാജീവ്കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ ബംഗാൾ പൊലീസ് കസ്റ്റഡിയിലെടുത്തത് കേന്ദ്രവും മമതയും തമ്മിലുള്ള തുറന്ന ഏറ്റുമുട്ടലിന് വഴിവച്ചിരുന്നു. തുടർന്ന് സി.ബി.ഐ സുപ്രീംകോടതിയെ സമീപിച്ചു. രാജീവ്കുമാർ ചോദ്യം ചെയ്യലിനായി സി.ബി.ഐക്ക് മുന്നിൽ ഹാജരാകാൻ കോടതി ഉത്തരവിട്ടെങ്കിലും അറസ്റ്റ് വിലക്കി. നിഷ്‌പക്ഷ സ്ഥലമായ മേഘാലയയിലെ ഷില്ലോംഗിൽ സി.ബി.ഐ രാജീവ്കുമാറിനെ ചോദ്യംചെയ്തു. അന്വേഷണത്തോട് രാജീവ്കുമാർ സഹകരിക്കാത്തതിനാൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും അറസ്റ്റ് തടഞ്ഞുള്ള മുൻ ഉത്തരവ് നീക്കണമെന്നും ആവശ്യപ്പെട്ട് വീണ്ടും സി.ബി.ഐ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹർജിയിലാണ് ഇന്നലത്തെ വിധി.

 രാജീവ് കുമാർ: മമതയുടെ വിശ്വസ്തൻ

1989 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ രാജീവ് കുമാർ 2016ലാണ് കൊൽക്കത്ത സിറ്റി പൊലീസ് കമ്മീഷണറായി നിയമിതനായത്. കോളിളക്കം സൃഷ്ടിച്ച ശാരദ, റോസ് വാലി കേസുകൾ അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘങ്ങളുടെ തലവനായിരുന്നു രാജീവ് കുമാർ. ഇടതു സർക്കാരിനു വേണ്ടി തന്റെ പ്രവർത്തകരെ ആക്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി നേരത്തെ നിരവധി തവണ രാജീവ് കുമാറിനെതിരെ മമത ബാനർജി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ,​ പിന്നീട് മമതയുടെ ഏറ്റവും വിശ്വസ്തരിൽ ഒരാളായി രാജീവ് മാറി. സെക്രട്ടേറിയറ്റ് മന്ദിരമായ നബാനയിൽ ഓഫീസുള്ള സംസ്ഥാനത്തെ ആദ്യ പൊലീസ് മേധാവിയാണ് രാജീവ്. മാത്രമല്ല,​ എല്ലാ ദിവസവും മുഖ്യമന്ത്രിയെ കാണാനുള്ള അനുവാദവും ഈ ഉദ്യോഗസ്ഥനുണ്ട്.