ന്യൂഡൽഹി:പ്രധാനമന്ത്രിയെന്ന നിലയിൽ അഞ്ച് വർഷത്തിനിടെ ആദ്യമായി പങ്കെടുത്ത പത്രസമ്മേളനത്തിൽ മാദ്ധ്യമപ്രവർത്തകരുടെ ഒരു ചോദ്യത്തിനും മറുപടി പറയാൻ കൂട്ടാക്കാത്ത
നരേന്ദ്ര മോദി, ബി. ജെ. പി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി വീണ്ടും അധികാരത്തിലേറുമെന്ന് അവകാശപ്പെട്ടു.
ബി. ജെ. പി ദേശീയ ആസ്ഥാനത്ത് ഇന്നലെ പാർട്ടി അദ്ധ്യക്ഷൻ അമിത് ഷായുടെ പത്രസമ്മേളനമാണ് നിശ്ചയിച്ചിരുന്നത്. മാദ്ധ്യമ പ്രവർത്തകർക്ക് മുന്നിലേക്ക് അമിത് ഷായ്ക്കൊപ്പം അപ്രതീക്ഷിതമായി പ്രധാനമന്ത്രി മോദിയും കടന്നു വരികയായിരുന്നു. പത്രസമ്മേളനം പാർട്ടി അദ്ധ്യക്ഷന്റേതാണെന്ന ന്യായത്തിൽ, താൻ ചോദ്യങ്ങൾക്കൊന്നും മറുപടി പറയില്ലെന്ന് അദ്ദേഹം ആദ്യമേ വ്യക്തമാക്കി.
ബി.ജെ.പി അച്ചടക്കമുള്ള പാർട്ടിയാണ്. ഞാൻ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണ് - ചോദ്യങ്ങൾ അമിത് ഷായ്ക്ക് വഴിതിരിച്ചുവിട്ട് മോദി പറഞ്ഞു. എല്ലാ ചോദ്യങ്ങൾക്കും പ്രധാനമന്ത്രി തന്നെ ഉത്തരം പറയേണ്ടതില്ലെന്ന് അമിത് ഷായും പ്രതികരിച്ചു.
തുടർന്ന് സംസാരിച്ച മോദി, താനിവിടെ വന്നത് നന്ദി അറിയിക്കാനാണെന്ന് പറഞ്ഞു. 2014 മേയ് 17ന് അധികാരമോഹികൾക്ക് വലിയ നഷ്ടമുണ്ടായി. നീതിപൂർവമായ ഭരണം അന്ന് തുടങ്ങി. ശക്തമായ സർക്കാരിന് വേണ്ടിയുള്ള ഫലമാണ് മേയ് 23ന് വരാൻപോകുന്നത്. 2014നേക്കാൾ ഭൂരിപക്ഷം ലഭിക്കും. വീണ്ടും ഞങ്ങളുടെ സർക്കാർ കേവലഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു കുടുംബത്തിന്റെ പിൻബലമില്ലാതെ 2014ൽ ഞങ്ങൾ സർക്കാരുണ്ടാക്കി. ആ അവസരം വീണ്ടും ലഭിക്കുകയാണ്. എല്ലാ ഉയർച്ച താഴ്ചകളിലും രാജ്യം എനിക്കൊപ്പം നിന്നു. അവസാനത്തെയാളിലും സേവനമെത്തിക്കാൻ കഴിഞ്ഞു. ഐ.പി.എല്ലും റമസാനും പരീക്ഷയും തിരഞ്ഞെടുപ്പും ഒരേ സമയം നടക്കുന്നു. ഇതാണ് യഥാർത്ഥ ജനാധിപത്യത്തിന്റെ ശക്തി - മോദി പറഞ്ഞു.
അധികാരത്തിലേറിയ ശേഷം മോദി ഒരിക്കൽ പോലും വാർത്താസമ്മേളനം നടത്താത്തതിനെ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഉൾപ്പെടെ പ്രതിപക്ഷം നിരന്തരം വിമർശിച്ചിരുന്നു. അതേസമയം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി വിവിധ മാദ്ധ്യമങ്ങൾക്ക് അഭിമുഖം നൽകിയിരുന്നു.