ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടടെടുപ്പ് ഇന്ന്
ന്യൂഡൽഹി: പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടപടിക്രമങ്ങൾ ഇന്ന് പൂർത്തിയാകും. പോളിംഗിന്റെ ഏഴാം ഘട്ടമായ ഇന്ന് ഏഴ‌് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഢിലുമായുള്ള 59 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്.
ഉത്തർപ്രദേശിലും പഞ്ചാബിലുമാണ് ഏറ്റവും അധികം സീറ്റുകളിലേക്ക് ഇന്ന് വോട്ടെടുപ്പ് നടക്കുക- 13 വീതം. പശ്ചിമബംഗാൾ (9), ബീഹാർ (8),മദ്ധ്യപ്രദേശ് (8), ജാർഖണ്ഡ് (3) ഹിമാചൽ (4)എന്നിവിടങ്ങൾക്കു പുറമേ ചണ്ഡിഗഢിലെ ഏക മണ്ഡലത്തിലേക്കും ഇന്ന് പോളിംഗ് നടക്കും.
ഇന്നു വൈകിട്ട് എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരും. പത്തു കോടിയലധികം വോട്ടർമാർ 912 സ്ഥാനാർത്ഥികളുടെ വിധി ഇന്ന് നിർണയിക്കും. ഒരു ലക്ഷത്തിലധികം പോളിംഗ് ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് പശ്ചിമ ബംഗാൾ. 2014-ൽ ഈ 59 സീറ്റുകളിൽ നാൽപ്പതും എൻ.ഡി.എയാണ‌് പിടിച്ചത്. 32 സീറ്റിൽ ബി.ജെ.പി ജയിച്ചപ്പോൾ സഖ്യകക്ഷികൾ എട്ടു സീറ്റ് നേടി. കോൺഗ്രസ‌് മൂന്നു സീറ്റുകളിലാണ് ജയിച്ചത്. തൃണമൂൽ കോൺഗ്രസ‌് - 9, ആംആദ്മി- നാല‌്, ജെ.എം.എം- ജെ.ഡി.യു- ഒന്ന് എന്നിങ്ങനെയാണ് മറ്റു കക്ഷികളുടെ നില.
പശ്ചിമ ബംഗാളിലെ ബി.ജെ.പി- തൃണമൂൽ സംഘർഷവും സാധ്വി പ്രജ്ഞാസിംഗിന്റെ വിവാദ പരാമർശവുമാണ് അവസാനഘട്ടത്തിൽ ഏറെ ചർച്ചയായത്. സംഘർഷത്തെ തുടർന്ന് ബംഗാളിൽ പരസ്യപ്രചാരണം തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരു ദിവസം വെട്ടിക്കുറച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അഞ്ചുവർഷത്തിനിടെ ആദ്യമായി വാർത്താസമ്മേളനത്തിൽ പങ്കെടുത്തത് പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രമുള്ളപ്പോഴാണ്.
വാരണാസിയിൽ രണ്ടാമതും ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ ഘട്ടത്തിലെ പ്രമുഖൻ. ബീഹാറിലെ പാറ്റ്ന സാഹിബിൽ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്, ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്ന സിറ്റിംഗ് എം.പി ശത്രുഘ്‌നൻ സിൻഹ, കേന്ദ്രമന്ത്രി രാംകൃപാൽ യാദവ്, മുൻ ലോക്‌സഭാ സ്‌പീക്കർ മീരാകുമാർ, ആർ.ജെ.ഡി അദ്ധ്യക്ഷൻ ലാലുപ്രസാദ് യാദവിന്റെ മകൾ മിസാ ഭാരതി എന്നിവരും ഇന്ന് ജനവിധി തേടുന്നു.
ജാർഖണ്ഡിൽ മുൻ മുഖ്യമന്ത്രി ഷിബു സോറൻ, പഞ്ചാബിൽ ബോളിവുഡ് നടൻ സണ്ണി ഡിയോൾ, കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ, കോൺഗ്രസ് നേതാവ് മനീഷ് തീവാരി,മുൻ മുഖ്യമന്ത്രി സുഖ്ബീർ സിംഗ് ബാദൽ, ബംഗാളിൽ മമതയുടെ മരുമകൻ അഭിഷേക് ബാനർജി, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സഹോദര പൗത്രൻ ചന്ദ്രകുമാർ ബോസ്,ചണ്ഡിഗഢിൽ ബോളിവുഡ് നടിയും ബി.ജെ.പി സിറ്റിംഗ് എം.പിയുമായ കിരൺ ഖേർ, കോൺഗ്രസ് നേതാവ് പവൻകുമാർ ബൻസാൽ തുടങ്ങിയവരും മത്സരരംഗത്തുണ്ട്.