election-commission-

ന്യൂഡൽഹി: അവസാനഘട്ട തിരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ, പെരുമാറ്റച്ചട്ടലംഘന പരാതികളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി അദ്ധ്യക്ഷൻ അമിത്ഷായ്‌ക്കും ക്ലീൻചിറ്റ് നൽകിയതിൽ തിരഞ്ഞെടുപ്പ് കമ്മിഷനിലെ ഭിന്നത മറനീക്കി പുറത്തേക്ക്.

ക്ലീൻ ചിറ്റിനോട് വിയോജിച്ച കമ്മിഷൻ അംഗം അശോക് ലവാസ, തന്റെ വിയോജിപ്പ് അന്തിമ ഉത്തരവുകളിൽ രേഖപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് കമ്മിഷൻ യോഗങ്ങൾ ബഹിഷ്‌കരിച്ചെന്ന മാദ്ധ്യമ റിപ്പോർട്ടുകളാണ് വിവാദമായത്. ഇന്നലെ ഈ റിപ്പോർട്ടുകൾ നിഷേധിച്ച മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ, വിവാദങ്ങൾ അനാവശ്യവും അനവസരത്തിലുള്ളതുമാണെന്ന് പറഞ്ഞു. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ 21ന് കമ്മിഷൻ യോഗം ചേരും.

സുനിൽ അറോറ, കമ്മിഷണർമാരായ സുശീൽ ചന്ദ്ര, അശോക് ലവാസ എന്നിവരാണ് മോദിക്കും അമിത്ഷായ്ക്കുമെതിരെ കോൺഗ്രസ് നൽകിയ ചട്ടലംഘന പരാതികൾ പരിശോധിച്ചത്. മോദിക്കെതിരായ ആറ് പരാതികളിൽ ക്ലീൻ ചിറ്റ് നൽകിയതിനെ അശോക് ലവാസ എതിർത്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. മോദിക്ക് നോട്ടീസ് അയയ്‌ക്കണമെന്ന ലവാസയുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. 2 - 1 എന്ന ഭൂരിപക്ഷത്തിലാണ് കമ്മിഷൻ ഇരുവർക്കും ക്ലീൻ ചിറ്റ് നൽകിയത്.

അന്തിമ ഉത്തരവുകളിൽ തന്റെ വിയോജിപ്പ് രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ലവാസ മേയ് 4, 10, 14 തീയതികളിലായി മൂന്ന് തവണ സുനിൽ അറോറയ്‌ക്ക് കത്തെഴുതിയിട്ടും ഫലമുണ്ടായില്ല. തുടർച്ചയായി ക്ലീൻചിറ്റ് നൽകുന്നതിലെ തന്റെ വിയോജിപ്പ് ഉത്തരവിൽ രേഖപ്പെടുത്തുന്നില്ലെന്ന് ലവാസ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർക്ക് പരാതി നൽകിയെന്നും മേയ് 4ന് ശേഷം അദ്ദേഹം കമ്മിഷന്റെ യോഗങ്ങളിൽ പങ്കെടുക്കുന്നില്ലെന്നുമാണ് ഇന്നലെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

പരാതികളിൽ സാദ്ധ്യമെങ്കിൽ കമ്മിഷൻ ഏകകണ്ഠമായി തീരുമാനമെടുക്കണം. ഭിന്നാഭിപ്രായമുണ്ടെങ്കിൽ ന്യൂനപക്ഷ തീരുമാനം രേഖപ്പെടുത്തണമെന്ന ചട്ടം പാലിക്കപ്പെടുന്നില്ലെന്നും ലവാസ ചൂണ്ടിക്കാട്ടിയെന്നാണ് റിപ്പോർട്ട്.

മോദിക്കെതിരായ പരാതികളിൽ കമ്മിഷൻ പക്ഷപാതപരമായാണ് പെരുമാറിയതെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ചട്ടലംഘന പരാതികളിലെല്ലാം ഇരുവർക്കും ക്ലീൻ ചിറ്റ് നൽകുന്നതിനെ പ്രതിപക്ഷ പാർട്ടികളും വിമർശിച്ചിരുന്നു.

ഭിന്നാഭിപ്രായം ഫയലിൽ

അതേസമയം, അർദ്ധ ജുഡിഷ്യൽ ഉത്തരവുകളിലാണ് ന്യൂനപക്ഷ അഭിപ്രായം രേഖപ്പെടുത്താറുള്ളതെന്നും ചട്ടലംഘന പരാതികളിൽ ഭിന്നാഭിപ്രായം ഫയലിൽ സൂക്ഷിക്കുകയും ഭൂരിപക്ഷ തീരുമാനം ഉത്തരവായി കക്ഷികൾക്ക് നൽകുകയുമാണ് പതിവെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

'കമ്മിഷനിൽ അഭിപ്രായ വ്യത്യാസങ്ങൾ അസാധാരണമല്ല. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെല്ലാം അവസാനഘട്ട തിരഞ്ഞെടുപ്പിന്റെ തിരക്കിലാണ്. വോട്ടെണ്ണുക എന്ന ബൃഹത്തായ ജോലിയുമുണ്ട്. ഇതിനിടയിൽ കമ്മിഷനിലെ ആഭ്യന്തര ചർച്ചകളെ പറ്റി വന്ന മാദ്ധ്യമ വാർത്തകൾ അനാവശ്യമാണ്. അംഗങ്ങൾക്ക് ഭിന്നാഭിപ്രായം സ്വാഭാവികമാണ്. അത് അങ്ങനെ തന്നെ വേണം. ഒരാൾ മറ്റൊരാളുടെ പതിപ്പല്ല. തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നത് വരെ അത് കമ്മിഷനിൽ തന്നെ നിൽക്കുകയാണ് പതിവ്".

- സുനിൽ അറോറ,

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ