ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇന്ന് അവസാനിക്കാനിരിക്കെ, ബി.ജെ.പി വിരുദ്ധ സഖ്യരൂപീകരണ ശ്രമങ്ങളുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡു ഇന്നലെ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി.
കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി, എൻ.സി.പി നേതാവ് ശരദ് പവാർ, ബി.എസ്.പി അദ്ധ്യക്ഷ മായാവതി, എസ്.പി നേതാവ് അഖിലേഷ് യാദവ്, സി.പി.ഐ ജനറൽ സെക്രട്ടറി എസ്.സുധാകർ റെഡ്ഡി, എൽ.ജെ.ഡി നേതാവ് ശരദ് യാദവ് തുടങ്ങിയവരെയാണ് ചന്ദ്രബാബു നായിഡു കണ്ടത്. കഴിഞ്ഞദിവസം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെയും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെയും നായിഡു സന്ദർശിച്ചിരുന്നു.
ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയ്‌ക്ക് കേവലഭൂരിപക്ഷം ലഭിക്കില്ലെന്ന വിലയിരുത്തലാണ് പ്രതിപക്ഷത്തിനുള്ളത്. അതിനാൽ പ്രതിപക്ഷ കക്ഷികളെയെല്ലാം ഒരുമിച്ച് നിറുത്തുകയെന്ന ദൗത്യമാണ് ചന്ദ്രബാബു നായിഡു മുൻകൈയെടുത്ത് നടത്തുന്നത്.
രാവിലെ രാഹുൽഗാന്ധിയുമായി പ്രതിപക്ഷ സഖ്യസാദ്ധ്യതകളെക്കുറിച്ച് നായിഡു ചർച്ചനടത്തി. പിന്നീട് ലക്‌നൗവിലെത്തി അഖിലേഷിനെയും മായാവതിയെയും കണ്ടു. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി നായിഡു ഫോണിൽ ചർച്ചനടത്തി. നേരത്തെ മമതയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം ബംഗാളിൽ മമതയുടെ രണ്ട് റാലികളിൽ പങ്കെടുത്തിരുന്നു. പ്രതിപക്ഷ ഭിന്നിപ്പു കാരണം യു.പി.എയ്‌ക്ക് അധികാരത്തിലെത്താനുള്ള ഭൂരിപക്ഷം ലഭിക്കില്ലെന്ന വിലയിരുത്തലുണ്ട്.
കോൺഗ്രസ് ബി.ജെ.പി ഇതര ഫെഡറൽ ഫ്രണ്ട് രൂപീകരണത്തിനായി ടി.ഡി.പിയുമായി ഏറ്റുമുട്ടുന്ന ടി.ആർ.എസ് നേതാവ് കെ.ചന്ദ്രശേഖരറാവു അടുത്തിടെ വിവിധ നേതാക്കളെ കണ്ടിരുന്നു. ടി.ആർ.എസിനെക്കുറിച്ചുള്ള ചോദ്യത്തിന്
ബി.ജെ.പി വിരുദ്ധ സഖ്യത്തിലേക്ക് ടി.ആർ.എസിനെ മാത്രമല്ല സമാനമനസ്കരായ എല്ലാ പാർട്ടികളെയും ക്ഷണിക്കുന്നുവെന്ന് നായിഡു മാദ്ധ്യമങ്ങളോട് പറഞ്ഞു.
കേവലഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ പ്രതിപക്ഷ കക്ഷികളെ സ്വാധീനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ടാക്കുകയെന്ന ബി.ജെ.പി തന്ത്രം പൊളിക്കാൻ കോൺഗ്രസും ശ്രമിക്കുന്നുണ്ട്. അതിനാൽ മാറിനിൽക്കുന്ന വൈ.എസ്.ആർ, ബി.ജെ.ഡി, ടി.ആർ.എസ് എന്നിവരെ ഒപ്പം നിറുത്താനും നീക്കം തുടങ്ങിയിരുന്നു. തിരഞ്ഞെടുപ്പ് ഫലം വരുന്ന മേയ് 23ന് സോണിയ ഗാന്ധി പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. എല്ലാ പ്രതിപക്ഷ നേതാക്കളുമായും സോണിയ ഫോണിൽ ബന്ധപ്പെട്ടിരുന്നു.
ആരാകണം പ്രധാനമന്ത്രിയെന്ന ചർച്ചകളിലേക്ക് തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷമേ പ്രതിപക്ഷം കടക്കുകയുള്ളൂ. കോൺഗ്രസിന് നൂറിന് മുകളിൽ സീറ്റ് ലഭിച്ചാൽ പ്രധാനമന്ത്രി പദത്തിലേക്ക് രാഹുൽ ഗാന്ധിയെ തന്നെ നിർദ്ദേശിക്കും. പ്രധാനമന്ത്രി പദത്തിലേക്ക് പറഞ്ഞുകേൾക്കുന്ന പേരുകളിൽ മുൻപന്തിയിൽ മായാവതിയുമുണ്ട്. കോൺഗ്രസിന്റെ സംഖ്യ നൂറിൽ താഴെയാണെങ്കിൽ മൂന്നാംമുന്നണി സർക്കാരിനെ പിന്തുണയ്ക്കാൻ കോൺഗ്രസ് തയാറാണ്.