bimal-varma

ന്യൂഡൽഹി: ചീഫ് വൈസ് അഡ്മിറൽ കരംബീർ സിംഗിനെ അടുത്ത നാവിക സേനാ മേധാവിയായി നിയമിക്കുന്നതിനെതിരെ ആൻഡമാൻ നിക്കോബാർ കമാൻഡ് ചീഫ് വൈസ് അഡ്മിറൽ ബിമൽ വർമ നൽകിയ പരാതി പ്രതിരോധ മന്ത്രാലയം തള്ളി.എല്ലാ ചട്ടങ്ങളും പാലിച്ചാണ് പുതിയ നാവികസേനാ മേധാവിയെ നിയമിച്ചതെന്നും സീനിയോറിറ്റി മാത്രം മാനദണ്ഡമാക്കി നിയമിക്കാനാവില്ലെന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.
മൂന്നാഴ്ചയ്ക്കുള്ളിൽ ബിമൽ വർമ്മയുടെ പരാതിയിൽ തീർപ്പുണ്ടാക്കണമെന്ന്പ്രതിരോധമന്ത്രാലയത്തോട് ഏപ്രിൽ 26ന് സായുധസേന ട്രൈബ്യൂണൽ

നിർദ്ദേശിച്ചിരുന്നു. വിശാഖപട്ടണം ആസ്ഥാനമായുള്ള കിഴക്കൻ നേവൽ കമാൻഡ് ചീഫ് വൈസ് അഡ്മിറലാണ് കരംബീർ സിംഗ്.

നിലവിലെ മേധാവി അഡ്മിറൽ സുനിൽ ലാംബ മേയ് 31ന് വിരമിക്കുന്ന ഒഴിവിൽ കരംബീർ സിംഗ് പുതിയ മേധാവിയാകുമെന്ന് കഴി‌ഞ്ഞ മാസമാണ് കേന്ദ്ര സർക്കാർ അറിയിച്ചത്. നാവികസേനാ മേധാവിയാകുന്ന ആദ്യ ഹെലികോപ്ടർ പൈലറ്റെന്ന ഖ്യാതിയുള്ള കരംബീർ സിംഗിന് 2021 നവംബർ വരെ കാലാവധിയുണ്ട്.1980 ജൂലായിലാണ് കമ്മിഷൻഡ് ഓഫീസറായത്.

തന്റെ സീനിയോറിട്ടി മറികടന്നാണ് കരംബീർ സിംഗിനെ നിയമിക്കുന്നതെന്നാണ് വർമ്മയുടെ പരാതി. തുടർന്ന് സായുധ സേന ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു.