modi-

ന്യൂഡൽഹി: മോദി ഭരണം തുടരുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങളുടെ ആത്മവിശ്വാസത്തിൽ തുടർ നീക്കങ്ങൾ അതിവേഗത്തിലാക്കി ബി.ജെ.പി നീങ്ങുമ്പോൾ പ്രതിപക്ഷത്ത് ആശങ്കയും ആശയക്കുഴപ്പവും മുറുകുന്നു. മദ്ധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോൺഗ്രസിന് വൻതിരിച്ചടി എന്ന എക്സിറ്റ് പോൾ ഫലമാണ് ഏറ്റവും വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. ഫലപ്രഖ്യാപനം വരുന്ന മേയ് 23ന് യു.പി.എ അദ്ധ്യക്ഷ സോണിയാഗാന്ധി വിളിച്ച പ്രതിപക്ഷ കക്ഷികളുടെ യോഗം നടക്കാനുള്ള സാദ്ധ്യതയും മങ്ങി. ആന്ധ്ര മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ചന്ദ്രബാബുനായിഡുവിന്റെ നേതൃത്വത്തിൽ തുടങ്ങിയ സഖ്യരൂപീകരണ ചർച്ചകളും വഴിമുട്ടി. ഫലം വന്നശേഷം തീരുമാനിക്കാമെന്ന നിലപാടാണ് നേതാക്കൾ പങ്കുവയ്ക്കുന്നത്. അതിനിടെ ഇന്നലെ വൈകിട്ട് കൊൽക്കത്തയിലെത്തി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി നായിഡു കൂടിക്കാഴ്ച നടത്തി.

അമിത് ഷായുടെ വിരുന്ന്

പുതിയ സർക്കാർ രൂപീകരണമുൾപ്പെടെ ചർച്ചചെയ്യാൻ ലക്ഷ്യമിട്ട് എൻ.ഡി.എ സഖ്യകക്ഷി നേതാക്കൾക്കായി ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ ഡൽഹിയിൽ വിരുന്നൊരുക്കി. ഇന്ന് രാത്രി നടക്കുന്ന വിരുന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, എൻ.ഡി.എ നേതാക്കൾ, മുതിർന്ന കേന്ദ്രമന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കും. ബി.ജെ.പി ആസ്ഥാനത്ത് അമിത് ഷായുടെ നേതൃത്വത്തിൽ നേതാക്കളുമായി ചർച്ചകൾ നടക്കും.

എൻ.ഡി.എ കക്ഷി നേതാക്കളെ ഒപ്പം നിറുത്തുക എന്നതാണ് പ്രധാനമായും ബി.ജെ.പി ലക്ഷ്യമിടുന്നത്. ഏതെങ്കിലും സാഹചര്യത്തിൽ കേവലഭൂരിപക്ഷം ലഭിക്കാതെ വന്നാലും സഖ്യകക്ഷികൾ കൈവിട്ട് പോകില്ലെന്ന് ഉറപ്പിക്കണം. ഒപ്പം ഭൂരിപക്ഷം ലഭിച്ചാൽ തന്നെ പ്രതിസന്ധികളില്ലാതെ വേഗത്തിൽ സർക്കാർ രൂപീകരണം പൂർത്തിയാക്കണം. കൂടുതൽ കക്ഷികൾക്കായി എൻ.ഡി.എ വാതിൽ തുറന്നിടുമെന്ന് അമിത് ഷാ വ്യക്തമാക്കിയതിനാൽ ഇക്കാര്യത്തിലും ചർച്ചകൾ നടക്കും. എൻ.ഡി.എ യോഗത്തിന് മുന്നോടിയായി വൈകിട്ട് ബി.ജെ.പിയുടെ പാർലമെന്ററി പാർട്ടി യോഗവും നടന്നേക്കും.

കോൺഗ്രസ് നീക്കങ്ങൾ നിലച്ചു

അതേസമയം ശരാശരി എൻ.ഡി.എയ്ക്ക് 302 സീറ്റുകളും കോൺഗ്രസിനും സഖ്യകക്ഷികൾക്കുമായി 122 സീറ്റും പ്രവചിക്കപ്പെട്ട എക്സിറ്റ് പോൾ ഫലത്തെ പ്രതിപക്ഷ കക്ഷികൾ വിലയിരുത്തി വരികയാണ്.

ഇന്നലെ ബി.എസ്.പി അദ്ധ്യക്ഷ മായാവതി സോണിയാഗാന്ധിയെയും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെയും ഡൽഹിയിലെത്തി കാണുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ എക്സിറ്റ് പോൾ ഫലങ്ങൾ വന്നതോടെ ഈ റിപ്പോർട്ടുകൾ ബി.എസ്.പി നിഷേധിച്ചു.

ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ ബി.ജെ.ഡി, ആന്ധ്രപ്രദേശിൽ ജഗ്‌മോഹൻറെഡ്ഡിയുടെ വൈ.എസ്.ആർ കോൺഗ്രസ്, തെലുങ്കാനയിൽ മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിന്റെ ടി.ആർ.എസ് എന്നിവരെ ഒപ്പം നിറുത്താനും കോൺഗ്രസ് നീക്കം തുടങ്ങിയിരുന്നു. എന്നാൽ എൻ.ഡി.എയ്ക്ക് വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കപ്പെട്ടതോടെ ഈ നീക്കങ്ങൾ നിലച്ചമട്ടാണ്.