naidu

ന്യൂഡൽഹി: എൻ.ഡി.എയ്ക്ക് ഭൂരിപക്ഷം പ്രവചിച്ച എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ വോട്ടിംഗ് യന്ത്രത്തിലെ ക്രമക്കേട് ആശങ്കയുമായി പ്രതിപക്ഷം വീണ്ടും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കും. വോട്ടിംഗ് യന്ത്രവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കണം, വിവിപാറ്റ് എണ്ണി ഒത്തുനോക്കുന്നതിലെ നടപടിക്രമങ്ങൾ വ്യക്തമാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് കോൺഗ്രസ്, ടി.ഡി.പി, തൃണമൂൽ കോൺഗ്രസ്, സി.പി.എം, സി.പി.ഐ തുടങ്ങിയ പാർട്ടികൾ ഉന്നയിക്കുന്നത്. ഈ ആവശ്യവുമായി ഇന്ന് വൈകിട്ട് പ്രതിപക്ഷ നേതാക്കൾ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറയെ കാണും. 50ശതമാനം വിവിപാറ്റ് സ്ലിപ്പുകൾ എണ്ണി ഒത്തുനോക്കണമെന്ന പ്രതിപക്ഷത്തിൻറെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷനും സുപ്രീംകോടതിയും തള്ളിയിരുന്നു. ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകളെണ്ണാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. വിവിപ്പാറ്റുകൾ കൂടി എണ്ണുന്നതിനാൽ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വൈകും.

 '' 50 ശതമാനം വിവിപാറ്റ് എണ്ണണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നു. വോട്ടിംഗ് യന്ത്രത്തെക്കുറിച്ച് നിരവധി ആശങ്കകളുണ്ട്. കൺട്രോൾ പാനലിൽ മാറ്റം വരുത്താൻ കഴിയുമെന്ന ആരോപണമുണ്ട്. ആശങ്കകൾ പരിഹരിക്കണം. - ചന്ദ്രബാബു നായിഡു

 ''വോട്ടിംഗ് യന്ത്രത്തിലെ വോട്ടും വിവിപാറ്റ് സ്ലിപ്പുകളും തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ പ്രശ്‌നപരിഹാരം എന്താണെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ ഇനിയും വ്യക്തമാക്കിയിട്ടില്ല. വിവിപാറ്റും യന്ത്രത്തിലെ വോട്ടും യോജിക്കുന്നില്ലെങ്കിൽ ആ നിയമസഭാ മണ്ഡലത്തിലെ എല്ലാ വിവിപാറ്റുകളും എണ്ണണം." - സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി

 ''വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം നടത്താനുള്ള ആസൂത്രിത പദ്ധതിയാണ് എക്സിറ്റ് പോൾ ഫലങ്ങൾ" - മമത

 ''എക്‌സിറ്റ് പോൾ ഫലങ്ങളും യഥാർത്ഥ ഫലവും ഒരുപോലെയാണെങ്കിൽ വോട്ടിംഗ് യന്ത്രത്തെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ വ്യാജവാദം അസ്ഥാനത്താവും. " - അരുൺ ജയ്റ്റ്ലി