ന്യൂഡൽഹി: ശാരദ ചിട്ടിതട്ടിപ്പ് കേസിൽ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് മുൻ കൊൽക്കത്ത പൊലീസ് കമ്മിഷണർ രാജീവ്കുമാർ സുപ്രീംകോടതിയെ സമീപിച്ചു. അഭിഭാഷകരുടെ സമരം കാരണം പശ്ചിമബംഗാളിലെ കോടതികളുടെ പ്രവർത്തനം തടസപ്പെട്ടതിനാലാണ് സുപ്രീംകോടതിയെ സമീപിച്ചതെന്നും ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും രാജീവ്കുമാർ ആവശ്യപ്പെട്ടു.
രാജീവ്കുമാറിന്റെ അറസ്റ്റ് വിലക്കിയ ഇടക്കാല ഉത്തരവ് സുപ്രീംകോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ജാമ്യത്തിന് കോടതിയെ സമീപിക്കാൻ ഏഴുദിവസത്തെ സമയവും അനുവദിച്ചിരുന്നു. 2000 കോടിയുടെ ചിട്ടി തട്ടിപ്പ് കേസിൽ തൃണമൂൽ നേതാക്കൾക്കെതിരെയുള്ള തെളിവുകൾ മുൻ അന്വേഷണ ഉദ്യോഗസ്ഥനായ രാജീവ്കുമാർ നശിപ്പിച്ചെന്നും ചിലതിൽ കൃത്രിമം നടത്തിയെന്നുമാണ് സി.ബി.ഐ ആരോപണം. ഫെബ്രുവരി 3ന് രാജീവ്കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ ബംഗാൾ പൊലീസ് കസ്റ്റഡിയിലെടുത്തത് കേന്ദ്രവും മമതയും തമ്മിലുള്ള തുറന്ന ഏറ്റുമുട്ടലിന് വഴിവച്ചിരുന്നു.