ന്യൂഡൽഹി:ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം കേരളത്തിലെ ബി.ജെ.പിയിൽ അഴിച്ചുപണിക്ക് കേന്ദ്രനേതൃത്വം ഒരുങ്ങുന്നു. പാർട്ടി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് പി.എസ്. ശ്രീധരൻപിള്ളയെയും സംഘടനാ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം.ഗണേശനെയും നീക്കിയേക്കും.
എം.ഗണേശന് പകരം ആർ.എസ്.എസ് വിശേഷ സമ്പർക്ക പ്രമുഖും വിജ്ഞാൻ ഭാരതി പ്രത്യേക ഉപദേഷ്ടാവുമായ എ.ജയകുമാർ സംഘടനാ സെക്രട്ടറിയാകും. പ്രവർത്തനത്തിലെ പോരായ്‌മ കാരണമാണ് ഗണേശനെ മാറ്റുന്നതെന്നാണ് വിവരം. പാലക്കാട് സമാപിച്ച ആർ.എസ്.എസ് ക്യാമ്പിനിടെ ചേർന്ന ഉന്നതതല യോഗം ഇക്കാര്യം തീരുമാനിച്ചെന്നാണ് സൂചന.
ശബരിമല വിഷയം കൈകാര്യം ചെയ്തതിൽ സംസ്ഥാന നേതൃത്വത്തിന് വീഴ്ചയുണ്ടായെന്ന് കേന്ദ്രനേതൃത്വവുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. ലോക്സഭാ സ്ഥാനാർത്ഥി നിർണയത്തിലും പ്രതിസന്ധിയുണ്ടായി. സംസ്ഥാന നേതൃത്വത്തിന്റെ പ്രവർത്തനത്തിൽ ആർ.എസ്.എസിനും കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. ലോക്സഭാ തിരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറന്നാലും നേതൃമാറ്റം ഉറപ്പാണെന്നും സൂചനയുണ്ട്. ഫലപ്രഖ്യാപനം വന്ന് ഒരുമാസത്തിനുള്ളിൽ തന്നെ പുതിയ നേതൃത്വം വരും. നിയമസഭാ തിരഞ്ഞെടുപ്പിനായി അടിമുടി മാറ്റമാണ് ലക്ഷ്യമിടുന്നത്.
കുമ്മനം രാജശേഖരൻ മിസോറാം ഗവർണറായ ഒഴിവിൽ 2018 ജൂലായിലാണ് പി.എസ് ശ്രീധരൻപിള്ള രണ്ടാം തവണ സംസ്ഥാന അദ്ധ്യക്ഷനാകുന്നത്. പുതിയ അദ്ധ്യക്ഷനെ ചൊല്ലി നേതാക്കൾക്കിടയിൽ ഭിന്നത രൂക്ഷമായതോടെ സമവായമെന്ന നിലയിലായിരുന്നു അമിത്ഷാ ശ്രീധരൻപിള്ളയെ പ്രഖ്യാപിച്ചത്.
2016ലാണ് ആർ.എസ്.എസ് പ്രാന്ത പ്രാചാർ പ്രമുഖായിരുന്ന എം. ഗണേശൻ സംഘടനാ സെക്രട്ടറിയായത്.
വി.മുരളീധരൻ ദേശീയ ജനറൽസെക്രട്ടറി?
ദേശീയനിർവാഹക സമിതി അംഗവും മുൻ സംസ്ഥാന അദ്ധ്യക്ഷനുമായ വി.മുരളീധരൻ എം.പിക്ക് ദേശീയതലത്തിൽ ഉയർന്ന പദവിയും ഉത്തരവാദിത്വങ്ങളും നൽകിയേക്കും. ദേശീയതലത്തിൽ പ്രവർത്തന പരിചയമുള്ള, ഹിന്ദി നന്നായി കൈകാര്യം ചെയ്യുന്ന വി.മുരളീധരന് ദേശീയ ജനറൽസെക്രട്ടറി പദവി ലഭിക്കുമെന്നാണ് സൂചനകൾ.
പാർട്ടി മുൻ അദ്ധ്യക്ഷനായ എം.വെങ്കയ്യനായിഡു ഉപരാഷ്ട്രപതിയായതും കേന്ദ്രമന്ത്രി അനന്തകുമാറിന്റെ മരണവും ദക്ഷിണേന്ത്യയിൽ സംഘടനാതലത്തിൽ വിടവുണ്ടാക്കിയിട്ടുണ്ട്. ഇത് പരിഹരിക്കാനാണ് ശ്രമം. എ.ബി.വി.പി അഖിലേന്ത്യാ ജനറൽസെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട് വി.മുരളീധരൻ. എ.ബി.വി.പിയിൽ മുരളീധരന്റെ സഹപ്രവർത്തകരായിരുന്നു കേന്ദ്രമന്ത്രിമാരായ ധർമ്മേന്ദ്രപ്രധാൻ, പിയൂഷ് ഗോയൽ തുടങ്ങിയവർ. ലോക്സഭാ തിരഞ്ഞെടുപ്പിൽ ആന്ധ്രപ്രദേശിലെ പ്രചാരണ ചുമതലയും വി.മുരളീധരൻ വഹിച്ചിരുന്നു.