ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി അദ്ധ്യക്ഷൻ അമിത്ഷായ്ക്കുമെതിരായ പെരുമാറ്റച്ചട്ടലംഘന പരാതികളിൽ തന്റെ വിയോജിപ്പ് അന്തിമ ഉത്തരവിന്റെ ഭാഗമാക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷണർ അശോക് ലവാസയുടെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി.
നിലവിലെ ചട്ടങ്ങളും നടപടിക്രമങ്ങളും പ്രകാരം വിയോജിപ്പ് ഉത്തരവിന്റെ ഭാഗമാക്കാനാവില്ലെന്നും ഭൂരിപക്ഷ തീരുമാനമാണ് ഉത്തരവായി ഇറക്കുകയെന്നും കമ്മിഷൻ ഭൂരിപക്ഷ തീരുമാനത്തിലൂടെ വ്യക്തമാക്കി.
പരാതി ചർച്ചചെയ്യാൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ, കമ്മിഷണർമാരായ അശോക് ലവാസ, സുശീൽ ചന്ദ്ര എന്നിവരാണ് ഇന്നലെ യോഗം ചേർന്നത്. വിയോജിപ്പ് ഉത്തരവിന്റെ ഭാഗമാക്കാനാവില്ലെന്ന നിലപാട് സുനിൽ അറോറയും സുശീൽചന്ദ്രയും സ്വീകരിച്ചു. തുടർന്ന് 2-1 ഭൂരിപക്ഷത്തിലാണ് ഈ തീരുമാനവും കമ്മിഷനെടുത്തത്.
മോദിക്കെതിരായ ആറ് പരാതികളിൽ ക്ലീൻ ചിറ്റ് നൽകിയതിനെ അശോക് ലവാസ എതിർത്തിരുന്നു. മോദിക്ക് നോട്ടീസ് അയയ്ക്കണമെന്ന ലവാസയുടെ ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. 2- 1 എന്ന ഭൂരിപക്ഷത്തിലാണ് കമ്മിഷൻ മോദിക്കും അമിത് ഷായ്ക്കും ക്ലീൻചിറ്റ് നൽകിയത്.
അന്തിമ ഉത്തരവുകളിൽ തന്റെ വിയോജിപ്പ് രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ലവാസ മേയ് 4, 10, 14 തീയതികളിലായി മൂന്ന് തവണ സുനിൽ അറോറയ്ക്ക് കത്തെഴുതി. തുടർന്ന് ക്ലീൻ ചിറ്റ് നൽകുന്നതിലെ തന്റെ വിയോജിപ്പ് ഉത്തരവിൽ രേഖപ്പെടുത്തുന്നില്ലെന്ന് ലവാസ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർക്ക് പരാതി നൽകുകയായിരുന്നു. ഇക്കാര്യം ചർച്ചചെയ്യാനാണ് ഇന്നലെ യോഗം ചേർന്നത്.
മേയ് നാലിനു ശേഷം ലവാസ കമ്മിഷൻ യോഗങ്ങളിൽ പങ്കെടുക്കുന്നില്ലെന്ന മാദ്ധ്യമ വാർത്തകൾ തിരഞ്ഞെടുപ്പ് കമ്മിഷൻ നേരത്തേ തള്ളിയിരുന്നു.
അർദ്ധ ജുഡിഷ്യൽ ഉത്തരവുകളിലാണ് ന്യൂനപക്ഷ അഭിപ്രായം രേഖപ്പെടുത്താറുള്ളതെന്നും ചട്ടലംഘന പരാതികളിൽ ഭിന്നാഭിപ്രായം ഫയലിൽ സൂക്ഷിക്കുകയാണ് പതിവെന്നും കമ്മിഷൻ വൃത്തങ്ങൾ വിശദീകരിച്ചിരുന്നു.