ന്യൂഡൽഹി: വിവിപാറ്റ് സ്ലിപ്പുകൾ ആദ്യം എണ്ണണമെന്ന 22 പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി. വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകളും വിവി പാറ്റ് സ്ലിപ്പുകളും ഒത്തുനോക്കുമ്പോൾ വ്യത്യാസമുണ്ടെങ്കിൽ വിവിപാറ്റ് കണക്കായിരിക്കും അന്തിമമെന്നും കമ്മിഷൻ വ്യക്തമാക്കി.
അഞ്ച് ബൂത്തിലെ വിവിപാറ്റുകൾ ആദ്യം എണ്ണണമെന്നും പൊരുത്തക്കേടുണ്ടായാൽ ആ നിയമസഭാ മണ്ഡലത്തിലെ മുഴുവൻ വിവിപാറ്റുകളും എണ്ണണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ ചൊവ്വാഴ്ചയാണ് കമ്മിഷന് നിവേദനം നൽകിയത്. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ, കമ്മിഷണർമാരായ അശോക് ലവാസ, സുശീൽ ചന്ദ്ര എന്നിവർ ഇന്നലെ യോഗം ചേർന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയത്. വിവിപാറ്റുകൾ ആദ്യം എണ്ണിയാൽ അന്തിമഫലം വരാൻ വൈകുമെന്നാണ് കമ്മിഷന്റെ നിലപാട്.
ബീഹാർ, പഞ്ചാബ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ വോട്ടിംഗ് യന്ത്രങ്ങൾ യാതൊരു സുരക്ഷയുമില്ലാതെ കൊണ്ടുപോയെന്ന പ്രതിപക്ഷ ആരോപണം കമ്മിഷൻ നേരത്തേ തള്ളിയിരുന്നു. ഉപയോഗിക്കാത്ത യന്ത്രങ്ങളാണ് അവയെന്നും എല്ലാ യന്ത്രങ്ങളും സുരക്ഷിതമാണെന്നും കമ്മിഷൻ വ്യക്തമാക്കി.
ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബുനായിഡു, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറൽസെക്രട്ടറി സുധാകർ റെഡ്ഡി തുടങ്ങിയവരാണ് പ്രതിപക്ഷ സംഘത്തിലുണ്ടായിരുന്നത്.
സുപ്രീംകോടതിയെ സമീപിക്കില്ല
വിവിപാറ്റുകൾ ആദ്യം എണ്ണണമെന്ന ആവശ്യം തള്ളിയതിനെതിരെ സുപ്രീംകോടതിയെ സമീപിക്കില്ലെന്ന് കോൺഗ്രസ് നേതാവ് അഭിഷേക് സിംഗ്‌വി പറഞ്ഞു. ജനങ്ങളാണ് വലിയ കോടതി. അതിന്റെ വിധി ഇന്ന് വരും. തിരഞ്ഞെടുപ്പ് കമ്മിഷൻ വിവേചനം കാട്ടുന്നു. വിവിപാറ്റ് ആദ്യം എണ്ണുന്നത് ഫലപ്രഖ്യാപനം വൈകിക്കുമെന്നത് ശരിയല്ല.
''അഞ്ച് ബൂത്തുകളിലെ വിവി പാറ്റ് എണ്ണണമെന്ന സുപ്രീംകോടതി വിധിയുടെ അന്തഃസത്ത തിരഞ്ഞെടുപ്പ് കമ്മിഷൻ മാനിക്കുന്നില്ല. സാമ്പിളുകൾ ആദ്യം പരിശോധിക്കണമെന്ന അടിസ്ഥാന തത്വംപോലും കമ്മിഷൻ പാലിക്കുന്നില്ല.''
--സീതാറാം യെച്ചൂരി
സി.പി.എം ജനറൽ സെക്രട്ടറി