ന്യൂഡൽഹി: സുപ്രീംകോടതിയിൽ പുതുതായി നാലു ജഡ്ജിമാരെ കൂടി നിയമിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉത്തരവിറക്കി. ബോംബൈ ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ബി.ആർ ഗവായ്, ഹിമാചൽ ഹൈക്കോടതി ചീഫ്ജസ്റ്റിസ് സൂര്യകാന്ത്, ജാർഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അനിരുദ്ധ ബോസ്, ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ എന്നിവരെയാണ് നിയമിച്ചത്. ഇതോടെ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ ഒഴിവുകൾ പൂർണമായും നികത്തപ്പെട്ടു.
വർഷങ്ങൾക്ക് ശേഷമാണ് ജഡ്ജിമാരുടെ എണ്ണത്തിൽ സുപ്രീംകോടതി സമ്പൂർണ്ണ ശേഷിയിലെത്തുന്നത്. അടുത്ത ദിവസങ്ങളിൽ തന്നെ നാലു ജഡ്ജിമാരുടെയും സത്യപ്രതിജ്ഞ നടക്കും. ജസ്റ്റിസ് ഗവായിയുടെ നിയമനത്തിലൂടെ 9 വർഷത്തിന് ശേഷമാണ് പട്ടികജാതി വിഭാഗത്തിൽ നിന്നുള്ളയാൾ സുപ്രീംകോടതിയിൽ ജഡ്ജാകുന്നത്.
അനിരുദ്ധ ബോസ്, എ.എസ് ബൊപ്പണ്ണ എന്നിവരെ ജഡ്ജിമാരായി നിയമിക്കണമെന്ന് ഈ വർഷം ഏപ്രിൽ 12 നാണ് കൊളീജിയം ശുപാർശ ചെയ്തത്. എന്നാൽ, കൊളീജിയത്തിന്റെ ശുപാർശയിൽ കേന്ദ്രസർക്കാർ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ഈ വിയോജിപ്പ് തള്ളിയ കൊളീജിയം
വീണ്ടും കത്ത് നൽകുകയായിരുന്നു. യോഗ്യതയ്ക്ക് മുൻഗണന നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ശുപാർശക്കത്ത്. യോഗ്യത, സീനിയോറിട്ടി, വിവിധ ഹൈക്കോടതികളിലെ പ്രവർത്തി പരിചയം എന്നിവ അടിസ്ഥാനമാക്കിയാണ് ഇവരെ ശുപാർശ ചെയ്തതെന്നാണ് അന്ന് കൊളീജിയം വ്യക്തമാക്കിയത്. അഖിലേന്ത്യാ സീനിയോറിട്ടി പട്ടികയിൽ ജസ്റ്റിസ് ബോസ് 12-ാമതും ബൊപ്പണ്ണ 36-ാമതുമാണ്.
രണ്ടാമത് നൽകിയ പട്ടികയിലാണ് ജസ്റ്റിസ് സൂര്യകാന്ത്,ബി.ആർ ഗവായ് എന്നിവർ ഇടംപിടിച്ചത്.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, എസ്.എ ബോബ്ഡെ, എൻ.വി രമണ,അരുൺ മിശ്ര, ആർ.എഫ് നരിമാൻ എന്നിവരടങ്ങിയ കൊളീജിയമാണ് ജഡ്ജിമാരുടെ നിയമനത്തിനുള്ള ശുപാർശ നൽകിയത്.