gogoi

ന്യൂഡൽഹി: മുൻജീവനക്കാരി ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയിക്കെതിരെ ഉന്നയിച്ച ലൈംഗികാതിക്രമ പരാതി കൈകാര്യം ചെയ്തിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടി മുൻ സുപ്രീംകോടതി ജഡ്ജ് ജസ്റ്റിസ് മദൻ ബി.ലോകൂർ രംഗത്തെത്തി. വിവിധ ഘടകങ്ങൾ പരിശോധിക്കുമ്പോൾ പരാതിക്കാരിയോട് അനീതികാട്ടിയതായി തോന്നുന്നുവെന്ന് ദേശീയ ദിനപത്രത്തിലെഴുതിയ ലേഖനത്തിൽ മദൻ ബി. ലോകൂർ പറഞ്ഞു. ആഭ്യന്തര സമിതിയുടെ റിപ്പോർട്ട് പരാതിക്കാരിക്ക് നൽകേണ്ടതായിരുന്നു. അതിൽ നിയമപരമായി തെറ്റില്ല. പരാതിക്കാരിയോട് മുൻവിധിയോടെയാണ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അദ്ധ്യക്ഷനായ അന്വേഷണ സമിതി പെരുമാറിയത്. ആരോപണം പുറത്തുവന്നതിന് പിന്നാലെ നടത്തിയ സുപ്രീംകോടതിയുടെ പ്രത്യേക സിറ്റിംഗ് ഉചിതമായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുൻചീഫ്ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ കഴിഞ്ഞവർഷം ജനുവരിയിൽ നടന്ന ജഡ്ജിമാരുടെ അസാധാരണ വാർത്താസമ്മേളനത്തിൽ രഞ്ജൻഗോഗോയിക്കൊപ്പം പങ്കെടുത്തയാളാണ് മദൻ ബി. ലോകൂർ.

മുൻജീവനക്കാരി ഉന്നയിച്ച ലൈംഗികാതിക്രമ പരാതിയിൽ കഴമ്പില്ലെന്ന് വ്യക്തമാക്കിയാണ് മേയ് 5ന്

ജസ്റ്റിസ് എസ്.എ. ബോബ്ഡെ അദ്ധ്യക്ഷനും ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, ഇന്ദു മൽഹോത്ര എന്നിവർ അംഗങ്ങളുമായ കമ്മിറ്റി ചീഫ്ജസ്റ്റിസ് രഞ്ജൻഗോഗോയിക്ക് ക്ലീൻചിറ്റ് നൽകിയത്. സമിതിയിൽ നിന്നു നീതി പ്രതീക്ഷിക്കുന്നില്ലെന്ന്ചൂണ്ടിക്കാട്ടി ഏപ്രിൽ 30ന് പരാതിക്കാരി ആഭ്യന്തര അന്വേഷണ സമിതിയുടെ നടപടികളിൽ നിന്ന് പിൻമാറിയിരുന്നു.