ന്യൂഡൽഹി: രാജ്യത്തിന്റെ കാവൽക്കാരൻ ആരാകണമെന്ന് ജനങ്ങൾക്ക് സംശയമുണ്ടായിരുന്നില്ല. പ്രതിപക്ഷമുയർത്തിയ ബദൽ മുദ്രാവാക്യങ്ങൾക്ക് ജനങ്ങളുടെ വിശ്വാസം ഭേദിക്കാൻ കരുത്തില്ലായിരുന്നു. അഞ്ചു വർഷം മുമ്പ് തരംഗമായിരുന്നെങ്കിൽ 2019-ൽ സുനാമിയായി ആഞ്ഞു വീശാൻ നരേന്ദ്രമോദിക്ക് ജനവിശ്വാസം മതിയായിരുന്നു. ആ സുനാമിയിൽ കോൺഗ്രസും ഒപ്പം കൂടിയ പ്രാദേശിക കക്ഷികളും കെട്ടിപ്പൊക്കിയ തടയണകൾ ഒലിച്ചുപോയി.
2014 ൽ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയ നരേന്ദ്രമോദി സർക്കാരിന്റെ അഞ്ചു വർഷത്തെ ഭരണത്തിന് വോട്ടർമാർ നൂറിൽ നൂറു മാർക്കും നൽകിയപ്പോൾ തിരഞ്ഞെടുപ്പു ഫലം എക്സിറ്റ് പോൾ ഫലങ്ങളെയും കടത്തിവെട്ടി. കോൺഗ്രസിനോ മറ്റ് പ്രാദേശിക കക്ഷികൾക്കോ ബി.ജെ.പിക്കു ബദലാകാൻ കഴിയില്ലെന്ന് അടിവരയിടുന്നതായി അത്. ചൗക്കിദാർ ചോർ (കാവൽക്കാരൻ കള്ളൻ) മുദ്രാവാക്യവും ന്യായ് നിർദ്ധന സഹായ പദ്ധതി വാഗ്ദാനവും മുന്നോട്ടുവച്ച കോൺഗ്രസിന് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ സിറ്റിംഗ് സീറ്റായ അമേതിയിൽ ജയിപ്പിക്കാൻ പോലും കഴിഞ്ഞില്ല.
മോദി എന്ന നായകൻ
ഹിന്ദുത്വ അജണ്ട പ്രത്യയശാസ്ത്രമാക്കിയിട്ടും കക്ഷി രാഷ്ട്രീയ, സാമുദായിക ഭേദമെന്യേ മോദിയുടെ നേതൃത്വത്തിനു ലഭിച്ച അംഗീകാരമായി ബി.ജെ.പിയുടെ വിജയത്തെ വിലയിരുത്താം. മോദിയല്ലെങ്കിൽ പിന്നെയാര് എന്ന ചോദ്യത്തിന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി, ബി.എസ്.പി നേതാവ് മായാവതി, തൃണമൂൽ നേതാവ് മമതാ ബാനർജി തുടങ്ങിയവരിലൊന്നും ഒരു ബദൽ വോട്ടർമാർ കണ്ടില്ല. ഭരണതന്ത്രജ്ഞതയും രാഷ്ട്രീയ നിലപാടുകളും പ്രസംഗവും വേഷവുമടക്കം സവിശേഷ ശൈലികളും മറ്റ് ഇടപെടലുകളും വഴി ജനങ്ങളുടെ മനസിൽ അഞ്ചു വർഷം കൊണ്ട് നരേന്ദ്രമോദി എന്ന വ്യക്തി ചെലുത്തിയ സ്വാധീനം ചെറുതല്ലെന്നും തിരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നു.
ജനാധിപത്യ സ്ഥാപനങ്ങളിലെ ഇടപെടലിന്റെയും ന്യൂനപക്ഷങ്ങളുടെ സുരക്ഷയുടെയും ജി.എസ്.ടി, നോട്ട് നിരോധനം എന്നിവ നൽകിയ സാമ്പത്തിക പീഡനത്തിന്റെയും പിഴവുകൾക്ക് പരിഹാരം കാണാൻ ബി.ജെ.പിക്ക് മോദിയെന്ന നായകന്റെ പ്രതിച്ഛായ കരുത്തായി മാറി.
വർദ്ധിച്ച വോട്ടുകൾ
നരേന്ദ്രമോദിക്ക് ആധികാരിക വിജയമൊരുക്കിയത് ഗുജറാത്ത്, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, ഹരിയാന, ജാർഖണ്ഡ്, കർണാടക, ഒഡിഷ, ഉത്തരാഖണ്ഡ്, ഡൽഹി, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് ലഭിച്ച അധിക വോട്ടുകളാണ്. ഇവിടെ നിന്നെല്ലാംകൂടി 50 ശതമാനത്തിലധികം വോട്ടുകൾ ബി.ജെ.പി വാരിക്കൂട്ടി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കു പ്രകാരം വോട്ടു ശതമാനം ഇങ്ങനെ: ഉത്തർപ്രദേശ്- 50%, കർണാടക 52%, മധ്യപ്രദേശ് 58%, ഗുജറാത്ത് 62%, രാജസ്ഥാൻ 59%. 71സീറ്റുകളുടെ നേട്ടമുണ്ടാക്കിയ 2014-ൽ ബി.ജെ.പിയുടെ വോട്ട് 41 ശതമാനം മാത്രമായിരുന്നു.
പശ്ചിമ ബംഗാൾ അടക്കം വടക്കു കിഴക്കൻ മേഖലയിലേക്കുള്ള ബി.ജെ.പിയുടെ കടന്നുകയറ്റവും നിർണായകമായി. 2014 ൽ 18 ശതമാനം വോട്ടുമായി രണ്ടു സീറ്റിൽ ഒതുങ്ങിയ പാർട്ടി സി.പി.എമ്മിനെയും കോൺഗ്രസിനെയും കാഴ്ചക്കാരാക്കി അഞ്ചു വർഷംകൊണ്ട് 39 ശതമാനമായി അതു വളർത്തി. 2021ൽ നടക്കേണ്ട നിയമസഭാ തിരഞ്ഞെടുപ്പിൽ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന് ബി.ജെ.പി നൽകുന്ന മുന്നറിയിപ്പ് കൂടിയാണിത്. ഒഡിഷയിൽ നവീൻ പട്നായിക്കിന്റെ മേധാവിത്വം തകർക്കാൻ കഴിഞ്ഞില്ലെങ്കിലും ബി.ജെ.പി നേടിയ ഏഴു സീറ്റുകൾ ലോക്സഭയിലെ രണ്ടാം വരവിന് മോടികൂട്ടി.
ഭരണം പിടിക്കാൻ ഗുജറാത്ത് (26),കർണാടക (24), മഹാരാഷ്ട്ര (23) തുടങ്ങിയ പാർട്ടി കോട്ടകളിലെ ആധികാരിക ജയവും തുണയായി.
ലക്ഷ്യം പിഴച്ച സഖ്യങ്ങൾ
നരേന്ദ്രമോദിക്ക് രണ്ടാം അവസരം നിഷേധിക്കാൻ കോൺഗ്രസും തെലുങ്കു ദേശത്തിന്റെ ചന്ദ്രബാബു നായിഡു അടക്കം പ്രാദേശിക കക്ഷികളും നടത്തിയ ശ്രമങ്ങൾ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ല. തിരഞ്ഞെടുപ്പിനു ശേഷമുള്ള മുന്നണി രൂപീകരണത്തിന് അവർ മുൻഗണന നൽകിയത് ബി.ജെ.പിക്ക് ഗുണം ചെയ്തു. കോൺഗ്രസിനെയും രാഹുലിനെയും തള്ളി മായാവതിയുടെ ബി.എസ്.പിയും അഖിലേഷിന്റെ സമാജ്വാദിയും യു.പിയിൽ അടക്കം പ്രത്യേക മുന്നണിയായി മത്സരിച്ചതിലൂടെ ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഫലത്തിൽ വിഘടിക്കുകയാണ് ചെയ്തത്.
പറന്നുയർന്ന് താഴെ വീണ്
കഴിഞ്ഞ ഡിസംബറിൽ കോൺഗ്രസിന്റെ അമരക്കാരാരനായതിനു ശേഷമുള്ള രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ഗ്രാഫ് നരേന്ദ്രമോദിക്കും ബി.ജെ.പിക്കും ഭീഷണിയുയർത്തും വിധമായിരുന്നു. റാഫേൽ യുദ്ധവിമാന കരാറിൽ അഴിമതി ആരോപിച്ച് പാർലമെന്റിലും പുറത്തും കത്തിക്കയറിയ രാഹുലിന്റെ പ്രകടനവും 21 പ്രതിപക്ഷ പാർട്ടികളെ ചേർത്ത കോൺഗ്രസിന്റെ പടപ്പുറപ്പാടും മോദിയുടെ രണ്ടാം വരവ് തടയുമെന്ന തോന്നലുളവാക്കി. പക്ഷേ ബി.എസ്.പി, എസ്.പി പാർട്ടികളെ അടക്കം വിശ്വാസത്തിലെടുക്കാൻ കഴിയാതിരുന്നതിലൂടെ തിരഞ്ഞെടുപ്പ് സഖ്യരൂപീകരണം തകർന്നു. കോൺഗ്രസിനെയും രാഹുലിനെയും പ്രതിപക്ഷത്തിന്റെ ഡ്രൈവിംഗ് സീറ്റിലിരുത്താൻ ശരത് പവാർ അടക്കം പല മുതിർന്ന നേതാക്കളും തയ്യാറായിരുന്നില്ല.
സിറ്റിംഗ് സീറ്റായ അമേതിയിലെ പരാജയം മുന്നിൽക്കണ്ട് രാഹുൽ വയനാട്ടിൽ മത്സരിച്ചത് ദേശീയ തലത്തിൽ തെറ്റായ സന്ദേശമാണ് നൽകിയത്. കിഴക്കൻ യു.പിയുടെ ചുമതല നൽകി പ്രിയങ്കയെ സജീവ രാഷ്ട്രീയത്തിലിറക്കിയപ്പോഴേക്കും വൈകിയിരുന്നു. വാരണാസിയിൽ മോദിക്കെതിരെ പ്രിയങ്കയ്ക്ക് നല്ലൊരു പോരാട്ടത്തിനുള്ള അവസരം പോലും കളഞ്ഞു കുളിച്ചു.
ഉയർന്നു പൊങ്ങിയ രാഷ്ട്രീയ ഗ്രാഫും കോൺഗ്രസിന്റെ ഭാവിയും ഒന്നിച്ച് കൂപ്പുകുത്തുന്ന രീതിയിലാണ് തിരഞ്ഞെടുപ്പ് ഫലങ്ങളുടെ ഗതി. ആശ്വസിക്കാൻ കേരളവും പഞ്ചാബും മാത്രം. ലോക്സഭയിലെ പ്രതിപക്ഷ സ്ഥാനം രണ്ടാം വട്ടവും കോൺഗ്രസിന് അപ്രാപ്യമായേക്കും. ലോക്സഭയിൽ പാർട്ടിയെ നയിച്ച മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് ജയിക്കാനുമായില്ല.
പുൽവാമയും മന്ദിറും
റാഫേൽ യുദ്ധവിമാന ഇടപാടിൽ അനിൽ അംബാനിക്ക് സഹായം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടെന്ന ആരോപണം തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് കോൺഗ്രസ് ആളിക്കത്തിച്ചത്. ജമ്മുകശ്മീരിലെ പുൽവാമയിൽ അർദ്ധസൈനികർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സംഭവം റാഫേൽ വിഷയത്തെ മുക്കി. തുടർന്നുണ്ടായ വ്യോമാക്രമണവും പാക് കസ്റ്റഡിയിൽ നിന്ന് സൈനികനെ തിരിച്ചെത്തിച്ചതും അടക്കമുള്ള സംഭവങ്ങൾ രാജ്യത്തുണ്ടാക്കിയ ദേശീയവികാരം ബി.ജെ.പിക്കും നരേന്ദ്രമോദിക്കും അനുകൂലമാവുകയും ചെയ്തു.
വിവിധ സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ രാമക്ഷേത്ര നിർമ്മാണത്തിനായി നടത്തിയ ചർച്ചകളും സംവാദങ്ങളും ഉത്തരേന്ത്യയിൽ ഹിന്ദു വികാരം അനുകൂലമാക്കാൻ സഹായിച്ചു. കേന്ദ്രസർക്കാരിന്റെ ഉജ്ജ്വല യോജ്ന, ജൻധൻ തുടങ്ങിയ പതാകാ വാഹക പദ്ധതികൾ ജനങ്ങളിലെത്തിക്കാൻ ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ അടക്കം ശക്തമായ സംഘടനാ അടിത്തറയും എണ്ണയിട്ട യന്ത്രം പോലുള്ള പ്രവർത്തനവും പാർട്ടിക്ക് സഹായകമായി.
.