ന്യൂഡൽഹി: ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടിയ മദ്ധ്യപ്രദേശ്, രാജസ്ഥാൻ,ചത്തിസ്ഗഡ് സംസ്ഥാനങ്ങളിൽ കനത്ത തോൽവിയാണ് കോൺഗ്രസിന് ഏറ്റുവാങ്ങേണ്ടിവന്നത്. മൂന്ന് സംസ്ഥാനങ്ങളിലും കഴിഞ്ഞ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് വിജയിച്ച കോൺഗ്രസിനെ ഹിന്ദി ഹൃദയഭൂമി പൂർണമായും കൈയൊഴിഞ്ഞു. മദ്ധ്യപ്രദേശിൽ 29 ൽ 28 , രാജസ്ഥാനിൽ 25 ൽ 24, ചത്തീസ്ഗഡിൽ 11 ൽ 10 വീതം സീറ്റുകളിൽ ബി.ജെ.പിക്കാണ് മേൽക്കൈ.
മദ്ധ്യപ്രദേശിൽ മുഖ്യമന്ത്രി കമൽനാഥിന്റെ തട്ടകമായ ചിന്ദ്‌വാഡയിൽ മാത്രമാണ് കോൺഗ്രസിന് പിടിച്ചു നിൽക്കാനായത്. ഇവിടെ കമൽനാഥിന്റെ മകൻ നകുൽ കമൽനാഥിനെ മണ്ഡലം കൈവിട്ടില്ല.
കോൺഗ്രസ് ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയ്‌ക്ക് ഗുണയിൽ തിരിച്ചടി നേരിട്ടു. 1.5 ലക്ഷം വോട്ടിനാണ് തോറ്റത്. സിന്ധ്യ രാജകുടുംബത്തിന്റെ കോട്ടയായ മണ്ഡലം 2002 മുതൽ തുടർച്ചയായി ജ്യോതിരാദിത്യ സിന്ധ്യയോടൊപ്പമായിരുന്നു. ഭോപ്പാലിൽ ഹിന്ദുത്വ മുഖവും മലേഗാവ് ഭീകരാക്രമണ കേസ് പ്രതിയുമായ പ്രജ്ഞാസിംഗ് താക്കൂർ മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കൂടിയായ മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗിനെയാണ് അട്ടിമറിച്ചത്. 2014-ൽ ഗുണയിലും ചിന്ദ്‌വാഡയിലും മാത്രമാണ് കോൺഗ്രസിന് വിജയിക്കാനായത്.
രാജസ്ഥാനിൽ ആകെയുള്ള 25-ൽ ഒരിടത്തു മാത്രമാണ് കോൺഗ്രസിന് നേട്ടമുണ്ടാക്കാനായത്- ഭരത്പൂരിൽ. ബി.ജെ.പി 23 സീറ്റും സഖ്യകക്ഷിയായ ആർ.എൽ.പി ഒരു സീറ്റും നേടി. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിൻറെ കോട്ടയായ ജോധ്പുരിൽ മകൻ വൈഭവ് ഗെഹ്‌ലോട്ടിന് തിരിച്ചടി ലഭിച്ചു. അഞ്ചുതവണ അശോക് ഗെഹ്‌ലോട്ട് പ്രതിനിധീകരിച്ച മണ്ഡലമാണിത്. 2014-ൽ മുഴുവൻ മണ്ഡലവും ബി.ജെ.പി തൂത്തുവാരിയിരുന്നു.
ചത്തിസ്ഗഡിൽ കഴിഞ്ഞതവണ 11ൽ പത്തും നേടിയത് ബി.ജെ.പിയായിരുന്നു. അതേ പ്രകടനം ആവർത്തിക്കുകയാണ് ഇക്കുറിയും. ബസ്‌തറിൽ മാത്രമാണ് കോൺഗ്രസിന് നേട്ടമുണ്ടാക്കാനായത്. നിയമസഭാ തിരഞ്ഞെടുപ്പിൽ 15 വർഷത്തെ ബി.ജെ.പി ഭരണം അവസാനിപ്പിച്ച് കോൺഗ്രസ് അധികാരത്തിലേറിയത് 90 ൽ 68 സീറ്റും നേടിയായിരുന്നു.
രണ്ടിടത്ത് ഭരണം
തുലാസിൽ
2018-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മദ്ധ്യപ്രദേശിൽ 114 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസ് എസ്.പി, ബി.എസ്.പി, സ്വതന്ത്രർ എന്നിവരുടെ പിന്തുണയോടെയാണ് ഭരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ബി.ജെ.പി തൂത്തുവാരിയതോടെ ഏതുവിധവും ഭരണം പിടിക്കാൻ ബി.ജെ.പി ശ്രമിക്കുമെന്ന് ഉറപ്പ്. ബി.ജെ.പിക്ക് 109 സീറ്റാണുള്ളത്. എക്‌സിറ്റ് പോളുകൾക്കു പിന്നാലെ തന്നെ കമൽനാഥ് സർക്കാർ വിശ്വാസവോട്ടെടുപ്പ് നേരിടണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിടുണ്ട്.
ജെ.ഡി.എസ് - കോൺഗ്രസ് സഖ്യം ഭരിക്കുന്ന കർണാടകയിലും ബി.ജെ.പി ഭരണം പിടിക്കാനുള്ള തീവ്രശ്രമത്തിലാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 28 ൽ 23 ഉം ബി.ജെ.പി നേടി. 2014 ൽ 17 സീറ്റാണ് ബി.ജെ.പിക്കു ലഭിച്ചത്.
ലോക്‌സഭാ തിരഞ്ഞെടുപ്പു നേട്ടം ആയുധമാക്കി, സഖ്യസർക്കാരിനോട് കോൺഗ്രസ് - ജെ.ഡി.എസ് എം.എൽ.എമാർക്കിടയിലുള്ള അതൃപ്തി മുതലെടുക്കാനാകുമെന്ന പ്രതീക്ഷ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിക്കുണ്ട്. 104 സീറ്റുണ്ട് ബി.ജെ.പിക്ക്. കോൺഗ്രസിന് 80, ജെ.ഡി.യു 37. ഭൂരിപക്ഷത്തിന് വേണ്ടത് 111.