ന്യൂഡൽഹി: മോദി തരംഗം മുൻപത്തേക്കാൾ ശക്തിയോടെ ആഞ്ഞടിച്ച വടക്കേ ഇന്ത്യയിൽ കോൺഗ്രസിന് പിടിച്ചുനിൽക്കാനായത് പഞ്ചാബിൽ മാത്രം. 13 ൽ എട്ടു സീറ്റ് കോൺഗ്രസ് നേടി. ബി.ജെ.പി -ശിരോമണി അകാലിദൾ സഖ്യം മൂന്ന് സീറ്റ് നേടി. ആംആദ്മി പാർട്ടി ഒന്നിൽ ഒതുങ്ങി.
തീവ്രദേശീയതയും രാജ്യസുരക്ഷയും മുൻനിറുത്തിയ ബി.ജെ.പി പ്രചാരണത്തിന്റെ മുനയൊടിക്കാൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ നേതൃത്വത്തിൽ കോൺഗ്രസിന് കഴിഞ്ഞു. അമൃത്സർ മണ്ഡലത്തിൽ കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പൂരി ഒരു ലക്ഷത്തിന് മുകളിൽ വോട്ടിനാണ് തോറ്റത്. മുൻ കേന്ദ്ര മന്ത്രി മനീഷ് തിവാരി, അമരീന്ദർ സിംഗിന്റെ ഭാര്യയും മുൻ കേന്ദ്ര മന്ത്രിയുമായ പ്രനീത് കൗർ എന്നീ കോൺഗ്രസ് പ്രമുഖർ ജയിച്ചുകയറി. ശിരോമണി അകാലിദൾ നേതാവും കേന്ദ്രമന്ത്രിയുമായ ഹർസ്രിമത് കൗർ ബാദൽ, അകാലിൾ അദ്ധ്യക്ഷനും പഞ്ചാബ് മുൻ മുഖ്യമന്ത്രിയുമായ സുക്ബീർ സിംഗ് ബാദൽ, ബി.ജെ.പിയുടെ സ്ഥാനാർഥി ബോളിവുഡ് താരം സണ്ണി ഡിയോൾ എന്നിവരും വിജയിച്ചു. 2014ൽ കോൺഗ്രസിന് മൂന്ന് സീറ്റും ആംആദ്മിക്ക് നാലുമായിരുന്നു സീറ്റുകൾ. അകാലിദൾ - ബി.ജെ.പി സഖ്യം ഏഴു സീറ്റാണ് നേടിയത്.