ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി മുന്നണി ഇന്ത്യൻ ഹൃദയഭൂമി കീഴടക്കി നടത്തിയ അശ്വമേധ വിജയത്തിൽ ഭാരതം അഞ്ചു വർഷം കൂടി ഭരിക്കാനുള്ള വമ്പൻ ഭൂരിപക്ഷം നേടി.
പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്നലെ നടന്ന വോട്ടെണ്ണലിൽ മഹാവിജയം വെട്ടിപ്പിടിച്ച മുന്നണി 542 സീറ്റുള്ള ലോക്‌സഭയിൽ 350 സീറ്റാണ് നേടിയത്. ഒറ്റയ്‌ക്ക് സർക്കാർ രൂപീകരിക്കാൻ കഴിയും വിധം ബി.ജെ.പി 302 സീറ്റ് നേടിയിട്ടുണ്ട്.
ഇന്ന് ബി.ജെ.പി പാർലമെന്ററി ബോർഡ് ചേർന്ന് നരേന്ദ്ര മോദിയെ കക്ഷിനേതാവായി വീണ്ടും തിരഞ്ഞെടുക്കും. 2014ലേതു പോലെ മേയ് 26ന് സത്യപ്രതിജ്ഞ ചെയ്‌തേക്കും.
കോൺഗ്രസ് അടക്കം പ്രതിപക്ഷത്തെ നിലംപരിശാക്കിയ ബി.ജെ.പിയുടെ ചരിത്ര വിജയം എക്‌സിറ്റ് പോൾ ഫലങ്ങളെയും മറികടന്നു. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ നാല് ലക്ഷത്തിലേറെ വോട്ടിന്റെ റെക്കാഡ് ഭൂരിപക്ഷം നേടിയെങ്കിലും സിറ്റിംഗ് സീറ്റായ അമേതിയിൽ ബി.ജെ.പിയുടെ സ്‌മൃതി ഇറാനിയോട് തോറ്റു.
ഉത്തർപ്രദേശ് (60), ബീഹാർ (16), ഛത്തീസ്‌ഗഡ് (9), ഗുജറാത്ത് (26), കർണാടക (25), മധ്യപ്രദേശ് (28), രാജസ്ഥാൻ (24), മഹാരാഷ്‌ട്ര (23), പശ്‌ചിമബംഗാൾ (18), ജാർഖണ്ഡ് (11), ഹരിയാന (10), ഡൽഹി (7) തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ബി.ജെ.പി ഗംഭീര വിജയം നേടിയത്.
ജി.എസ്.ടി, നോട്ട് നിരോധനം, സാമ്പത്തിക തളർച്ച, തൊഴിലില്ലായ്‌മ, ന്യൂനപക്ഷ പീഡനം, റാഫേൽ അഴിമതി തുടങ്ങി പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങളൊന്നും ബി.ജെ.പിയുടെ മഹാവിജയത്തിന് തടസമായില്ല. പുൽവാമ ഭീകരാക്രമണത്തെ തുടർന്നുണ്ടായ ദേശീയ വികാരവും മുതലെടുത്ത് മോദി നയിച്ച പ്രചാരണവും, ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ കൃത്യമായി നടപ്പാക്കിയ തന്ത്രങ്ങളും ബി.ജെ.പിയുടെ വോട്ട് ശതമാനവും വർദ്ധിപ്പിച്ചു. പശ്‌ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ കോട്ടയിലും ബി.ജെ.പി കടന്നുകയറി. അക്കൗണ്ട് തുറക്കാതെ കേരളവും സിറ്റിംഗ് സീറ്റ് നഷ്‌ടമായ തമിഴ്‌നാടും നിരാശപ്പെടുത്തിയപ്പോൾ ദക്ഷിണേന്ത്യയിൽ കർണാടക വീണ്ടും ബി.ജെ.പിക്കൊപ്പം നിന്നു. തെലങ്കാനയിലെ നാലു സീറ്റുകൾ നേട്ടമായുണ്ട്. ത്രിപുരയിലെ രണ്ടു സീറ്റും സംസ്ഥാന ഭരണകക്ഷി കൂടിയായ ബി.ജെ.പി പിടിച്ചെടുത്തു.
ഉത്തർപ്രദേശിൽ ദളിത്, മുസ്ളിം, ജാട്ട് വോട്ടുകൾ സമാഹരിച്ച ബി.എസ്.പി - എസ്.പി സഖ്യം മാത്രമാണ് ബി.ജെ.പിക്ക് കാര്യമായ വെല്ലുവിളിയുയർത്തിയത്. 2014ൽ 80ൽ 71 സീറ്റുകൾ നേടിയ ബി.ജെ.പിക്ക് പത്തിലധികം സീറ്റുകൾ നഷ‌്‌ടമായി. എന്നാൽ പശ്‌ചിമബംഗാളിലും ഒഡിഷയിലും അടക്കം ലക്ഷ്യമിട്ട സീറ്റുകൾ നേടി അതു നികത്തി.
അടുത്തിടെ കോൺഗ്രസ് ഭരണം പിടിച്ച മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, കോൺഗ്രസ് - ജെ.ഡി.എസ് സഖ്യം ഭരിക്കുന്ന കർണാടക എന്നിവിടങ്ങളിൽ സീറ്റുകൾ തൂത്തുവാരി ബി.ജെ.പി കണക്കു തീർത്തു. പ്രതിപക്ഷ ഐക്യത്തിന് നേതൃത്വം നൽകിയ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കു ദേശത്തെ പുറത്താക്കി ആന്ധ്രപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ജഗൻമോഹൻ റെഡ്ഡിയുടെ വൈ.എസ്.ആർ കോൺഗ്രസ് 149 സീറ്റു നേടി അധികാരത്തിലേക്ക്. ആന്ധ്രയിലെ ലോക്സഭാ സീറ്റിൽ 25ൽ 24ഉം വൈ.എസ്.ആർ നേടി.
കോൺഗ്രസ് കേരളത്തിലും പഞ്ചാബിലുമൊഴികെ എങ്ങും നിലംതൊട്ടില്ല. മല്ലികാർജ്ജുന ഖാർഗെ അടക്കം മുതിർന്ന നേതാക്കളും തോറ്റു. ലോക്‌സഭയിൽ മുഖ്യ പ്രതിപക്ഷ പദവിയും പാർട്ടിക്ക് അവകാശപ്പെടാനാകില്ല. യു.പിയിൽ ഒറ്റയ്‌ക്കു മത്സരിച്ച കോൺഗ്രസ് ബി.എസ്.പി-എസ്.പി വോട്ടുകളിൽ വിള്ളൽ വീഴ്‌ത്തിയത് ബി.ജെ.പിക്ക് നേട്ടമായി. 2014ൽ സമ്പൂർണ തോൽവിയടഞ്ഞ മായാവതിയുടെ ബി.എസ്.പി യു.പിയിൽ 11 സീറ്റുകളിൽ ജയിച്ചപ്പോൾ സഖ്യകക്ഷിയായ എസ്.പി അഞ്ചിലൊതുങ്ങി.
എൻ.ഡി.എ മുന്നണിയിൽ മികച്ച പ്രകടനം കാഴ്‌ചവച്ച ശിവസേന (18), ജെ.ഡി.യു (16), ലോക്‌ജൻ ശക്തി (6) പാർട്ടികൾക്കും കേന്ദ്രമന്ത്രിസഭയിൽ സ്ഥാനം ലഭിക്കും. ഡി.എം.കെ (23), തൃണമൂൽ കോൺഗ്രസ് (22), വൈ.എസ്.ആർ കോൺഗ്രസ് എന്നീ പാർട്ടികളാകും കോൺഗ്രസിനൊപ്പം പ്രതിപക്ഷത്തെ ശക്തി കേന്ദ്രങ്ങൾ.
വൻ അട്ടിമറി
ഏറ്രവും വലിയ അട്ടിമറി ഉത്തർ പ്രദേശിലെ അമേതിയിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ ബി.ജെ.പിയുടെ സ്‌മൃതി ഇറാനി വീഴ്‌ത്തിയത്. 45453 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു സ്മൃതിയുടെ വിജയം. അതേസമയം വയനാട്ടിൽ രാഹുൽ റെക്കാഡ് ഭൂരിപക്ഷത്തിൽ ജയിച്ചു.