ന്യൂഡൽഹി: പതിനേഴാം ലോക്സഭയിൽ ഇടതുപക്ഷത്തിരിക്കാൻ രാജ്യത്ത് ആകെ കിട്ടിയത് 5 അംഗങ്ങളെ മാത്രം. സി.പി.എമ്മിന് 3, സി.പി.ഐക്ക് 2.ആലപ്പുഴയിൽ നിന്ന് എ.എം. ആരിഫ്, തമിഴ്നാട്ടിൽ നിന്ന് എസ്. വെങ്കിടേശ്വൻ (മധുര), പി.ആർ. നടരാജൻ (കോയമ്പത്തൂർ) എന്നിവരാണ് സി.പി.എമ്മിന്റെ അംഗങ്ങൾ. എം. സെൽവരാജ് (നാഗപട്ടണം),സുബ്ബരായൻ .കെ (തിരുപ്പൂർ) എന്നിവരാണ് സി.പി.ഐയുടെ അംഗങ്ങൾ.
ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണിത്. ഡി.എം.കെയുമായി തമിഴ്നാട്ടിൽ സഖ്യമില്ലായിരുന്നെങ്കിൽ ആരിഫിൽ ഒതുങ്ങിയേനെ ഇന്ത്യയിലെ ഇടതുപക്ഷം. പശ്ചിമബംഗാളിലും ത്രിപുരയിലും ഭരണനഷ്ടത്തിൽ നിന്ന് ഇനിയും ഉയിർത്തെഴുന്നേൽക്കാത്ത ഇടതുപക്ഷത്തിന് ഭരണമുള്ള ഏക സംസ്ഥാനമായ കേരളത്തിലെ തിരിച്ചടി താങ്ങാനാവാത്തതായി.
വർഷങ്ങളായി ത്രിപുര ഭരിച്ച സി.പി.എം ഇത്തവണ രണ്ട് സിറ്റിംഗ് ലോക്‌സഭ മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പിയാണ് രണ്ട് സീറ്റും നേടിയത്. കോൺഗ്രസാണ് ഇരുമണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്ത്. ബീഹാറിലെ ബെഗുസാരായിയിൽ ജെ.എൻ.യു മുൻ വിദ്യാർത്ഥി നേതാവ് കനയ്യകുമാറിനും തിരിച്ചടി നേരിട്ടു. പശ്ചിമബംഗാളിൽ അടിത്തറയിളകും വിധം വോട്ടുകൾ ചോർന്നു.
2004ൽ ഇടതുപക്ഷം 61സീറ്റ് നേടിയിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം. അന്ന് സി.പി.എമ്മിന് 43. 2009ൽ ഇടതിന് 24. 2014ൽ രണ്ടു സ്വതന്ത്രരുൾപ്പെടെ 12.
പാഠങ്ങൾ ഉൾക്കൊള്ളുമെന്ന് യെച്ചൂരി
സി.പി.എമ്മിന് ലോക്‌സഭ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ കാരണങ്ങൾ പരിശോധിച്ച് പാഠങ്ങൾ ഉൾക്കൊള്ളുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
പോളിറ്റ് ബ്യൂറോ യോഗം 26, 27 തീയതികളിലും കേന്ദ്രകമ്മിറ്റി ജൂൺ ഏഴ്, എട്ട് തീയതികളിലും ചേരും. തിരഞ്ഞെടുപ്പ് ഫലം ഈ യോഗങ്ങൾ സമഗ്രമായി വിലയിരുത്തും. വൻതോതിലുള്ള വർഗീയ ചേരിതിരിവിന്റെ അന്തരീക്ഷത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ബി.ജെ.പിക്കും സഖ്യകക്ഷികൾക്കും അനുകൂലമായി ജനങ്ങൾ വിധിയെഴുതി.
ഇന്ത്യ എന്ന മതനിരപേക്ഷ രാജ്യത്തിന് നേരെ വലിയ വെല്ലുവിളികളാണ് വരുംനാളുകളിൽ ഉയരുക. രാജ്യത്തിന്റെ ഐക്യം സംരക്ഷിക്കാൻ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും യെച്ചൂരി പറഞ്ഞു.