jagan

ന്യൂഡൽഹി: പ്രതിപക്ഷ ഐക്യത്തിന് നേതൃത്വം നൽകിയ ചന്ദ്ര ബാബു നായിഡുവിന്റെ തെലുങ്കു ദേശത്തെ പുറത്താക്കി ആന്ധ്രാപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ജഗൻമോഹൻ റെഡ്‌ഡിയുടെ വൈ.എസ്. ആർ. കോൺഗ്രസ് 149 സീറ്റു നേടി അധികാരത്തിലേക്ക്. ഒഡീഷയിൽ നവീൻ പട്‌നായിക്കിന്റെ ബി.ജെ.ഡി അധികാരം നിലനിറുത്തി. അരുണാചൽ പ്രദേശിൽ പ്രേമഖണ്ഡുവിന്റെ നേതൃത്വത്തിൽ ഭരണകക്ഷിയായ ബി.ജെ.പി ലീഡു ചെയ്യുന്നു. 32 അംഗ സിക്കിം നിയമസഭയിൽ ഭരണകക്ഷിയായ എസ്.ഡി.എഫും പ്രതിപക്ഷമായ എസ്.കെ. എമ്മും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്.

ആന്ധ്രയിൽ 175 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ശക്തമായ ഭരണവിരുദ്ധ തരംഗത്തിൽ ൽ അടിതെറ്റിയ നിലവിലെ ഭരണകക്ഷിയായ തെലുങ്കു ദേശം 25 സീറ്റിലൊതുങ്ങി. തെലുങ്കാന രൂപീകരണത്തിന് ശേഷം നടന്ന 2014ലെ തിരഞ്ഞെടുപ്പിൽ 117 സീറ്റു നേടിയാണ് ചന്ദ്രബാബു നായിഡു അധികാരമേറ്റത്. കോൺഗ്രസിനും ബി.ജെ.പിക്കും നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. ശക്‌തമായ ഭരണ. വിരുദ്ധ തരംഗവും ബി.ജെ.പിയുടെ വെല്ലുവിളിയും അതിജീവിച്ചാണ് നവീൻ പട്‌നായിക് അഞ്ചാം തവണയും ഒഡീഷയിൽ മുഖ്യമന്ത്രിയാകുന്നത്. 146 അംഗ നിയമസഭയിൽ ബി.ജെ.ഡി 114 സീറ്റു നേടിയപ്പോൾ ബി.ജെ.പി 22 സീറ്റുമായി സംസ്ഥാനത്ത് സ്വാധീനം വ്യക്തമാക്കി. 60 അംഗ അരുണാചൽ പ്രദേശ് നിയമസഭയിൽ ഫലം ലഭ്യമായ 43 സീറ്റുകളിൽ 28 എണ്ണത്തിൽ ബി.ജെ.പി മുന്നിലാണ്. സഖ്യകക്ഷിയായ ജെ.ഡി.യു ഏഴു സീറ്റിൽ ലീഡു ചെയ്യുന്നു.