ന്യൂഡൽഹി:ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന് ഡൽഹിയിൽ. രാവിലെ 11 മണിക്കു ചേരുന്ന യോഗത്തിൽ കോൺഗ്രസ് മുൻ അദ്ധ്യക്ഷ സോണിയാ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് തുടങ്ങി മുതിർന്ന നേതാക്കൾ പങ്കെടുക്കും. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ രാജിസന്നദ്ധതയും രാഹുലിന്റെ അമേതിയിലെ പരാജയവും പ്രധാന ചർച്ചാ വിഷയങ്ങളാകും. കർണാടക ഭരണം കൈവിട്ടുപോകാതിരിക്കാനുള്ള തന്ത്രവും യോഗം ചർച്ച ചെയ്യും.
പ്രതീക്ഷിച്ചതിലും വലിയ തിരിച്ചടിയാണ് ജനങ്ങൾ കോൺഗ്രസിനു നൽകിയതെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. കോൺഗ്രസിന്റെ ആഭ്യന്തര സർവേ പ്രകാരം യു.പി.എയ്‌ക്ക് 168, എൻ.ഡി.എയ്‌ക്ക് 256, മറ്റുളളവർക്ക് 88 എന്നിങ്ങനെയാണ് പ്രതിക്ഷിച്ചിരുന്നത്. എന്നാൽ 52 സീറ്റിൽ കോൺഗ്രസ് ഒതുങ്ങി.പല സംസ്ഥാനങ്ങളിലും സംപൂജ്യരായി.
പ്രിയങ്കാ ഗാന്ധിയെ കിഴക്കൻ യു.പിയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി രംഗത്തിറക്കിയിട്ടും നേട്ടമുണ്ടായില്ല. പ്രിയങ്കയുടെ വരവോടെ ഒൻപതു സീറ്റെങ്കിലും പ്രതീക്ഷിച്ച നേതൃത്വത്തിന് അമേതിയിൽ രാഹുലിന്റെ തോൽവിയെന്ന കനത്ത ആഘാതവും ഏറ്റുവാങ്ങേണ്ടിവന്നു. സോണിയയുടെ റായ്ബറേലി മാത്രമാണ് യു.പിയിൽ കിട്ടിയത്.
സഖ്യങ്ങൾ രൂപീകരിക്കുന്നതിലെ പരാജയവും സ്ഥാനാർത്ഥി നിർണയത്തിലും പ്രചാരണത്തിലുമുണ്ടായ പാളിച്ചകളുമാണ് കനത്ത പരാജയത്തിനു കാരണമായി നേതാക്കൾ ചൂണ്ടിക്കാണിക്കുന്നത്.
സംസ്ഥാന ഭരണം തിരിച്ചുപിടിച്ച രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തിസ്ഗഢ് എന്നിവിടങ്ങളിൽ കോൺഗ്രസ് തകർന്നടിഞ്ഞതും നേതൃത്വത്തെ ഞെട്ടിച്ചു. രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള ഭിന്നതയും, മദ്ധ്യപ്രദേശിൽ മുഖ്യമന്ത്രി കമൽ നാഥും ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള വടംവലിയുമെല്ലാം പരാജയത്തിന്റെ ആഘാതം കൂട്ടി.
കർഷക പ്രശ്‌നങ്ങൾ,തൊഴിലില്ലായ്‌മ , ഇന്ധന വിലവർദ്ധന, നോട്ട് നിരോധനം തുടങ്ങിയ വിഷയങ്ങളിലൂന്നി ഫലപ്രദമായി പ്രചാരണം മുന്നോട്ടു കൊണ്ടുപോകാനയില്ല. ജനങ്ങളെ നേരിട്ടു ബാധിക്കാത്ത റാഫേൽ വിഷയം ഉയർത്തി, കാവൽക്കാരൻ കള്ളനെന്ന മുദ്രാവാക്യം മുന്നിൽ നിറുത്തിയുള്ള നീക്കങ്ങൾ ഫലപ്രദമായില്ലെന്നും നേതാക്കൾ വിലയിരുത്തുന്നു.
കോൺഗ്രസിന് തിരിച്ചുവരണമെങ്കിൽ നേതൃതലത്തിൽ മാറ്റം അനിവാര്യമാണെന്ന് രാജസ്ഥാനിലെ മുതിർന്ന നേതാവ് പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
ആന്റണിക്കും
കെ.സിക്കും
മുതിർന്ന നേതാവ് എ.കെ ആന്റണിക്കും സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനുമെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്. സഖ്യങ്ങളുടെ ചുമതലയുണ്ടായിരുന്ന എ.കെ. ആന്റണി ഫലപ്രദമായി പ്രവർത്തിച്ചില്ലെന്നാണ് പ്രധാന ആരോപണം. സ്ഥാനാർത്ഥി നിർണയ ചുമതലയുണ്ടായിരുന്ന കെ.സി വേണുഗോപാലിന്റെ പ്രവർത്തനം കാര്യക്ഷമമായില്ല. കെ.സി വേണുഗോപാലിന് കർണാടകയുടെ ചുമതല കൂടിയുണ്ടായിരുന്നു. എന്നാൽ മല്ലികാർജ്ജുൻ ഖാർഗെ ഉൾപ്പെടെയുള്ള നേതാക്കളുടെ തോൽവിയടക്കം കനത്ത തിരിച്ചടിയാണ് അവിടെ ലഭിച്ചത്.
കേരളത്തിൽ ആലപ്പുഴ മാത്രമാണ് കോൺഗ്രസിനു നഷ്ടമായത്. സിറ്റിംഗ് എം.പി എന്ന നിലയിൽ ആ മണ്ഡലത്തിൽ പാർട്ടിയുടെ വിജയമുറപ്പിക്കുകയെന്ന ഉത്തരവാദിത്വം വേണുഗോപാലിന്റെ കൂടിയായിരുന്നുവെന്നും അതിനായി ഫലപ്രദമായി ഇടപെട്ടില്ലെന്നും നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു.
അദ്ധ്യക്ഷന്മാർ
രാജിക്ക്
കനത്ത തോൽവിയെ തുടർന്ന് യു.പി കോൺഗ്രസ് അദ്ധ്യക്ഷൻ രാജ് ബബ്ബർ, ഒഡിഷയിലെ അദ്ധ്യക്ഷൻ നിരഞ്ജൻ പട്നായിക്ക്, കർണാടക കാമ്പെയ്ൻ മാനേജർ എച്ച്.കെ. പാട്ടീൽ എന്നിവർ കോൺഗ്രസ് അദ്ധ്യക്ഷന് രാജിക്കത്ത് കൈമാറിയിട്ടുണ്ട്. രാഹുലിന്റെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അമേതിയിലെ കോൺഗ്രസ് അദ്ധ്യക്ഷൻ യോഗേന്ദ്ര മിശ്രയും രാജി നൽകിയിട്ടുണ്ട്.