പതിനാറാം ലോക്‌സഭ പിരിച്ചുവിട്ടു
മന്ത്രിസഭാ രൂപീകരണ ചർച്ച തകൃതി
ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിൽ ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ സുപ്രധാന പദവിയിൽ രണ്ടാമനാകുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കെ, പുതിയ സർക്കാർ രൂപീകരണത്തിന് മുന്നോടിയായി പതിനാറാം ലോക്‌സഭ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പിരിച്ചുവിട്ടു. പതിനേഴാം ലോക്‌സഭ ജൂൺ 3നകം നിലവിൽവരും.
പ്രധാനമന്ത്രി നരേന്ദ്രമോദിയും മന്ത്രിമാരും ഇന്നലെ രാഷ്ട്രപതി ഭവനിലെത്തി രാജി സമർപ്പിച്ചു. പുതിയ സർക്കാർ അധികാരമേൽക്കും വരെ കാവൽ മന്ത്രിസഭയായി തുടരും.
ഇന്നലെ മോദിയും അമിത്ഷായും പാർട്ടി സ്ഥാപക നേതാക്കളായ എൽ.കെ അദ്വാനിയെയും മുരളീമനോഹർ ജോഷിയെയും സന്ദർശിച്ചു.
പുതുമുഖങ്ങളുമായി പുതിയ സർക്കാർ രൂപീകരിക്കാനുള്ള ചർച്ചകൾ സജീവമായിട്ടുണ്ട്.
വമ്പൻ വിജയത്തിലേക്ക് പാർട്ടിയെ നയിച്ച അമിത് ഷാ ആഭ്യന്തര മന്ത്രിയായി കേന്ദ്രമന്ത്രിസഭയിലെ രണ്ടാമനാകുമെന്നാണ് അഭ്യൂഹങ്ങൾ. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അമിത് ഷാ ആഭ്യന്തര മന്ത്രിയായിരുന്നു.
രണ്ടാംമോദി മന്ത്രിസഭയിൽ അമിത് ഷാ അംഗമായാൽ ആഭ്യന്തരം, പ്രതിരോധം, വിദേശകാര്യം, ധനകാര്യം എന്നീ സുപ്രധാന വകുപ്പുകളിൽ ഒന്നായിരിക്കും വഹിക്കുകയെന്ന് ബി.ജെ.പി വൃത്തങ്ങൾ പറയുന്നു.
മുൻ പാർട്ടി അദ്ധ്യക്ഷന്മാരായ എൽ.കെ അദ്വാനി, മുരളീമനോഹർ ജോഷി, രാജ്നാഥ് സിംഗ് എന്നിവർ ആഭ്യന്തര മന്ത്രിമാരായിരുന്നിട്ടുണ്ട്.
അമിത് ഷാ ആഭ്യന്തരം എടുത്താൽ നിലവിലെ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന് പ്രതിരോധം നൽകിയേക്കും. നിർമ്മലസീതാരാമന് മറ്റേതെങ്കിലും സുപ്രധാന വകുപ്പ് നൽകുമെന്നാണ് സൂചന. സുഷമ സ്വരാജ് അനാരോഗ്യം മൂലം തിരഞ്ഞെടുപ്പിൽ മത്സരിച്ചില്ലെങ്കിലും വിദേശമന്ത്രിയായി തുടരാൻ താത്പര്യം പ്രകടിപ്പിച്ചതായും റിപ്പോർട്ടുണ്ട്.
രാഹുൽ ഗാന്ധിയെ അമേതിയിൽ തോൽപ്പിച്ച കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിക്കും നിർണായക ചുമതല ലഭിക്കും. ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് കൂറെക്കൂടി ഉയർന്ന വകുപ്പ് ആർ.എസ്.എസ് ഉറപ്പ് നൽകിയെന്ന് റിപ്പോർട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങളലട്ടുന്ന ധനമന്ത്രി അരുൺ ജെയ്റ്റ്ലി പുതിയ മന്ത്രിസഭയിൽ ഉണ്ടായേക്കില്ല. ജെയ്റ്റ്ലിയുടെ അഭാവത്തിൽ വകുപ്പ് നോക്കിയ റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ ധനമന്ത്രിയായേക്കും. അനാരോഗ്യം കാരണം ഇന്നലത്തെ മന്ത്രിസഭാ യോഗത്തിലും ജെയ്റ്റ്ലി പങ്കെടുത്തില്ല.
ബി.ജെ.പിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടെങ്കിലും പ്രധാന സഖ്യകക്ഷികൾക്കെല്ലാം മന്ത്രിമാരെ ലഭിക്കും. നിതീഷ്‌കുമാറിന്റെ ജെ.ഡി.യു, ശിവസേന, കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്റെ എൽ.ജെ.പി എന്നിവർക്കൊപ്പം ആന്ധ്രയിലെ വൈ.എസ്.ആർ കോൺഗ്രസും മന്ത്രിസഭയിൽ ഉണ്ടായേക്കും.
സത്യപ്രതിജ്ഞ മേയ് 30ന് ?
മേയ് 30നായിരിക്കും സത്യപ്രതിജ്ഞയെന്നാണ് പുതിയ റിപ്പോർട്ട്. അതിന് മുൻപ് മോദി കാശിവിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തും. ആദ്യ മോദി മന്ത്രിസഭ അധികാരമേറിയ മേയ് 26ന് ഇക്കുറിയും സത്യപ്രതിജ്ഞ നടക്കുമെന്നാണ് ബി.ജെ.പി വൃത്തങ്ങൾ നേരത്തേ സൂചിപ്പിച്ചത്.
മോദിയുടെ രണ്ടാംവരവിനെ അമേരിക്ക, റഷ്യ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങൾ സ്വാഗതം ചെയ്‌തു. 2014ൽ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഉൾപ്പെടെ സാർക്ക് നേതാക്കൾ മോദിയുടെ സത്യപ്രതിജ്ഞയ്‌ക്ക് എത്തിയിരുന്നു. ഇക്കുറി ആരാണ് എത്തുകയെന്നതും സസ്പെൻസാണ്.
മോദിയെ ഇന്ന് തിരഞ്ഞെടുക്കും
എൻ.ഡി.എ എം.പിമാരുടെ യോഗം ഇന്ന് വൈകിട്ട് 5ന് പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടക്കും. അതിന് മുൻപ് ബി.ജെ.പി എം.പിമാരുടെ യോഗവും നടക്കും. പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മോദിയെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇന്നത്തെ യോഗം ഔപചാരികമായി അദ്ദേഹത്തെ തിരഞ്ഞെടുക്കും.