ന്യൂഡൽഹി: പുതിയ രക്ഷകനില്ല: ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയുടെ ഘട്ടത്തിൽ കോൺഗ്രസിനെ നയിക്കാൻ രാഹുൽ ഗാന്ധി തന്നെ. ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അദ്ധ്യക്ഷ സ്ഥാനമൊഴിയാൻ രാഹുൽ പ്രകടിപ്പിച്ച സന്നദ്ധത കോൺഗ്രസ് പ്രവർത്തന സമിതി ഏകകണ്ഠമായി തള്ളി. തിരിച്ചടിയുടെ പശ്ചാത്തലത്തിൽ പാർട്ടിയിൽ സമഗ്ര അഴിച്ചുപണിക്ക് പ്രവർത്തക സമിതി രാഹുലിനെത്തന്നെ ചുമതലപ്പെടുത്തി.
അപ്രതീക്ഷിതമായി ഏല്ക്കേണ്ടിവന്ന വലിയ പരാജയമുയർത്തുന്ന വെല്ലുവിളിയുടെ ഘട്ടത്തിൽ പാർട്ടിക്ക് നേതൃത്വം നൽകാനും, വഴികാട്ടാനും അദ്ധ്യക്ഷപദവിയിൽ രാഹുലിന്റെ സാന്നിദ്ധ്യം അനിവാര്യമെന്ന് വിലയിരുത്തിയാണ് മൂന്നു മണിക്കൂർ നീണ്ട പ്രവർത്തക സമിതി യോഗം രാഹുലിന്റെ രാജിസന്നദ്ധത തള്ളിയത്. പരാജയത്തെക്കുറിച്ച് ആഴത്തിൽ പരിശോധിക്കുമെന്ന് സമിതി പാസാക്കിയ പ്രമേയത്തിൽ പരാമർശമുണ്ടെങ്കിലും, അതിന് പ്രത്യേക സമിതിയെ നിയോഗിക്കണോ എന്ന് തീരുമാനിച്ചിട്ടില്ല.
ജനങ്ങളുടെ ഭൂരിപക്ഷ തീരുമാനം അംഗീകരിക്കുന്നു. എന്നാൽ, യുവജനങ്ങൾ, കർഷകർ, പിന്നാക്കവിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ തുടങ്ങി എല്ലാ വിഭാഗങ്ങളുടെയും പ്രശ്നങ്ങൾ എറ്റെടുത്ത് മുന്നോട്ടു പോകാൻ രാഹുലിന്റെ നേതൃത്വം പാർട്ടിക്ക് അനിവാര്യമാണ്. കോൺഗ്രസ് ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും ഇന്നലെ രാവിലെ എ.ഐ.സി.സി ആസ്ഥാനത്തു ചേർന്ന യോഗം വ്യക്തമാക്കി.
രാഹുൽഗാന്ധിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, എ.കെ. ആന്റണി, ഗുലാംനബി ആസാദ്, സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി തുടങ്ങിയവർ പങ്കെടുത്തു.
പ്രവർത്തക സമിതി യോഗം ആരംഭിച്ചപ്പോൾത്തന്നെ, താൻ രാജിക്കു തയ്യാറാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞെങ്കിലും, രാജി വയ്ക്കരുതെന്ന് അംഗങ്ങൾ ഒരേസ്വരത്തിൽ ആവശ്യപ്പെടുകയായിരുന്നു. പന്ത്രണ്ടു കോടി വോട്ടർമാരുടെ പിന്തുണയും. കേരളം, പഞ്ചാബ്, തമിഴ്നാട് എന്നിവിടങ്ങളിൽ പാർട്ടിക്കു കൈവന്ന വിജയവും മുതിർന്ന നേതാക്കൾ ചൂണ്ടിക്കാട്ടി. ഒരു സാധാരണ പ്രവർത്തകനായി തുടരാനാണ് ആഗ്രഹമെന്ന് രാഹുൽ വീണ്ടും നിലപാടെടുത്തെങ്കിലും ഇതു തള്ളി പ്രവർത്തക സമിതി പ്രമേയം പാസാക്കുകയായിരുന്നു.
തിരുത്തൽ നടപടികൾ തീരുമാനിക്കാൻ രാഹുൽ ഗാന്ധിക്ക് പൂർണ അധികാരം നൽകിയതായി പ്രവർത്തകസമിതി യോഗത്തിനു ശേഷം മാദ്ധ്യമങ്ങളെ കണ്ട എ.കെ ആന്റണി, ഗുലാംനബി ആസാദ്, കെ.സി. വേണുഗോപാൽ, വക്താവ് രൺദീപ്സിംഗ് സുർജേവാല എന്നിവർ പറഞ്ഞു. കോൺഗ്രസ് അധികാരത്തിലുള്ള സംസ്ഥാനങ്ങളിൽപ്പോലും കനത്ത തിരിച്ചടിയേറ്റത് ഗൗരവപൂർവം പരിശോധിക്കും. കാവൽക്കാരൻ കള്ളനെന്ന മോദിക്കെതിരായ മുദ്രാവാക്യം തിരിച്ചടിയായില്ല. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ഉന്നയിച്ച വിഷയങ്ങളുമായി മുന്നോട്ടുപോകുമെന്നും നേതാക്കൾ വ്യക്തമാക്കി.
ഇന്ധന വിലവർധന, തൊഴിലില്ലായ്മ, വരൾച്ച ബാധിത സംസ്ഥാനങ്ങളിലെ കർഷക ദുരിതം എന്നീ പ്രശ്നങ്ങളെ പുതിയ സർക്കാർ അടിയന്തരമായി പരിഗണിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.
രാഹുൽ ഗാന്ധിക്കു പുറമേ സംസ്ഥാന മുഖ്യമന്ത്രിമാരോ എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരോ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് രാഹുലിന്റെ തന്നെ രാജി പ്രവർത്തക സമിതി ഏകകണ്ഠമായി എതിർത്തു എന്നായിരുന്നു ഗുലാംനബി ആസാദിന്റെ മറുപടി. രാജിയിൽ രാഹുൽ ഗാന്ധി ഉറച്ചുനിൽക്കുകയാണെന്ന റിപ്പോർട്ടുകൾ എ.ഐ.സി.സി വൃത്തങ്ങൾ തള്ളി.
കോൺഗ്രസിന്റെ ഇപ്പോഴത്തെ പരാജയത്തെ ഒരു ദുരന്തമായി വിശേഷിപ്പിക്കാനാകില്ല. 2014-നേക്കാൾ മുന്നേറ്റമുണ്ടായി. പരാജയത്തിന്റെ കാരണങ്ങൾ വിശദമായി പരിശോധിക്കും.പ്രവർത്തക സമിതി വിശദാംശങ്ങളിലേക്കു കടന്നിട്ടില്ല. പിഴവുകൾ പരിശോധിച്ച് പരിഹാര മാർഗങ്ങളിലേക്കു കടക്കും.
- എ.കെ. ആൻറണി