ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വൈ.എസ്.ആർ കോൺഗ്രസ് നേതാവും ആന്ധ്രപ്രദേശ് നിയുക്ത മുഖ്യമന്ത്രിയുമായ ജഗൻമോഹൻ റെഡ്ഡി കൂടിക്കാഴ്ച നടത്തി. മേയ് 30ന് വിജയവാഡയിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് അദ്ദേഹം മോദിയെ ക്ഷണിച്ചു. ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായെയും ജഗൻ കണ്ടു. ആന്ധ്രയേക്കുള്ള പ്രത്യേക സംസ്ഥാനപദവി , കൂടുതൽകേന്ദ്രസഹായം തുടങ്ങിയ വിഷയങ്ങളാണ് ചർച്ചയായത്. ആന്ധ്രപ്രദേശിന്റെ വികസനത്തിനായി സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മോദി ട്വീറ്റ് ചെയ്തു.
സംസ്ഥാനപദവിയെ മുൻനിറുത്തിയായിരുന്നു ജഗന്റെ പ്രധാന പ്രചാരണം. സംസ്ഥാന പദവി നൽകുന്ന ആർക്കും കേന്ദ്രത്തിൽ പിന്തുണ നൽകുമെന്നും പ്രചാരണത്തിനിടെ നിലപാട് വ്യക്തമാക്കിയിരുന്നു.പ്രത്യേക പദവി ആവശ്യം പലതവണ മോദി സർക്കാർ നിരസിച്ചതിന് തുടർന്നാണ് എൻ.ഡി.എയിൽ നിന്ന് ടി.ഡി.പി നേതാവ് ചന്ദ്രബാബുനായിഡു പുറത്തുപോയത്. ടി.ഡി.പിയെ അട്ടിമറിച്ചാണ് ജഗൻ ആന്ധ്രയിൽ അധികാരം പിടിച്ചത്. നിലവിൽ എൻ.ഡി.എ യുടെ ഘടകക്ഷിയല്ലെങ്കിലും വൈ.എസ്.ആറിന് എൻ.ഡി.എ സർക്കാരിൽ പ്രാതിനിധ്യം ഉണ്ടാകുമെന്ന സൂചനകൾ ശക്തമായി ഉയരുന്നതിനിടെയാണ് കൂടിക്കാഴ്ച.
.