rajeev-kumar

ന്യൂഡൽഹി: ശാരദ ചിട്ടിതട്ടിപ്പ് കേസിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ വിശ്വസ്തനും മുൻ കൊൽക്കത്ത പൊലീസ് കമ്മിഷണറുമായിരുന്ന രാജീവ്കുമാറിനെതിരെ സി.ബി.ഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. രാജീവ്കുമാർ രാജ്യം വിടുന്നത് തടയാനും അത്തരം നീക്കങ്ങളെക്കുറിച്ച് അറിയിക്കാനും വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും എമിഗ്രേഷൻ വിഭാഗത്തിന് സി.ബി.ഐ നിർദ്ദേശം നൽകി. സുപ്രീംകോടതി അനുവദിച്ച സമയപരിധി കഴിഞ്ഞതിനാൽ ഏത് ദിവസവും രാജീവ്കുമാറിനെ അറസ്റ്റ് ചെയ്തേക്കും.


രാജീവ്കുമാറിന്റെ അറസ്റ്റ് വിലക്കിയ ഫെബ്രുവരി 5ലെ ഇടക്കാല ഉത്തരവ് സുപ്രീംകോടതി മേയ് 17ന് നീക്കിയിരുന്നു. ജാമ്യത്തിന് കൊൽക്കത്ത കോടതിയെ സമീപിക്കാൻ ഒരാഴ്ച സമയവും അനുവദിച്ചിരുന്നു. എന്നാൽ പശ്ചിമബംഗാളിലെ അഭിഭാഷക സമരം മൂലം കോടതികളുടെ പ്രവർത്തനം തടസപ്പെട്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി അറസ്റ്റ് വിലക്കിയുള്ള ഉത്തരവ് നീട്ടിക്കിട്ടാൻ രാജീവ്കുമാർ സുപ്രീംകോടതിയെ വീണ്ടും സമീപിച്ചെങ്കിലും വ്യാഴാഴ്ച ഹർജി തള്ളി. ഇതോടെയാണ് സി.ബി.ഐ രാജീവ്കുമാറിനെതിരായ നടപടികൾ വേഗത്തിലാക്കിയത്.


2000 കോടിയുടെ ചിട്ടി തട്ടിപ്പ് കേസിൽ തൃണമൂൽ നേതാക്കൾക്കെതിരെയുള്ള തെളിവുകൾ മുൻ അന്വേഷണ ഉദ്യോഗസ്ഥനായ രാജീവ്കുമാർ നശിപ്പിച്ചെന്നും ചിലതിൽ കൃത്രിമം കാട്ടിയെന്നുമാണ് ആരോപണം. ഫെബ്രുവരിയിൽ രാജീവ്കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ ബംഗാൾ പൊലീസ് കസ്റ്റഡിയിലെടുത്തത് കേന്ദ്രവും മമതയും തമ്മിലുള്ള തുറന്ന ഏറ്റുമുട്ടലിന് വഴിവച്ചിരുന്നു. തുടർന്ന് സി.ബി.ഐ സുപ്രീംകോടതിയെ സമീപിച്ചു. രാജീവ്കുമാർ ചോദ്യം ചെയ്യലിനായി സി.ബി.ഐക്ക് മുന്നിൽ ഹാജരാകാൻ കോടതി ഉത്തരവിട്ടെങ്കിലും അറസ്റ്റ് വിലക്കി. മേഘാലയയിലെ ഷില്ലോംഗിൽ സി.ബി.ഐ രാജീവ്കുമാറിനെ ചോദ്യംചെയ്തു.

അന്വേഷണവുമായി രാജീവ്കുമാർ സഹകരിക്കാത്തതിനാൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനായി സി.ബി.ഐ വീണ്ടും സുപ്രീംകോടതിയിൽ നൽകിയ ഹർജിയിലാണ് അറസ്റ്റ് വിലക്കിയുള്ള ഉത്തരവ് നീക്കിയത്.

 ''കൊൽക്കത്തയിലെ ഒളിഞ്ഞു നോട്ടക്കാരൻ"

1989 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ രാജീവ്കുമാർ 2016ലാണ് കൊൽക്കത്ത പോലീസ് കമ്മീഷണർ ആയി ചുമതലയേൽക്കുന്നത്. സുരജിത്കർ പുരകായസ്ഥയിൽ പൊലീസ് കമ്മീഷണറായി ചുമതലയേറ്റ് വൈകാതെ കൊൽക്കത്തയിലെ സി.ഐ.ഡി. വകുപ്പിലേക്ക് മാറി. യൂണിവേഴ്സിറ്റി ഒഫ് റൂർക്കിയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയ രാജീവ് ഒരു ടെക് വിദഗ്ദനെന്ന നിലയിലും പേരെടുത്തിരുന്നു. മമത തന്റെ രാഷ്ട്രീയ എതിരാളികളെ നേരിടാനായി ഫോൺ ചോർത്താൻ രാജീവ് കുമാറിനെ നിയോഗിച്ചതായി ആരോപണമുണ്ടായിരുന്നു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ പൊട്ടിപ്പുറപ്പെട്ട ഈ വിവാദം തൃണമൂൽ കോൺഗ്രസ് സർക്കാരിന് ചില്ലറ തലവേദനകൾ അല്ല സൃഷ്ടിച്ചത്.

''കൊൽക്കത്തയിലെ ഒളിഞ്ഞു നോട്ടക്കാരനായ പോലീസുകാരനാ"യാണ് അന്ന് ബംഗാൾ സന്ദർശിച്ച ബി.ജെ.പി. അദ്ധ്യക്ഷൻ അമിത് ഷാ രാജീവിനെ വിശേഷിപ്പിച്ചത്.